പ്രശസ്തമാണ് യുഎസിലെ അർക്കൻസയിലുള്ള ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്ക്. ഏകദേശം 37.5 ഏക്കർ ചുമ്മാ പരന്നു കിടക്കുന്ന പ്രദേശം. പക്ഷേ ഇവിടത്തെ മണ്‍തരികൾക്കിടയിൽ ഒളിച്ചിരിക്കുന്നത് കോടികൾ വിലവരുന്ന വജ്രക്കല്ലുകളാണ്. ഒരു അഗ്നിപർവത്തിന്റെ വിള്ളലിലൂടെ പുറത്തേക്കു വന്ന വജ്രക്കല്ലുകളാണ് ഇവയെന്നാണു കരുതുന്നത്. 1906 മുതൽ ഇവിടെ നിന്ന് ഇതുവരെ പലപ്പോഴായി ലഭിച്ചിട്ടുള്ളത് 75,000ത്തിലേറെ വജ്രക്കല്ലുകളാണ്. ആദ്യം ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഈ സ്ഥലം പിന്നീട് സര്‍ക്കാർ വാങ്ങി പാർക്കാക്കി മാറ്റി. അതിനാൽത്തന്നെ പൊതുജനങ്ങൾക്ക് കയറിച്ചെല്ലാവുന്ന, വജ്രമുള്ള മേഖലകളിൽ ലോകത്തുള്ള ഒരേയൊരെണ്ണമാണ് അർക്കന്‍സയിലേത്.
ഭാഗ്യപരീക്ഷണത്തിന് ഇവിടെയെത്തുന്നവരും ഏറെ. അടുത്തിടെ കൊളറാഡോയിൽ നിന്നുള്ള എഴുപത്തിയൊന്നുകാരിയും ഭർത്താവും മകനും മൂന്നു പേരക്കുട്ടികളും പാർക്കിലെത്തിയത് വജ്രം തേടിത്തന്നെയായിരുന്നു. മണ്ണിനടിയിൽ വജ്രമുണ്ടെന്ന ഉറപ്പിൽ, കൂർത്ത ഒരു പാറക്കഷണം കൊണ്ടു മണ്ണിളക്കിയായിരുന്നു ആ വയോധിക നടന്നത്. അതിനിടെ നിലത്ത് തിളങ്ങുന്ന എന്തോ കിടക്കുന്നു. നോക്കുമ്പോൾ ഒരു ഗ്ലാസ് കഷണം. വജ്രം എന്തായാലും അങ്ങനെ ‘ഇതാ ഞാനിവിടെക്കിടക്കുന്നു’ എന്ന മട്ടിൽ ഒരിക്കലും പാർക്കിൽ നിന്നു കിട്ടില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. എങ്കിലും കാഴ്ചയിലെ കൗതുകം കാരണം അതു മകനു കൊടുത്തു. പുള്ളിക്കാരൻ അതു കീശയിലുമിട്ടു.
ഏറെ പരതിയിട്ടും ഒരു വജ്രം പോലും ലഭിക്കാതെയാണ് അന്നവർ പുറത്തേക്കിറങ്ങിയത്. പാർക്കിന്റെ വിസിറ്റേഴ്സ് സെന്ററിലെത്തി ആ ഗ്ലാസ് കഷണം പരിശോധനയ്ക്കു കൊടുത്തപ്പോൾ പക്ഷേ അവർ ഞെട്ടിപ്പോയി. ഏകദേശം 2.63 കാരറ്റുള്ള ഒന്നാന്തരം വജ്രമായിരുന്നു അത്! പാർക്കിൽ നിന്ന് ഈ വർഷം ഇതുവരെ ലഭിച്ച ഏറ്റവും വലിയ വജ്രക്കല്ല്. ഈ വർഷം ആകെ 256 വജ്രക്കല്ലുകളാണ് ലഭിച്ചിട്ടുള്ളത്. അതിൽ അഞ്ചെണ്ണം ഒരു കാരറ്റ് വലുപ്പമുള്ളതായിരുന്നു. യുഎസിലെ വിവാഹമോതിരത്തിൽ ഉപയോഗിക്കുന്ന വജ്രത്തിന്റെ ശരാശരി ഒരു കാരറ്റാണ്. അതിൽ നിന്നു തന്നെ വ്യക്തമാണ് മൂന്നു കാരറ്റോട് അടുത്തുള്ള വജ്രത്തിന്റെ മൂല്യം.
പാർക്കിൽ നിന്നു കണ്ടെത്തിയ വജ്രങ്ങളിൽ 20 ശതമാനവും മണ്ണിനു മുകളിൽ നിന്നു ലഭിച്ചവയാണ്. പലപ്പോഴായി പാർക്കിലെ സ്ഥലം മുഴുവൻ ജീവനക്കാർ ഇളക്കിമറിച്ചിട്ടിട്ടുണ്ട്. മഴയിലും മറ്റും എളുപ്പത്തിൽ വജ്രം ഭൂമിക്കടിയിൽ നിന്നു മുകളിലേക്കു വരാനുള്ള സൗകര്യാർഥമായിരുന്നു ഇത്. വജ്രത്തിൽ മണ്ണുപറ്റാത്തതിനാൽ അവ വേർതിരിച്ചറിയാനും എളുപ്പമാണ്. മഴമാറി വെയിൽ തെളിയുമ്പോൾ ഇവ വെട്ടിത്തിളങ്ങുന്നതും കാണാം. വെള്ള, ബ്രൗൺ, മഞ്ഞ നിറങ്ങളിലുള്ള വജ്രങ്ങളാണു പാർക്കിൽ ധാരാളമായുള്ളത്. അതും പല വലുപ്പത്തിലും ആകൃതിയിലും. ഇവിടെ നിന്ന് നിശ്ചിത അളവിൽ മണ്ണ് വീട്ടിലേക്കു കൊണ്ടു പോകാനും അനുവാദമുണ്ട്. അവ പരിശോധിച്ചതിൽ നിന്നും പലർക്കും വജ്രക്കല്ല് ലഭിച്ചിട്ടുമുണ്ട്. 1924ൽ ‘അങ്കിൾ സാം’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തിക്കാണു പാർക്കിലെ ഏറ്റവും വലിയ വജ്രം ലഭിച്ചത്. ഏകദേശം 40.23 കാരറ്റായിരുന്നു അതിന്റെ ഭാരം! യുഎസിലെ തന്നെ ഏറ്റവും വലിയ വജ്രമായിരുന്നു അത്.