Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറ്റില്ലത്തിലെ കൊറ്റികളുടെ രക്ഷകനായി പ്ലസ് വൺ വിദ്യാർഥി!

Panamaram heronry

അധികൃതർ കയ്യൊഴിഞ്ഞ കൊറ്റില്ലത്തിലെ കൊറ്റികളുടെ രക്ഷകനായി പ്ലസ് വൺ വിദ്യാർഥി. നീർവാരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർ്ഥിയായ ചങ്ങാടക്കടവ് നീളൻപറമ്പിൽ മുഹമ്മദ് സിയാസാണ് കൊറ്റിയടക്കമുള്ള പറവകളുടെ രക്ഷകനായി മാറിയത്.

കൊറ്റില്ലത്തിൽ മുളളിലും മറ്റും കുടുങ്ങി അപകടത്തിൽ പെടുന്ന കൊറ്റികളെ രക്ഷിച്ച് അന്നം നൽകി സംരക്ഷിക്കാലാണ് ഈ പക്ഷി സ്നേഹിയുടെ പ്രധാന പണി. സംസ്ഥാനത്ത് അറിയപ്പെടുന്നതും ഏറ്റെടുത്ത് സംരക്ഷണമൊരുക്കുമെന്ന് പറഞ്ഞ് ഒടുവിൽ നാശം നേരിടുന്നതുമായ പനമരത്തെ കൊറ്റില്ലത്തിലെ കൊറ്റികളുടെ രക്ഷകനായി മുഹമ്മദ് മാറിയിട്ട് വർഷങ്ങളായി. 

കൊറ്റികളെ രക്ഷിക്കുന്നതിന് 4 വശവും പുഴയാൽ ചുറ്റപ്പെട്ട കൊറ്റില്ലത്തിൽ എത്തിച്ചേരാൻ ഒരു കൊട്ടത്തോണി തന്നെ സ്വന്തമായി വാങ്ങുകയും ചെയ്തു. ഇതിന് പണം കണ്ടെത്തിയത് പത്രം വിതരണം ചെയ്താണ്. മുഹമ്മദ് സിയാന്റെ കൊട്ടത്തോണി പുഴക്കരയിൽ നിന്ന് പുറപ്പെടുമ്പേഴേ കൊറ്റില്ലത്തിൽ സ്ഥിരമായുളള കൊക്കുകൾ കൂട്ടം കൂടി അരികിലെത്തും. കൊറ്റില്ലത്തിൽ പോകുമ്പോഴെല്ലാം ഇവർക്കുള്ള അന്നം കരുതുന്നത് കൊണ്ടാണത്. 

സുര്യോദയത്തിനു മുൻപ് തന്നെ തോണി തുഴഞ്ഞ് കൊറ്റില്ലത്തിലെത്തി പറവകൾക്ക് അന്നം നൽകിയും ശിശ്രുഷിച്ചും തന്റെ ദിവസം തുടങ്ങണമെന്നത് നിർബന്ധമാണ്. പ്രളയം കൊറ്റില്ലത്തിന്റെ പകുതിയിലേറെ തകർത്തെങ്കിലും ഒരദ്ഭുതമായി ഇപ്പോഴും വിദേശികളടക്കമുള്ള പറവകൾ എത്തുന്നതും അവശേഷിക്കുന്നതുമായ കൊറ്റികളെയെങ്കിലും രക്ഷിക്കുക എന്നതാണ് ഇവന്റെ ലക്ഷ്യം. ഇൻസുദ്-മറിയം ദമ്പതികളുടെ 3 മക്കളിൽ മുന്നാമനാണ് മുഹമ്മദ്.