ഓക്സിജന്‍ ക്ഷാമത്തെ അതിജീവിക്കുന്ന അദ്ഭുതമീനുകള്‍!

hypoxia-suboxic
SHARE

ജലാശയ മലിനീകരണമാണ് മനുഷ്യര്‍ പ്രകൃതിയില്‍ സൃഷ്ടിക്കുന്ന വ്യാപക വിപത്തുകളില്‍ ഒന്ന്. ഇതിന്‍റെ ദൂഷ്യഫലങ്ങള്‍ മനുഷ്യര്‍ക്കൊപ്പം മറ്റു ജീവവർഗങ്ങള്‍ കൂടി അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ചും ജലജീവികള്‍. മലിനീകരിക്കപ്പെട്ട ജലാശയത്തിലെ ഓക്സിജന്‍റെ അംശം ക്രമേണ കുറയുന്നതാണ് ഇവിടെ സംഭവിക്കുന്ന പ്രധാന മാറ്റങ്ങളില്‍ ഒന്ന്. ഇതോടെയാണ് പ്രാണവായു ലഭിക്കാതെ ജലജീവികള്‍ കൂട്ടത്തോടെ ചത്തു പൊങ്ങുന്ന പ്രതിഭാസം പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ഈ പ്രതിസന്ധിയെ അതിജീവിച്ച് തുച്ഛമായ ഓക്സിജനില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന അപൂര്‍വം ചില മത്സ്യങ്ങളുമുണ്ട്.

സമുദ്രത്തിലെ അദ്ഭുത മത്സ്യങ്ങള്‍

മലിനീകരിക്കപ്പെട്ട ജലാശയങ്ങളില്‍ ഇങ്ങനെ കുറഞ്ഞ ഓക്സിജനില്‍ ജീവിക്കുന്ന മത്സ്യങ്ങളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ശാസ്ത്രത്തെ തന്നെ അദ്ഭുതപ്പെടുത്തിയത് കടലിനടിയിലും ഇതേ കഴിവുള്ള ഒരു പറ്റം മത്സ്യങ്ങളെ കണ്ടെത്തിയതാണ്. സമുദ്രജൈവവൈവിധ്യ ഗവേഷകയായ നതാലിയ ഗാലോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മത്സ്യങ്ങളെ കണ്ടെത്തിയത്. സാധാരണ അളവിലുള്ള ഓക്സിജന്‍റെ 1 ശതമാനം മാത്രം ഓക്സിജനുള്ള കടല്‍ത്തട്ടിനോടു ചേര്‍ന്നുള്ള ചില മേഖലകളിലാണ് ഈ മത്സ്യങ്ങള്‍ പ്രശ്നങ്ങളൊന്നുമില്ലാതെ വസിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്.

ഈല്‍ വിഭാഗത്തില്‍ പെട്ട കസ്ക് മത്സ്യങ്ങള്‍, ഗ്രനേഡിര്‍ മത്സ്യങ്ങള്‍, ലോലിപോപ് ഷാര്‍ക്ക് എന്ന കുഞ്ഞന്‍ സ്രാവുകള്‍ എന്നിവയെ ആണ് തീരെ കുറഞ്ഞ അളവിൽ ഓക്സിജന്‍ രേഖപ്പെടുത്തിയ സ്ഥലത്തും കണ്ടെത്തിയത്. കലിഫോര്‍ണിയ കടലിടുക്കില്‍ അന്തര്‍വാഹനിയുടെ സഹായത്തോടെയാണ്  ഗവേഷകര്‍ ഇവയെ കണ്ടെത്തിയതും ഇവയുടെ ജീവിതരീതികള്‍ നിരീക്ഷിച്ചതും. 2015 മുതല്‍ എട്ട് തവണയാണ് റിമോട്ട് വഴി പ്രവര്‍ത്തിപ്പിക്കുന്ന ഈ അന്തര്‍വാഹിനിയെ സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് ഇതിനായി അയച്ചത്. ചെല്ലുന്ന പ്രദേശത്തെ ഓക്സിജന്‍റെ അളവു കൂടി രേഖപ്പെടുത്താനും ഈ അന്തര്‍വാഹനിയിലൂടെ സാധിച്ചു.

ലിഗോക്സിഫൈല്‍ മത്സ്യങ്ങള്‍

നദികളിലും മറ്റും കാണപ്പെടുന്ന കുറഞ്ഞ ഓക്സിജനില്‍ ജീവിക്കുന്ന മത്സ്യങ്ങളേക്കാള്‍ കടലിലെ ഈ മത്സ്യങ്ങള്‍ അദ്ഭുതജീവികളാണെന്നു ഗവേഷകര്‍ പറയുന്നു. കുറഞ്ഞ ഓക്സിജനില്‍ ജീവിക്കുന്ന മറ്റു മത്സ്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ 14 ല്‍ 1 ശതമാനം മാത്രം ഓക്സിജനാണ് കടലിലെ ഈ മത്സ്യങ്ങളുള്ള മേഖലയില്‍ രേഖപ്പെടുത്തയത്. അതുകൊണ്ട് തന്നെ ഇവയുടെ ശ്വസിക്കാനുള്ള ക്ഷമത ആരെയും അമ്പരപ്പിക്കുന്നതാണെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. അമേരിക്കയിലെ തന്നെ മോണിട്ടറി ബേ അക്വേറിയം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠന സംഘത്തിലുള്ളത്.

ഇത്ര കുറഞ്ഞ അളവ് ഓക്സിജനില്‍ ജീവിക്കുന്ന മത്സ്യങ്ങളുടെ എണ്ണവും അദ്ഭുതാവഹമാണ്. ഒരേ ഇനത്തില്‍ പെട്ട നൂറു കണക്കിനു മത്സ്യങ്ങളാണ് ഈ മേഖലയില്‍ കൂട്ടത്തോടെ ജീവിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 600 മുതല്‍ 900 മീറ്റര്‍ വരെ ആഴത്തിലാണ് ഈ മത്സ്യങ്ങളുള്ളത്. അതും കടലിന്‍റെ അടിത്തട്ടിനോടു ചേര്‍ന്ന്. ഹൈപോടോക്സിക് എന്നാണ് ഇത്രയും കുറവ് ഓക്സിജനുള്ള അവസ്ഥയെ വിശേഷിപ്പിക്കുന്നത്. മത്സ്യങ്ങള്‍ക്ക് ഒരിക്കലും അതിജീവിക്കാന്‍ കഴിയുമെന്നു കരുതിയ അവസ്ഥ ആയിരുന്നില്ല ഹൈപോടോക്സിക്. അതു കൊണ്ട് തന്നെ ഈ അവസ്ഥയില്‍ അതിജീവനം സാധ്യമാകുന്ന മത്സ്യങ്ങള്‍ക്ക് ഒരു പേരും ഗവേഷകര്‍ നല്‍കി. ലിഗോക്സിഫൈല്‍ എന്നാണ് ഇവയ്ക്ക് നല്‍കിയത് പേര്. കുറഞ്ഞ ഓക്സിജന്‍ ഇഷ്ടപ്പെടുന്നവ എന്നതിന്‍റെ ഗ്രീക്ക് പേരാണ് ലിഗോക്സിഫൈല്‍ എന്നത്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA