എട്ടു വർഷത്തോളം ഒരേ കൂട്ടിൽ ഇണപിരിയാതെ ജീവിച്ച 12 വയസ്സുകാരി സൂരി എന്ന പെൺ സിംഹം 10 വയസ്സുകാരനായ ന്യാക്കിനെ കടിച്ചു കൊന്നത് എന്തിനായിരിക്കും? ഇതിനുത്തരം തേടുകയാണ് ഇന്ത്യാനാപോളിസ് മൃഗശാലയിലെ അധികൃതർ. ഒക്ടോബർ 15ന് രാവിലെയാണ് മൃഗശാലയിൽ ദാരുണ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട ന്യാക്ക് സിംഹത്തിന്റെ 3 കുട്ടികളുടെ അമ്മ കൂടിയാണ് പെൺസിംഹമായ സൂരി.
മൃഗശാലയിൽ സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് അസ്വാഭാവികമായ ഗർജനം കേട്ടെത്തിയ ജീവനക്കാർ കണ്ടത് സൂരി ന്യാക്കിന്റെ കഴുത്തിൽ കടിച്ചു കുടയുന്നതാണ്. ജീവനക്കാർ സൂരിയുടെ പിടിയിൽ നിന്ന് ന്യാക്കിനെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സിംഹത്തിന്റെ ജീവൻ പോകുന്നത് വരെ അതേ നിലയിൽ തുടർന്നു. അനക്കമില്ലെന്ന് ബോധ്യമായപ്പോഴാണ് സൂരി പിന്മാറിയത്. വെള്ളിയാഴ്ചയാണ് മൃഗശാലാ അധികൃതർ ന്യാക്കിന്റെ മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവായിരുന്നു മരണകാരണം.
മൂന്ന് വർഷം മുൻപ് 2015ലാണ് ന്യാക്ക് –സൂരി ദമ്പതികൾക്ക് മൃഗശാലയിൽ 3 കുട്ടികൾ പിറന്നത്. നീണ്ട എട്ട് വർഷത്തിനിടയിൽ സൂരിയും ന്യാക്കും കലഹിക്കുന്നത് മൃഗശാല അധികൃതർ കണ്ടിട്ടില്ല. എന്തായാലും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മൃഗശാല അധികൃതർ.