പട്ടാളക്കാര്‍ക്ക് നല്‍കുന്ന പരിശീലനം കഠിനമായിരിക്കും. അത് ലോകത്തിലെ ഏത് രാജ്യത്തിന്റെ സൈന്യമായാലും പരിശീലനം ലളിതമാകാന്‍ സാധ്യതയില്ല. എന്നാല്‍ തായ്‌ലൻഡിൽ പോയി ചില അമേരിക്കന്‍ സൈനികർ നടത്തിയ പരിശീലനം കണ്ടാല്‍ ഇതൽപം കടുത്തു പോയില്ലെയെന്ന് ആരും ചോദിച്ചു പോകും. ചിലര്‍ അറപ്പു കൊണ്ട് മുഖം തിരിച്ചെന്നും വരാം. കൊടുംകാട്ടില്‍ അതീജിവിക്കാനായി പാമ്പിന്റെ തല വെട്ടി ചോര കുടിക്കുന്നതു വരെ ഇവരുടെ പരിശീലനത്തില്‍ ഉള്‍പ്പെട്ടിരുന്നു.
അമേരിക്കന്‍ സൈനികരില്‍ തിരഞ്ഞെടുക്കപ്പെട്ടവരെയാണ് തായ്‌ലൻഡില്‍ പരിശീലനത്തിനയച്ചത്. ഒപ്പം ദക്ഷിണകൊറിയൻ സൈനികരും പരിശീലനത്തിനെത്തിയിരുന്നു. രണ്ട് രാജ്യങ്ങള്‍ക്കുമുള്ളത് ലോകത്തെ എണ്ണം പറഞ്ഞ സൈനിക ശക്തിയാണ്. അതു കൊണ്ടു തന്നെ ഇരു രാജ്യങ്ങളും ചേര്‍ന്ന് സംയുക്ത പരിശീലനം നടത്തുമ്പോള്‍ അത് അതികഠിനം തന്നെയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. വനത്തിനകത്ത് ഒറ്റപ്പെട്ടു പോയാല്‍ അതിജീവനത്തിനുള്ള വഴികളില്‍ ഒന്നായാണ് പാമ്പിനെ കൊന്നു ചോര കുടിക്കുക എന്ന മാര്‍ഗ്ഗം തായ്‌ലൻഡ് സൈനികര്‍ പരിശീലിക്കുന്നത്. ഈ മാർഗമാണ് അമേരിക്കന്‍ സൈനികര്‍ക്കും ദക്ഷിണ കൊറിയന്‍ സൈനികര്‍ക്കും ഇവര്‍ പകര്‍ന്നു കൊടുത്തത്.
ഈ സംയുക്ത പരിശീലനത്തിലെ പാമ്പിന്റെ ചോര കുടിക്കുന്ന രംഗങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. പത്തി വിടര്‍ത്തി ആക്രമിക്കാനൊരുങ്ങി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതു മുതലുള്ള കാര്യങ്ങള്‍ പരിശീലനത്തിന്റെ ഭാഗമായി വിവരിച്ചു നല്‍കുന്നുണ്ട്. ഏറ്റവും ഒടുവിലാണ് ഒരു പാമ്പിന്റെ തല വെട്ടിയ ശേഷം അതിന്റെ ചോര സൈനികരുടെ വായിലേക്ക് ഇറ്റിച്ചു നല്‍കുന്നത്. മത്സ്യത്തിന്റെ സ്വാദായിരുന്നു പാമ്പിന്റെ ചോരയ്ക്കെന്നാണ് ഇവരില്‍ ഒരാള്‍ പ്രതികരിച്ചത്. തേളിനെ ജീവനോടെ ചവച്ചരച്ചു കഴിക്കുന്നതിന്റെയും പാമ്പിനെ ചുട്ടു തിന്നുന്നതിന്റെയും മൂർഖൻ പാമ്പിനെ സൈനികർ ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതോടൊപ്പം കാണാൻ സാധിക്കും. നൂറുകണക്കിനാളുകളാണ് സൈനികരുടെ പ്രകടനം കാണാൻ തടിച്ചു കൂടിയിരുന്നത്.