കടലിൽ നീന്താനിറങ്ങിയ സ്ത്രീയെ വളഞ്ഞ കൊലയാളി തിമിംഗലങ്ങള്‍; ദൃശ്യങ്ങൾ!

കടലിലെ ഏറ്റവും അപകടകാരികളായ ജീവികളായാണ് കൊലയാളി തിമിംഗലങ്ങലെ കണക്കാക്കുന്നത്. കടലിലെ ചെന്നായ്ക്കളെന്നറിയപ്പെടുന്ന ഇവ സ്രാവുകളെയും മറ്റു തിമിംഗലങ്ങളെയും വരെ വേട്ടയാടി ഭക്ഷണമാക്കുന്നവരാണ്.അങ്ങനെയുള്ള കൊലയാളി തിമിംഗലങ്ങൾ കടലില്‍ വെറുത നീന്താനിറങ്ങിയ സ്ത്രീയെ വളഞ്ഞാലുള്ള അവസ്ഥ എങ്ങനെയുണ്ടാകും? ഓർക്കുമ്പോൾ തന്നെ ശ്വാസം നിലച്ചുപോകുന്നുണ്ടല്ലേ. എന്നാൽ ന്യൂസീലന്‍ഡിലെ ഒരു കടൽ തീരത്തു കുളിക്കാനിറങ്ങിയ സ്ത്രീയ്ക്ക് കൂട്ടായെത്തിയ കൊലയാളി തിമിംഗലങ്ങള്‍ സമ്മാനിച്ചത് അവർക്ക് ഇനിയുള്ള കാലം മുഴുവന്‍ അദ്ഭുതത്തോടെ ഓര്‍ത്തിരിക്കാനുള്ള ചില അപൂർവ നിമിഷങ്ങളാണ്.

ന്യൂസീലൻഡിലെ ഹാഹെയ് ബീച്ചിലാണ് അപൂർവ സംഭവം അരങ്ങേറിയത്. അറുപതുകാരിയായ ജൂഡ് ജോണ്‍സണ്‍ എന്ന സ്ത്രീയാണ് ഇവിടെ നീന്താനിറങ്ങിയത്. കരയില്‍ നിന്ന് അധികം ദൂരയല്ലാതെ ശാന്തമായ കടലില്‍ ഇവര്‍ നീന്തുന്നതിനിടെയാണ് കൊലയാളി തിമിംഗലങ്ങളുടെ വരവ്. തീര നിരീക്ഷണത്തിനു വേണ്ടി ഉപയോഗിക്കുന്ന ഡ്രോണിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. രണ്ട് മുതിര്‍ന്ന കൊലയാളി തിമിംഗലങ്ങള്‍ അഥവാ ഓര്‍ക്കകളും ഒരു കുട്ടി ഓര്‍ക്കയുമാണു സംഘത്തിലുണ്ടായിരുന്നത്. വെള്ളത്തിനടിയിലൂടെ ഇവര്‍ സ്ത്രീയുടെ അരികിലേക്കെത്തുന്നത് ഡ്രോണ്‍ ദൃശ്യങ്ങളില്‍ കാണുമ്പോള്‍ ആരുടേയും ശ്വാസം നിലച്ചു പോകും.

താന്‍ നീന്തുന്നതിനു സമീപത്തായി എതോ ഒരു ജീവിയുടെ നിഴലുപോലെയാണ് ജൂഡ് തിമിംഗലങ്ങളെ ആദ്യം കണ്ടത് . ഡോള്‍ഫിനുകളാണെന്നാണ് ഇവര്‍ ആദ്യം കരുതിയത്. ഇതിനിടെ ഓര്‍ക്കകള്‍ ഇടയ്ക്കിടെ ജൂഡിന്‍റെ തൊട്ടടുത്തേക്കെത്തുന്നതും കാലില്‍ തൊടുന്നതും കാണാം. ഈ സമയം ജൂഡ് കരുതിയത് താന്‍ സീലാണെന്നു കരുതി ഡോള്‍ഫിനുകള്‍ തന്നെ സമീപിക്കുന്നതാണെന്നാണ്. ഇതോടെ ഡോള്‍ഫിനുകളെ അകറ്റാനായി വേഗം നീന്താൻ തുടങ്ങി. പിന്നീട് ജൂഡ് ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് തന്നെ വളഞ്ഞിരിക്കുന്നതു കൊലയാളി തിമിംഗലങ്ങളാണെന്നു തിരിച്ചറിഞ്ഞത്.

ഇതോടെ ഒരു നിമിഷത്തേക്കു ഭയന്നു ശ്വാസം നിലച്ചു പോയെന്നു ജൂഡ് വ്യക്തമാക്കി. പെട്ടെന്ന് എന്തു ചെയ്യണമെന്നു ഒരു രൂപവും കിട്ടിയില്ല. വൈകാതെ മനസ്സാന്നിധ്യം വീണ്ടെടുത്ത് തുടര്‍ന്നും നീന്തി തുടങ്ങി. ഇരു വശത്തും തിമിംഗലങ്ങള്‍ നീന്തുന്നതിനാല്‍ തീരത്തേക്കു നീന്താന്‍ ധൈര്യം തോന്നിയില്ല. ഇതിനിടയിലാണ് കുട്ടി ഓര്‍ക്കയുടെ അമ്മയെന്നു തോന്നിക്കുന്ന വലിയ ഓര്‍ക്കയുടെ കണ്ണിലേക്കു താന്‍ നോക്കിയതെന്ന് ജൂഡ് പറയുന്നു. ഓര്‍ക്കയുടെ കണ്ണില്‍ തനിക്ക് ഭയമുണ്ടാക്കുന്ന ഒന്നും കണ്ടില്ലെന്നു ജൂഡ് വിവരിക്കുന്നു. കൗതുകമോ സന്തോഷമോ ഒക്കെയാണ് ഓര്‍ക്കയുടെ കണ്ണില്‍ താൻ കണ്ടത്. ഇതോടെ തന്‍റെ ഭയം പോയെന്നും ജൂഡ് വിശദീകരിക്കുന്നു.

അതേസമയം ജൂഡിന്‍റെ ഈ ചിന്തകള്‍ ഒന്നും തിരിച്ചറിയാതെ തന്നെ ഓര്‍ക്കകള്‍ അവര്‍ക്കൊപ്പം നീന്തുന്നുണ്ടായിരുന്നു. ഇതിനിടെ ഇടയ്ക്ക് കരയിലേക്ക് നീന്താന്‍ ജൂഡ് ശ്രമിച്ചെങ്കിലും വലിയ ഓര്‍ക്ക ആ വശത്തേക്കു വീണ്ടുമെത്തിയതോടെ ആ ശ്രമം ഉപേക്ഷിച്ചു. അല്‍പ്പസമയം കൂടി ജൂഡിനൊപ്പം നീന്തിയ ശേഷം മൂന്നംഗ ഓര്‍ക്കാ സംഘം തീരത്തു നിന്ന് ആഴക്കടലിലേക്കു മടങ്ങുന്നതോടെയാണ് ഡ്രോണ്‍ ദൃശ്യങ്ങള്‍ അവസാനിക്കുന്നത്.

മനുഷ്യരുടെ സാന്നിധ്യമുള്ളപ്പോള്‍ ഓര്‍ക്കകള്‍ തീരത്തേക്കെത്താറുണ്ടെങ്കിലും ഇത്രയടുത്ത് ഇടപഴകുന്നത് ആദ്യമായാണ്. കടലില്‍ വച്ച് ഓര്‍ക്കകള്‍ മനുഷ്യരെ ആക്രമിച്ച സംഭവങ്ങള്‍ വിരളമാണ്. എന്നാല്‍ മറൈന്‍ പാര്‍ക്കുകളിലെ പ്രധാന അന്തേവാസികളായ ഓര്‍ക്കകൾ അവിടെ നടത്തിയ ആക്രമണത്തില്‍ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓര്‍ക്കകളെ കണ്ടാല്‍ കടലില്‍ നിന്നു കയറണമെന്നാണു പൊതുവെ ബീച്ചുകളില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ജൂഡിന്‍റെ സമീപത്തേക്കെത്തിയ ഓര്‍ക്കകള്‍ കളിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നിരിക്കണമെന്നാണാണ് കരുതുന്നത്. ഡോള്‍ഫിനുകളെ പോലെ തന്നെ ബുദ്ധിയുള്ള ഓർക്കകൾ വിനോദങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന ജീവികള്‍ കൂടിയാണ്. അതുതന്നെയാണ് ഇവയെ മറൈന്‍ പാര്‍ക്കുകളിലെ പ്രിയപ്പെട്ട ജീവയാക്കുന്നതും.