മരപ്പൊത്തിലിരുന്നു 'മമ്മി'യായി മാറിയ നായ

ആയിരക്കണക്കിന് വര്‍ഷങ്ങൾ കഴിഞ്ഞിട്ടും അഴുകാതെ തുടരുന്ന ഈജിപ്തില്‍ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളാണ് മമ്മികള്‍. പ്രത്യേക രീതിയിൽ അടക്കം ചെയ്തതാണ് ഈ മൃതദേഹങ്ങൾ കേടുകൂടാതിരിക്കാൻ കാരണം. എന്നാൽ സ്വാഭാവികമായി ഇങ്ങനെ അഴുകാതെ സംരക്ഷിക്കപ്പെട്ട ഒരു നായയുടെ മൃതദേഹം കൂടിയുണ്ട്. അമേരിക്കയിലെ ജോർജിയയിലുള്ള ഒരു തടിമ്യൂസിയത്തിലാണ് ഈ നായയയുടെ മമ്മിയെ കാണാനാകുക. ഒരു മരത്തിനുള്ളില്‍ കുടുങ്ങിയ നിലയിലാണ് നായയെ കാണാനാകുക.

ഏതാണ്ട് അറുപതോളം വര്‍ഷം പഴക്കമുള്ളതാകും ഇതെന്നാണ് വിശ്വസിക്കുന്നത്. ഏതെങ്കിലും ജീവിയുടെയോ ഇരയുടെയോ പുറകേയോടിയ നായ മരപ്പൊത്തില്‍ അകപ്പെട്ടതാകാം. ഓക് മരത്തിനകത്തെ ആഴമുള്ള പൊത്തില്‍ തിരിച്ചു കയറാനാകാത്ത വിധം കുടുങ്ങിപ്പോയ നായ അവിടെയിരുന്നു ചത്തു. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ പൊത്തിന്റെ മുകളില്‍ പുതിയ ചില്ലകള്‍ വളരുകയും അവയ്ക്ക് വലിപ്പം വയ്ക്കുകയും ചെയ്തു.

ഇരുപത് വര്‍ഷത്തിനു ശേഷം ഓക്ക് മരം വെട്ടിയ മരം വെട്ടുകാരാണ് പിന്നീട് നായയെ കാണ്ടെത്തുന്നത്. ഒട്ടും അഴുകാതെ വരണ്ട നിലയിലായിരുന്നു നായയുടെ മൃതദേഹം . മരം വെട്ടിപ്പൊളിക്കാതെ മരക്കൊമ്പ് അതേ പോലെ മുറിച്ചെടുത്ത ഇവര്‍ പിന്നീടിത് മ്യൂസിയത്തിനു കൈമാറി. നായയുടെ മൃതദേഹം അഴുകാതിരുന്നതിന്റെ രഹസ്യം ഗവേഷകര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്.

മരത്തിന്റെ പൊത്തിൽ നേരിട്ടോ മഴ മൂലമോ മറ്റേതെങ്കിലും രീതിയിലോ വെള്ളം കയറുന്ന നിലയിലല്ലായിരുന്നു. അതുകൊണ്ടു തന്നെ പൊത്തിന്റെ ഉള്‍വശം പൂര്‍ണ്ണമായും വരണ്ടതായിരുന്നു. ഇത് ജഢം ജീര്‍ണ്ണിക്കാതെ സഹായിച്ചു. നായയുടെ ജഢത്തില്‍ നിന്നുള്ള മണം പൊത്തിലൂടെ ഉയരത്തിലേക്കു പോയതിനാല്‍ ശവം തിന്നാറുള്ള ചെറു കീടങ്ങളും ഇവിടേക്കെത്തിയില്ല. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം നായ ചെന്നെത്തിയത് ഓക്ക് മരത്തിലായിരുന്നു എന്നത് തന്നെയാണ്.

കാരണം ഓക്ക് മരം ടാനിക് ആസിഡ് ഉത്പാദിപ്പിക്കുന്ന മരം ആണ്. ഈ ആസിഡ് സാധനങ്ങള്‍ ഉണക്കി സൂക്ഷിക്കാന്‍ സഹായിക്കുന്നവയാണ്. ടാനിക് ആസിഡ് നായുടെ ശരീരത്തിലെ ഈര്‍പ്പം വലിച്ചെടുക്കുകയും തൊലി കട്ടിയുള്ളതാക്കി സൂക്ഷിക്കുകയും ചെയ്തു. സാഹചര്യങ്ങളെല്ലാം ഒത്തു വന്നതോടെ നായ മരപ്പൊത്തിലിരുന്നു മമ്മിയായി മാറുകയും ചെയ്തു.

മ്യൂസിയത്തിലെത്തി ഇരുപതോളം വര്‍ഷം നായയ്ക്ക് പ്രത്യേകിച്ച് പേരൊന്നും നല്‍കിയിരുന്നില്ല. മമ്മിഫൈഡ് ഡോഗ് അഥവാ മമ്മിയാക്കപ്പെട്ട നായ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 2002ല്‍ നായക്ക് ഒരു പേരു നല്‍കാന്‍ മ്യൂസിയം അധികൃതര്‍ തീരുമാനിച്ചു. സ്റ്റക്കീ എന്നാണ് അന്നു മുതല്‍ ഈ നായ അറിയപ്പെടുന്നത്.