എന്താണ് പോളാര്‍ വെര്‍ട്ടക്സ്? അപൂർവ പ്രതിഭാസത്തിനു പിന്നിൽ?

അക്ഷരാര്‍ത്ഥത്തില്‍ നട്ടെല്ലു വരെ മരവിപ്പിക്കുന്ന തണുപ്പാണ് വടക്കേ അമേരിക്കയുടെ സമശീതോഷ്ണ മേഖലകളില്‍ പോലും ഇക്കുറി അനുഭവപ്പെട്ടത്. കേരളത്തില്‍ പോലും നാളിതുവരെ അനുഭവപ്പെടാത്ത അളവില്‍ തണുപ്പെത്തിയതും ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്. സമീപകാലത്തെ തന്നെ ഏറ്റവും ഉയര്‍ന്ന തണുപ്പനുഭവപ്പെടുമ്പോള്‍ ആഗോളതാപനില ഉയരുന്നുവെന്ന വാദത്തെ അംഗീകരിക്കാനാകില്ലെന്നാണു ചിലരെങ്കിലും ഉയര്‍ത്തുന്ന വാദം. പക്ഷെ യാഥാർഥ്യം മറിച്ചാണെന്നു ശാസ്ത്രലോകം വിവരിക്കുന്നു. ആഗോളതാപനം കാലാവസ്ഥയില്‍ സൃഷ്ടിക്കുന്ന സാമനതകളില്ലാത്ത മാറ്റമാണു പോളാര്‍ വെര്‍ട്ടെക്സ് എന്ന പ്രതിഭാസത്തിലൂടെ ഉത്തരാർധത്തിലാകെ കൊടും തണുപ്പെത്തിച്ചതെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.

അമേരിക്കയിലെ കൊടും തണുപ്പ്

വടക്കേ അമേരിക്കയിലെ മധ്യപടിഞ്ഞാറന്‍ മേഖലയില്‍ ഈ ആഴ്ച അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന ശരാശരി താപനില 28 ഡിഗ്രി സെല്‍ഷ്യസായിരുന്നു. സാധാരണ നിലയില്‍ ഈ സമയത്ത് അനുഭവപ്പെടുന്ന ശരാശരി താപനിലയില്‍ നിന്ന് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ കുറവാണിത്. അതേസമയം പ്രദേശത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് 35 ഫാരന്‍ ഹീറ്റ് വരെയായിരുന്നു. ഇതിനു പുറമെ തണുത്തുറഞ്ഞ കാറ്റു കൂടി വീശിയതോടെ ഫലത്തില്‍ അനുഭവപ്പെട്ട താപനില ഏതാണ്ട് മൈനസ് 60 ഡിഗ്രി ഫാരന്‍ ഹീറ്റായിരുന്നു അതായത് ഏകദേശം മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ്.

നേരിട്ട് ഈ കാറ്റേറ്റാല്‍ ഒരാളുടെ ജീവന്‍ വരെ നഷ്ടപ്പെടുന്ന തരത്തിലുള്ള അവസ്ഥയാണ് ഈ കാലാവസ്ഥ സൃഷ്ടിച്ചത്. ഈ നിലയാകട്ടെ വടക്കേ അമേരിക്കയുടെ മധ്യമേഖലയില്‍ ഒട്ടും പരിചിതവുമല്ല. ഈ സമയത്തു തന്നയൊണ് ഉത്തര ധ്രുവപ്രദേശത്ത് നേര്‍വിപരീതമായ കാര്യങ്ങള്‍ സംഭവിക്കുന്നത്. സാധാരണയിലും 15 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയുള്ള കാറ്റാണ് ആര്‍ട്ടിക് പ്രദേശത്ത് ഈ സമയത്ത് വീശിയത്. ആര്‍ട്ടിക്കിലും, സമശീതോഷ്ണ മേഖലയില്‍ കാലാവസ്ഥ വിപരീത അവസ്ഥയിലെത്താന്‍ കാരണം പോളാര്‍ വോര്‍ട്ടക്സ് എന്ന പ്രതിഭാസമാണ്. ഇത് രൂക്ഷമാക്കിയതാകട്ടെ ആഗോളതാപനവും. 

വായുവിന്‍റെ നദികള്‍

ഉത്തരാർധത്തില്‍ രണ്ട് പോളാര്‍ വെര്‍ട്ടസുകളാണുള്ളത്. പരസ്പരം ഇടകലര്‍ന്നാണ് ഈ വായു നദികള്‍ പലപ്പോഴും ഒഴുകുന്നത്. പോളാര്‍ വെര്‍ട്ടക്സ് എന്ന ആര്‍ട്ടിക്കിലെ പ്രതിഭാസം ധ്രുവപ്രദേശത്തു തന്നെ തുടരുമ്പോള്‍ രണ്ടാമത്തെ പോളാര്‍ വെര്‍ട്ടക്സ് എന്നു വിളിക്കാവുന്ന പോളാര്‍ ജെറ്റ് സ്ട്രീം ഈ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങി നില്‍ക്കില്ല. ആര്‍ട്ടിക്കിലെ തണുപ്പിനെ ഭൂമിയുടെ ഏതാണ്ട് മധ്യമേഖലയിലേക്കു വരെ യെത്തിക്കുന്നത് ഈ ജെറ്റ് സ്ട്രീമുകളാണ്. കൃത്യമായ ദിശയില്ലാത്ത ഇവ ചില മേഖലകളില്‍ പരന്നും ചിലയിടത്ത് ആര്‍ട്ടിക്കിനോടു ചേര്‍ന്നുമാണ് ഒഴുകുക. ഇങ്ങനെ അന്തരീക്ഷത്തില്‍ കൂടി സ്ഥിരമായി ഒരേ ദിശയില്‍ ഒഴുകുന്ന വായുമേഖല ആയതുകൊണ്ട് തന്നെയാണ് ഇവയെ വായു നദികള്‍ എന്നു വിളിക്കുന്നതും. 

ഇവയില്‍ ജെറ്റ് സ്ട്രീമുകള്‍ ശൈത്യകാലത്തു മാത്രം രൂപപ്പെടുന്നവയാണ്. ശൈത്യകാലത്തിന്‍റെ തുടക്കത്തില്‍ ആര്‍ട്ടിക്കിലും ഉഷ്ണമേഖലാ പ്രദേശത്തുമുള്ള താപനിലയിലെ വലിയ വ്യത്യാസമാണ് ഈ  കാറ്റുകളുടെ രൂപീകരണത്തിനു കാരണാകുന്നത്. 

തണുത്ത കാറ്റ് ഉഷ്ണമേഖലയിലേക്ക് 

മനുഷ്യര്‍ സൃഷ്ടിച്ച അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ വർധനവ് കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഭൂമിയിലെ ശരാശരി താപനിലയിലുണ്ടാക്കിയ വർധനവ് 1 ഡിഗ്രി സെല്‍ഷ്യസാണ്. അതേസമയം ആര്‍ട്ടിക്കില്‍ ഇതേ ഹരിതഗൃഹ വാതകങ്ങള്‍ മൂലം താപനിലയിലുണ്ടായ വർധനവ് ഇതിന്‍റെ ഇരട്ടിയാണ്. പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങള്‍ കൂടുതലായും ആര്‍ട്ടിക്കിലേക്കെത്തി അവിടെ കുടുങ്ങി കിടക്കുന്നതാണ് ഇതിനു കാരണം. കൂടാതെ ഈ താപനില വർധനവ് മഞ്ഞുരുക്കത്തിന്‍റെ വേഗം വർധിപ്പിച്ചതും ആര്‍ട്ടിക്കിലെ താപനില കൂടുതല്‍ ഉയരുന്നതിനു കാരണമായി.

ഇതോടെ ആര്‍ട്ടിക്കും സമശീതോഷ്ണ മേഖലയിലും തമ്മില്‍ താപനിലയിലുണ്ടായിരുന്ന വ്യത്യാസത്തില്‍ കാര്യമായ കുറവുണ്ടായി. സ്വാഭാവികമായി ഇത് ഇരുമേഖലയിലുമുണ്ടായിരുന്ന വായുമർദത്തേയും ബാധിച്ചു. ഈ മാറ്റങ്ങള്‍ ജെറ്റ് സ്ട്രീം എന്ന വായുസഞ്ചാരത്തെ ദുര്‍ബലപ്പെടുത്തി. അതേസമയം തന്നെ പോളാര്‍ വെര്‍ട്ടക്സ് പലപ്പോഴും രണ്ടായി പിരിയുകയും ഇവയിലൊന്ന് ജെറ്റ് സ്ട്രീമുമായി ഇടകലരാന്‍ തുടങ്ങുകയും ചെയ്തു. ഈ മാറ്റത്തോടെയാണ് ധ്രുവപ്രദേശത്തു നിന്നുള്ള തണുത്ത കാറ്റ് വലിയ തോതില്‍ ഭൂമിയുടെ മധ്യമേഖലയിലേക്കെത്താന്‍ തുടങ്ങിയത്. 

പക്ഷേ, ജനവാസം കൂടുതലുള്ള മേഖലകളില്‍ തണുപ്പു വർധിച്ചതോടെ ആഗോളതാപനം ഒരു മിഥ്യയാണെന്ന വാദം പലരും ഉയര്‍ത്തിയിട്ടുണ്ട്. എന്നാൽ‍ ഈ തണുപ്പു വർധിക്കാനുള്ള മൂല കാരണം തന്നെ ആഗോളതാപനമാണന്നു ഗവേഷകര്‍ വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ ആഗോളതാപനത്തെ തള്ളിപ്പറയാനോ, ആഗോളതാപനം ഇല്ലെന്ന വാദത്തെ പിന്തുടരാനോ തുനിയുന്നതു മണ്ടത്തരമാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.