കോഴിക്കോട് ചാലപ്പുറത്തെ ഇളമ്പിലാശ്ശേരി പറമ്പിൽ നൂറ്റാണ്ടുകളായി തലയുയർത്തി നിൽക്കുന്ന കാഞ്ഞിരമരം കാണാൻ പീച്ചി കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞരെത്തി. ഏറെക്കാലമായി ആവാസവ്യവസ്ഥയ്ക്ക് മുതൽക്കൂട്ടായ വൃക്ഷത്തെ തദ്ദേശവാസികളുടെ സഹായത്തോടെ സംരക്ഷിക്കുന്നതിനുള്ള സാധ്യതകളാണ് സംഘം പരിശോധിച്ചത്. പടർന്നു പന്തലിച്ചു നിൽക്കുന്ന കാഞ്ഞിരത്തിനെ പുണർന്നു വളരുന്ന 20 വർഷമെങ്കിലും പ്രായമുള്ള അത്തിമരവുമുണ്ട്. കാഞ്ഞിരത്തിന്റെയും അത്തിയുടെയും വേരുകളടക്കം കെട്ടുപിണഞ്ഞ അവസ്ഥയിലാണ്.
95 അടിയെങ്കിലും ഉയരമുള്ള കാഞ്ഞിരത്തിന്റെയുള്ളിൽ വലിയ പോടും രൂപപ്പെട്ടിട്ടുണ്ട്. ഉടമസ്ഥർ സമ്മതം നൽകിയാൽ മരത്തെ സംരക്ഷിക്കാനുള്ള സാങ്കേതിക സഹായം ലഭ്യമാക്കാമെന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.കെ.വി. മുഹമ്മദ് കുഞ്ഞി പറഞ്ഞു. അപകടാവസ്ഥയൊഴിവാക്കാനായി ശിഖരങ്ങൾ മുറിക്കാവുന്നതാണ്. സുരക്ഷയ്ക്കായി മരത്തിനുചുറ്റും തറകെട്ടുന്നതും ആലോചിക്കാം. അത്തിയും കാഞ്ഞിരവുമായുള്ള സഹവാസം അപൂർവമാണ്. മരത്തോടു ചേർന്നു വിശാലമായ ആവാസവ്യവസ്ഥ രൂപപ്പെട്ടിട്ടുണ്ട്.
അത് തകരാതെ നിലനിർത്തുന്നതാണ് പരിസ്ഥിതിക്കു നല്ലതെന്നും പറഞ്ഞു. 1000 വർഷമെങ്കിലും പഴക്കമുണ്ടെന്നു പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും മരത്തിന്റെ പ്രായം കണക്കാക്കുന്നത് കഠിനമാണെന്ന് ശാസ്ത്രജ്ഞരായ ഡോ. വി.ബി.ശ്രീകുമാറും ഡോ. ജി.ഇ.മല്ലികാർജുന സ്വാമിയും പറഞ്ഞു. തടിയിലെ വളർച്ചാ വളയങ്ങൾ (ഗ്രോത്ത് റിങ്സ് ) എണ്ണി പ്രായം തിട്ടപ്പെടുത്താമെങ്കിലും വളരെ സങ്കീർണമായ ഘടനയാണ് നിലവിൽ തടിക്കുള്ളതെന്നും പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരായ പ്രഫ. ടി.ശോഭീന്ദ്രൻ, എം.എ.ജോൺസൺ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ഇളമ്പിലാശ്ശേരി പറമ്പ് സി.ധനീഷിന്റെ വീടിനുസമീപത്താണ് മരം നിൽക്കുന്നത്.