കഴുത്തിൽ കടിച്ചു തൂങ്ങിയ സിംഹവുമായി നടന്നു നീങ്ങുന്ന ജിറാഫിന്റെ ചിത്രങ്ങൾ കൗതുകമാകുന്നു. സൗത്ത് ആഫ്രിക്കയിലെ ക്ലാസേരി സ്വകാര്യ വന്യജീവി സങ്കേതത്തിലാണ് അപൂർവ സംഭവങ്ങൾ അരങ്ങേറിയത്. ഗൈഡായ എമിലി വൈറ്റനിങും സംഘവുമാണ് ഈ ദൃശ്യങ്ങൾ നേരിൽ കണ്ടത്.
ആറ് സിംഹങ്ങൾ ചേർന്നാണ് പരിക്കേറ്റിരുന്ന ജിറാഫിനെ ആക്രമിച്ചത്. രണ്ട് സിംഹങ്ങൾ കഴുത്തിൽ കയറി കടിച്ചു തൂങ്ങിയപ്പോൾ ബാക്കി രണ്ടെണ്ണം ജിറാഫിന്റെ പിൻഭാഗം കടിച്ചു വലിച്ചു. മറ്റു രണ്ട് സിംഹങ്ങൾ ജിറാഫിന്റെ പിൻകാലുകളാണ് ലക്ഷ്യമാക്കിയത്.രണ്ട് മിനിട്ടോളം സിംഹങ്ങൾ ആക്രമണം തുടർന്നു. വേദനകൊണ്ടു പുളഞ്ഞ ജിറാഫ് ശക്തമായി കുതറിയപ്പോഴാണ് സിംഹങ്ങൾ പിടിവിട്ട് മാറിയത്. കാലിലെ മുറിവുകളിൽ നിന്ന് രക്തം വന്നപ്പോഴാണ് ജിറാഫ് കാലിൽ പിടികൂടിയിരുന്ന സിംഹങ്ങളെ തൊഴിച്ചു തെറിപ്പിച്ചത്. വീണ്ടും ആക്രമിക്കാനെത്തിയ സിംഹങ്ങളെ മുൻകാലുകൊണ്ട് തൊഴിച്ചോടിക്കാനും ജിറാഫ് ശ്രമിച്ചു.
നാല് മണിക്കൂറോളം ജിറാഫിന്റെ പിന്നാലെ നടന്നിട്ടാണ് രക്ഷയില്ലെന്നു കണ്ട് ഒടുവിൽ ഇരയെ ഉപേക്ഷിച്ച് വിശന്നുവലഞ്ഞ സിംഹങ്ങൾ മടങ്ങിയത്. ഈ സമയമത്രയും എമിലിയും വിനോദസഞ്ചാരികളും ശ്വാസമടക്കിപ്പിടിച്ചു നിന്ന് ദൃശ്യങ്ങൾ വീക്ഷിച്ചു. ജീവിതത്തിലാദ്യമായാണ് ഇത്തരമൊരു രംഗത്തിന് സാക്ഷ്യം വഹിച്ചതെന്ന് എമിലിയും സംഘവും വെളിപ്പെടുത്തി. സിംഹങ്ങളുടെ പിടിയിൽ നിന്ന് പാവം ജിറാഫ് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ഇവരുടെ സംഘം അവിടെനിന്നു മടങ്ങിയത്.