Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എങ്ങുപോയി ചാറ്റൽ മഴ? വർധിച്ച് തീവ്രമഴ!

വർഗീസ് സി. തോമസ്
Cyclone Ockhi

കേരളത്തെ കണ്ണീർച്ചുഴിയിൽ  മുക്കിയ ഓഖിയുടെ ഓർമകൾക്ക് ഒരു വയസ്;  മഹാപ്രളയത്തിന്റെ ദുരിതസ്മരണകളിലൂടെ  100 ദിവസവും കടന്ന് സംസ്ഥാനം നവകേരളത്തിന്റെ പണിപ്പുരയിൽ.   2017 നവംബർ 29 ന് രാവിലെ 11 മണിയോടെയാണ് കേരള–കന്യാകുമാരി തീരത്ത് ഓഖി ചുഴലിക്കാറ്റായി വീശയിത്. പിന്നീട് തീവ്രചുഴലായി (സിവിയർ സൈക്ലോൺ) മാറി ലക്ഷദ്വീപിനെയും കുലുക്കി ഒമാൻ തീരത്തേക്ക് നീങ്ങി ഡിസംബർ ആറാം തീയതിയോടെ കെട്ടടങ്ങിയ ഈ ചുഴലി ഇന്ത്യയിലും ശ്രീലങ്കയിലും മാലദ്വീപിലുമായി  245 പേരുടെ ജീവനെടുത്തതിനു പുറമെ വരുത്തി വച്ച നാശം 920 ദശലക്ഷം ഡോളറിന്റെതെന്നും കണക്കാക്കപ്പെടുന്നു.  

എന്നാൽ 9 മാസങ്ങൾക്കു ശേഷം ഓഗസ്റ്റ് 15 മുതലായിരുന്നു മഹാപ്രളയം. 30000 കോടിയും കടന്ന നഷ്ടങ്ങളുടെ കണക്കെട്ടുപ്പിനു പകരം പുനർനിർമിതിയുടെയും വീണ്ടെടുപ്പിന്റെയും പാതയിലൂടെയാണ് കേരളം മുന്നോട്ടു പോകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പരിസ്ഥിതി സംഘടനയായ ന്യൂഡൽഹി  സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് മുന്നോട്ടു വയ്ക്കുന്നത് പുതിയൊരു ആശയമാണ്. കോൺക്രീറ്റ് കാടാക്കി കേരളത്തെമാറ്റുന്നതിനു പകരം നമുക്കു വേണ്ടത് പരിസ്ഥിതിയുടെയും കൃഷിയുടെയും ജലത്തിന്റെയും വീണ്ടെടുപ്പ്. അതുവഴി കാലാവസ്ഥാ മാറ്റത്തെ നേരിടാൻ ഈ കൊച്ചു സംസ്ഥാനത്തെ സജ്ജമാക്കാം.  ആ വഴിയിലൂടെ ചില ചിന്തകൾ പങ്കുവയ്ക്കുകയാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ജനറൽ ഡോ. കെ. ജെ രമേശും സിഎസ്ഇ മേധാവി സുനിതാ നാരായണും. 

ആകെ മഴയുടെ പകുതിയും 11 ദിവസം കൊണ്ട് പെയ്യുന്ന സ്ഥിതി: കാലാവസ്ഥാ കേന്ദ്രം മേധാവി

Cyclone Ockhi

കേരളത്തിലെ പ്രളയത്തെപ്പറ്റി ന്യൂഡൽഹിയിൽ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച മാധ്യമ ചർച്ചയിൽ പങ്കെടുത്ത് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ജനറൽ ഡോ. കെ. ജെ രമേശ് വെളിപ്പെടുത്തിയ കാര്യങ്ങളിൽ കേരളത്തിന് ഭയപ്പെടാൻ ചിലതുണ്ട്. കാലാവസ്ഥാ ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നു മാത്രമല്ല, സംസ്ഥാനത്തിന്റെ 35 ശതമാനം പ്രദേശങ്ങളും ഏതു സമയത്തും പ്രളയസാധ്യതയുള്ള  സ്ഥലങ്ങളാണെന്നും ഡോ. രമേശ്  വ്യക്തമാക്കി. സമുദ്ര നിരപ്പിൽ നിന്ന് 0 മുതൽ 50 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളാണ് ഇത്. എന്നാൽ കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 75 ശതമാനം പ്രദേശവും ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തത്തിന് സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലാണ്. കഷ്ടിച്ച്  25 ശതമാനം മാത്രമാണ് ഒരു വിധമെങ്കിലും സുരക്ഷിതം. ജനസാന്ദ്രത ഏറിയതും വൻവികസന പ്രവർത്തനങ്ങളും  ദുരന്തങ്ങളുടെ തീവ്രത വർധിപ്പിക്കുന്നു. 

ഒരു വർഷം മുമ്പ് വീശിയടിച്ച ഓഖി കേരളത്തിനുള്ള ആദ്യ കാലാവസ്ഥാ മുന്നറിയിപ്പായിരുന്നു. ലോകമെങ്ങും മഴ ദിനങ്ങൾ കുറയുകയാണ്. ലോകത്തെ ആകെ മഴയുടെ പകുതിയും വെറും 11 ദിവസം കൊണ്ട് തകർത്തു പെയ്തൊഴിയുകയാണ്. ദി നേച്ചർ മാസയിൽ അടുത്തയിട വന്ന പഠനം ഈ വാദം ശരിവയ്ക്കുന്നു. മഴയുടെ ആകെ അളവിൽ കുറവൊന്നുമില്ലെന്ന് ആശ്വസിക്കാമെങ്കിലും പ്രളയവും ചുഴലിക്കാറ്റുകളും വരുത്തുന്ന നാശനഷ്ടങ്ങൾ അനിർവചനീയമാണെന്ന് ഡോ. രമേശ് പറയുന്നു. 

ഓഖി: ഏറ്റവും വേഗമേറിയ ‘തീവ്ര വാതം’

Cyclone Ockhi Rescue

ചുഴലികളുടെ ചരിത്രത്തിൽ ആദ്യമായി തീരത്തോട് ചേർന്ന് ഏറ്റവും വേഗത്തിൽ തീവ്രരൂപം പ്രാപിച്ച ആദ്യ ചുഴലിയായിരുന്നു ഓഖിയെന്നാണ് ഐഎംഡിയുട വിലയിരുത്തൽ. സാധാരണ 72 മണിക്കൂർ കൊണ്ടാണ് ചുഴലികൾ ശക്തിപ്പെടുന്നത്. നിരീക്ഷിക്കാനും പ്രവചിക്കാനും മുന്നറിയിപ്പിനും ആവശ്യമായ സമയം കിട്ടും. എന്നാൽ കേവലം 20 മണിക്കൂർ കൊണ്ട് ചുഴലിയായി മാറി ഓഖി ശാസ്ത്ര ലോകത്തെ ഞെട്ടിച്ചു. നാലു ദിവസം ആൻഡമാൻ തീരത്ത് തത്തിക്കളിച്ച ശേഷം ശ്രീലങ്കയിലെത്തിയ ഓഖി ന്യൂനമർദമായി. പിറ്റേന്നു തന്നെ കന്യാകുമാരി തീരത്തേക്കു കയറി തീവ്രന്യൂനമർദമായി (ഡിപ്രഷൻ). പിന്നീട് കേവലം 30 മണിക്കൂർ കൊണ്ട് തീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറുന്ന അപൂർവ അനുഭവമാണ് ഉണ്ടായത്. ആഴം കുറഞ്ഞ തീരപ്രദേശത്തോടു ചേർന്ന് ശക്തിപ്പെട്ടതിനാൽ കാറ്റിന്റെ തീവ്രതയും കൂടിയിരുന്നു. കന്യാകുമാരി തീരത്തെ കടൽ ജലം പതിവിലും ചൂടേറി കിടന്നിരുന്നതും ചുഴലി രൗദ്രഭാവം ആർജിക്കാൻ കാരണമായി. 

പിഴച്ചത് ആർക്ക് ? 

ഐഎംഡിയുടെ ഭാഗത്തു നിന്ന് സേവനത്തിൽ യാതൊരു കുറവുമുണ്ടായിട്ടില്ല. കൃത്യമായ പ്രവചനം നൽകിയിരുന്നു. മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സംസ്ഥാനത്ത് ഉണ്ടാകണമായിരുന്നു. ഐഎസ്ആർഒയുടെ കാലാവസ്ഥാ മാതൃകകളും മറ്റും സംസ്ഥാനത്തിന് ലഭ്യമായിരുന്നു. ഇതിൽ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയെപ്പറ്റി സൂചനയുണ്ടായിരുന്നു. സംസ്ഥാന തലത്തിൽ ഇത് മനസിലാക്കി ഉണർന്നു പ്രവർത്തിക്കാമായിരുന്നു. 

അതുപോലെ ഓഗസ്റ്റിലെ മഹാപ്രളയത്തിലും അണക്കെട്ട് തുറന്നാലുടൻ കേരളത്തിലെ ചരിവുമൂലം ഒഴുക്ക് (റൺഓഫ്) കൂടുതലായതിനാൽ വെള്ളം പെട്ടെന്ന് താഴേക്ക് എത്തുമെന്നു മനസിലാക്കി മുന്നറിയിപ്പു നൽകാമായിരുന്നു. കേന്ദ്ര ഏജൻസികളുമായി ചേർന്നു നിന്നു വേണം സംസ്ഥാനം പ്രവർത്തിക്കാൻ. 

പ്രവചന രീതി മാറ്റി 

ഓഖിയുടെ പാഠങ്ങൾ ഏറെയാണ്. ഓഖിക്ക് ശേഷം ഐഎംഡി പ്രവചന രീതിയിൽ ചില പ്രധാന മാറ്റങ്ങൾ വരുത്തി.  ഡിപ്രഷൻ ആകുന്നതോടെ ചുഴലിക്ക് നൽകുന്ന അതേ ഗൗരവത്തോടെ ഇപ്പോൾ മുന്നറിയിപ്പു നൽകാറുണ്ട്. കടലിന്റെ അവസ്ഥ കൂടി ചേർത്ത് പ്രവചന രീതിയിൽ ചില മാറ്റങ്ങൾ വരുത്തി. ബംഗാൾ ഉൾക്കടലിൽ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷണം തുടങ്ങി. കോമൺ അലർട്ട് മെക്കാനിസത്തിലൂടെ 13 സംസ്ഥാനങ്ങളിൽ മൊബൈലിലൂടെ മുന്നറിയിപ്പു നൽകുന്നു. 

എങ്ങുപോയി ചാറ്റൽ മഴ 

നൂൽമഴയെന്നോ ചാറ്റൽ മഴയെന്നോ വിശേഷിപ്പിക്കാവുന്ന ചെറിയ മഴയാണ് കൃഷിക്കും മണ്ണിനും ഭൂഗർഭജലനിരപ്പ് മെച്ചപ്പെടാനും അനുയോജ്യം. എന്നാൽ ഇന്ന് കേരളത്തിൽ ഇത്തരം മഴ കുറയുന്ന പ്രവണതയാണ് കാണുന്നത്.  അതിനാൽ ജലവിഭവ മാനേജ്മെന്റിൽ പുതിയ നയസമീപനങ്ങൾ സ്വീകരിച്ചില്ലെങ്കിൽ കേരളം പോലെ കാലാവസ്ഥാ മാറ്റത്തിന്റെ ആദ്യ സൂചനകൾ അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ സ്ഥിതി ഭാവിയിൽ രൂക്ഷമാകും. കയ്യേറ്റത്തിൽ നിന്ന് പ്രളയനീർത്തടങ്ങളെ (ഫ്ലഡ് പ്ലെയിൻ) രക്ഷിക്കണം. ചതുപ്പെന്നും പുറമ്പോക്കെന്നും വിളിച്ച് തരം താഴ്ത്താതെ നെൽപ്പാടങ്ങൾ ഉൾപ്പെടെയുള്ള നീർത്തടങ്ങളെ സംരക്ഷിക്കണം. പുതിയ കെട്ടിടങ്ങൾക്ക് പുതിയ നിർമാണ ചട്ടം (ബിൽഡിങ് കോഡ്) രൂപപ്പെടുത്തണം. വൈദ്യുതി ലൈനുകളും മറ്റും കൂടുതൽ കരുത്തോടെ ഉറപ്പിക്കണം. ജീവൽപ്രധാനമായ നിർമിതികൾ പ്രളയത്തെ പ്രതിരോധിക്കും വിധം ശക്തമാക്കണം.  കാലാവസ്ഥാ മാറ്റത്തിന്റെ തീവ്രതയെ നേരിടാവുന്ന വിധത്തിലാകണം കേരളത്തിന്റെ ഭാവി വികസനം. 

വർധിച്ച് തീവ്രമഴ

അസാധാരണമായ കനത്ത മഴയാണ് കേരളത്തെ പ്രളയത്തിൽ മുക്കിയതെന്ന  കാലാവസ്ഥാ കേന്ദ്രത്തിന്റെ  (ഐഎംഡി) കണ്ടെത്തലിൽ ഉറച്ചു നിൽക്കുകയാണെന്ന് ഡോ. രമേശ് വ്യക്തമാക്കി. 24 മണിക്കൂറിൽ 5 സെന്റീമീറ്റർ മഴ പെയ്യുന്നതായിരുന്നു പണ്ട് നല്ല മഴയുടെ ലക്ഷണം. ഇന്ന് ഇത്തരം ന്യായമായ മഴ കുറഞ്ഞു. പകരം 24മണിക്കൂറിൽ പത്ത് സെന്റീമീറ്ററും അതിനു മുകളിലുമാണ് മഴ പെയ്യുന്നത്. ഇത് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോർട്ടിലെ മുന്നറിയിപ്പിനെ ശരി വയ്ക്കുന്ന വാദഗതിയാണ്. 1970 നു ശേഷം ഇന്ത്യയിൽ ഉണ്ടായ വ്യവസായ വൽക്കരണവും വാഹനപ്പെരുപ്പവും സൃഷ്ടിക്കുന്ന ചൂടേറ്റം കാലാവസ്ഥതെ തകിടം മറിച്ചു തുടങ്ങിയിരിക്കുന്നു. പശ്ചിമതീരത്ത് മഴയുടെ തോതും തീവ്രതയും വർധിക്കുന്ന പ്രവണതയാണ് പഠനങ്ങളിൽകാണുന്നതെന്ന് ഡോ. രമേശ് ചൂണ്ടിക്കാട്ടി. 

തീവ്രമഴ നല്ലത്; കുടിവെള്ളക്ഷാമമില്ല

കേരളത്തിൽ മാത്രമല്ല, കുടകിലും തീവ്രമഴ വർധിച്ചു വരികയാണ്. 15 സെന്റീമീറ്റർ തീവ്രമഴയാണ്പലപ്പോഴുംഇവിടെ പെയ്യുന്നത്.  സത്യത്തിൽ ഇതൊരു സാധ്യതയാണ്. ഇത്രയും മഴ ലഭിക്കുന്നതിനാൽ ശരിയായ ജലവിഭവ മാനേജ്മെന്റിലൂടെ വരൾച്ചെയ അകറ്റി നിർത്താൻ കഴിയും. ഇതിനെ പ്രകൃതിയുടെ അനുഗ്രഹമായി കണ്ട് മഴവെള്ള സംരക്ഷണവും മറ്റും പ്രയോജനപ്പെടുത്തണമെന്ന് കെ.ജെ രമേശ് നിർദേശിക്കുന്നു. ലോകത്തിന്റെ ശരാശരി താപനില വ്യവസായ വിപ്ലവ ശേഷം 1.5 ഡിഗ്രിയോളം വർധിക്കുന്നതാണ് ആഗോള താപനം. ചൂട് കൂടിയാൽ മഴയും കൂടുമെന്നതു പ്രകൃതിയുടെ തത്വമാണ്. ഇങ്ങനെ ലോകത്ത് മഴ കൂടുന്ന ഇടങ്ങളിൽ ദക്ഷിണേഷ്യയും അതിൽ കേരളവും ഉണ്ട്. ഇന്ത്യയിലെ ഓരോ ജില്ലയും ബഹുമുഖ ദുരന്തസാധ്യത (മൾട്ടി ഹസാർഡ്) മേഖലലായി മാറാനുള്ള സാധ്യതയാണ് ഐഎംഡി കാണുന്നത്. 

പാടം നികത്തലല്ല വികസനം

തീരദേശ നിയമം മറന്നും പാടശേഖരങ്ങൾ നികത്തിയുമുള്ള വികസനമല്ല വേണ്ടത്. ഇതു ദുരന്തം ക്ഷണിച്ചു വരുത്തും. തീരത്ത് കാറ്റാടിയും മറ്റ് ചെടികളും വച്ച് പിടിച്ചിച്ചാൽ ചുഴലികളുടെ തീവ്രത കുറയ്ക്കാം. ലോകമെമ്പാടും ജലകാലാവസ്ഥാ ദുരന്തങ്ങൾ (ഹൈഡ്രോ മെറ്റീരിയോളജിക്കൽ) വർധിക്കുകയാണ്. ഭാവിയിലെ വികസന നിർമാണങ്ങളെല്ലാം സുരക്ഷിതമാക്കാൻ കൂടിയാലോചന നടത്തണം. പത്തു വർഷത്തെ വികസനം ഒറ്റമഴ കൊണ്ട് തകരരുത് എന്നും ഡോ. രമേശ് മുന്നറിയിപ്പു നൽകുന്നു. 

അണക്കെട്ട് ഭൂഗർഭജല തോത് ഉയർത്തും; എന്നാലും...

അണക്കെട്ടുള്ളിടത്ത് ഭൂഗർഭ ജലനിരപ്പ് ഉയരുമെങ്കിലും ഡാമിനേക്കാളുപരി കേരളം  പരമ്പരാഗത ജലസ്രോതസുകൾ വീണ്ടെടുക്കണം. ജലം, ഭക്ഷണം, ജീവിതം എന്നിവ ഈ ആവാസ വ്യവസ്ഥയെ  ആശ്രയിച്ചാണിരിക്കുന്നത്. 

കടലോരം വിട്ട് കരയോടു ചേരാം

Sea-Erosion-in-Ponnani

കടലോരത്തുള്ള പ്രധാനപ്പെട്ട നിർമിതികൾ പുറകോട്ട് മാറ്റി സ്ഥാപിക്കുന്ന കാര്യം കേരളം ആലോചിച്ചു തുടങ്ങണം. ഭാവിയിൽ കടൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നേരിടാനുള്ള സംവിധാനം ഒരുക്കണം. പലതരം ദുരന്തങ്ങൾക്കു സാധ്യതയുള്ള (മൾട്ടി ഹസാഡ്) പ്രദേശമായതിനാൽ കേരളം ഇക്കാര്യത്തി‍ൽ ഉണർന്നു പ്രവർത്തിക്കണം. 

ഏറെയും ദുർബല പ്രദേശം 

കുട്ടനാടിന്റെ ചില ഭാഗങ്ങൾ സമുദ്ര നിരപ്പിൽ നിന്ന് –48 മീറ്റർ വരെ താഴ്ന്നിരിക്കുന്നു. 2692 മീറ്ററാണ് ഏറ്റവും ഉയർന്ന പ്രദേശം (ആനമുടി). 0 മുതൽ 50 മീറ്റർ വരെ ഉയരത്തിലാണ് 35 ശതമാനം സ്ഥലം. 50 മുതൽ 500 മീറ്റർ വരെ ഉയരത്തിലാണ് 39.82 ശതമാനം സ്ഥലം. 500 മീറ്ററിനു മുകളിൽ ഉയരമുള്ള പ്രദേശം 24 ശതമാനം വരും. 

നവകേരളം പ്രകൃതിയോടു ചേർന്നു സൃഷ്ടിക്കണം: സുനിതാ നാരായൺ

ഡോ. കെ. ജെ രമേശും സിഎസ്ഇ മേധാവി സുനിതാ നാരായണും ന്യൂഡൽഹിയിൽ സിഎസ് ഇ സംഘടിപ്പിച്ച കാലാവസ്ഥാമാറ്റ മാധ്യമ ശിൽപശാലയിൽ പങ്കെടുത്ത് ഐഎംഡി മേധാവി ഡോ. കെ. ജെ രമേശും സിഎസ്ഇ മേധാവി സുനിതാ നാരായണും

പ്രളയത്തിനു പിന്നിലെ മനുഷ്യരുടെ ഇടപെടൽ തിരിച്ചറിഞ്ഞു തിരുത്തൽ നടത്തി വേണം പ്രളയാനന്തര നവ കേരളം സൃഷ്ടിക്കേണ്ടതെന്ന് സിഎസ്ഇ മേധാവി സുനിതാ നാരായൺ നിർദേശിച്ചു. ഇതു സംബന്ധിച്ച് സിഎസ്ഇ കേരള സർക്കാരിനു കത്ത് അയച്ചതായി സിഎസ്ഇ ഡപ്യൂട്ടി ഡയറക്ടർ ചന്ദ്ര ഭൂഷണും വ്യക്തമാക്കി. കേരളത്തിൽ ഇതു സംബന്ധിച്ച് ചർച്ച സംഘടിപ്പിക്കാനും സിഎസ്ഇ ക്ക് കഴിയുമെന്ന് ഇരുവരും വ്യക്തമാക്കി. ന്യൂഡൽഹിയിൽ മാധ്യമ ശിൽപ്പശാലയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇരുവരും. ഇനിയും പ്രളയം ഉണ്ടാകില്ലെന്ന് പറയാനാകില്ല. കാലാവസ്ഥാ പ്രവചനവും നീരീക്ഷണവും ശക്തമാകണം. കാലാവസ്ഥാ മാറ്റം കേരളത്തിന്റെ പടിവാതിലിൽ മുട്ടിവിളിക്കയാണെന്ന് ജനങ്ങൾ തിരിച്ചറിയണം. പ്രകൃതിയുമായി ചേർന്ന് കിടക്കുന്ന വളരെ ‘തൊട്ടാവാടി’യായ  ഒരു ഭുവിഭാഗമാണ് കേരളം.അത് മനസിലാക്കി വേണം ഇവിടെ വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത്.