പഞ്ചവർണ പാമ്പ്; ഇത് ഉരഗ ലോകത്തെ സൂപ്പർ സ്റ്റാർ

ഓറഞ്ച് നിറത്തിൽ ആകർഷകമായ തല. പച്ചയും നീലയും നേരിയ ചുവപ്പും കറുപ്പും ഇടകലർന്ന മനോഹരമായ ഉടൽ. ഏതോ പഞ്ചവർണ്ണ തത്തയുടെ വിവരണം ആണെന്നു കരുതിയെങ്കിൽ തെറ്റി. ലോകത്തെ ഏറ്റവും സുന്ദരനായ പാമ്പിനെ കുറിച്ചാണു പറയുന്നത്. 

അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ഉള്ള അപൂർവയിനം പാമ്പാണ് സാൻ ഫ്രൻസിസ്കോ ഗാർട്ടർ.  കണ്ടാൽ എടുത്ത് ഓമനിക്കാനും വീട്ടിൽ കൊണ്ടു പോയി വളർത്താനും ഒക്കെ തോന്നുന്നത്ര ഭംഗിയാണ് ഇൗ പ്രത്യേക ഇനം പാമ്പുകൾക്ക്. പച്ച കലർന്ന നീല നിറത്തിലുള്ള ഉടലിൽ കറുപ്പും ചുവപ്പും നിറത്തിലുള്ള വരകളുമുണ്ട് ഇവയ്ക്ക്.

താംനോഫിസ് സിർറ്റാലിസ് ടെട്രാറ്റേനിയ (Thamnophis sirtalis tetrataenia) എന്നാണ് ഈ ഉരഗ സുന്ദരന്റെ ശാസ്ത്രനാമം.  ഉടലിനെക്കാൾ അൽപം വീതി കൂടിയ തലയാണ് ഇവയ്ക്കുള്ളത്. അമേരിക്കയിൽ സാധാരണയായി കണ്ടു  വരുന്ന ഗാർട്ടർ ഇനത്തിൽ ഉള്ള പാമ്പുകളുടെ ഉപവിഭാഗമാണ് സാൻ ഫ്രൻസിസ്കോ ഗാർട്ടർ. പൂർണ വളർച്ചയെത്തിയ ഈ വിഭാഗത്തിൽപ്പെട്ട പാമ്പുകൾക്ക്  46 മുതൽ 140 സെന്‍റീമീറ്റർ വരെ നീളമുണ്ടാകും.

വിഷപ്പല്ലുകൾ ഇല്ലാത്ത ഇവ ഉമിനീരിലെ വിഷാംശം ഉപയോഗിച്ചാണ് ഇരപിടിക്കുനത്. എന്നാൽ ഇത് മനുഷ്യനു ദോഷകരമല്ല. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് സാൻ ഫ്രൻസിസ്കോ ഗാർട്ടറിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇവയുടെ എണ്ണം 1000 നും -2000 നും ഇടയിൽ മാത്രമാണെന്നു ഗവേഷകർ പറയുന്നു. അതിനാൽ തന്നെ ഇവയെ പിടിക്കുന്നതു കുറ്റകരമാണ്. എന്നാലും അടുത്തു കണ്ടാൽ ഇൗ ഉരഗ സുന്ദരന്മാരുടെ സൗന്ദര്യത്തിൽ മയങ്ങി നിയമവിരുധമാണെങ്കിലും അവയെ വളർത്താൻ കൊണ്ടു പോകുന്നവരും കുറവല്ല.