കടലാഴങ്ങളിൽ മറഞ്ഞ ജപ്പാനിലെ ‘കുഞ്ഞൻ ദ്വീപ്’!
നിലനിന്നിരുന്ന കാലത്ത് ആര്‍ക്കും അതിനെ വേണ്ടായിരുന്നു. എന്നാൽ ഇല്ലാതായി കഴിഞ്ഞപ്പോൾ പിന്നെ ചർച്ചയായി സംവാദങ്ങളായി. പറഞ്ഞുവന്നത് ഒരു ദ്വീപിനെപ്പറ്റിയാണ്. അധികമാരും കേട്ടിട്ടു പോലുമില്ലാത്ത ജപ്പാനിലെ ഇസാൻബെ ഹനാകിത കൊജിമ എന്നു പേരുള്ള ദ്വീപാണ് കടലിനടിയിലേക്കു മറഞ്ഞത്. കാണാതാകുന്നതു വരെ ഈ ദ്വീപിനെപ്പറ്റി ആരും കാര്യമായി അന്വേഷിച്ചിട്ടു പോലുമില്ലായിരുന്നു. ഏറ്റവും ഒടുവില്‍ കണക്കെടുക്കുമ്പോൾ ഇതിന്റെ ഏറ്റവും മുകളിലുള്ള ഭാഗം സമുദ്രത്തിൽ നിന്ന് 1.4 മീറ്റർ മുകളിലായിരുന്നു. 1987ലായിരുന്നു ആ കണക്കെടുപ്പ്. എന്നാൽ അടുത്ത കാലത്ത് വെള്ളത്തിനടിയിലേക്കാഴ്ന്ന് ഇല്ലാതാവുകയായിരുന്നു.
കുറേനാളുകളെങ്കിലും ഇക്കാര്യം ആരും അറിഞ്ഞില്ല. പിന്നീട് അറിഞ്ഞു വന്നപ്പോഴേക്കും വൈകിപ്പോയിരുന്നു. കാറ്റും കാലാവസ്ഥാ മാറ്റവുമാണ് ഈ ദ്വീപിന്റെ അപ്രത്യക്ഷമാകലിനു കാരണമെന്നാണു പറയപ്പെടുന്നത്. വളരെ ചെറിയ ദ്വീപായതിനാൽത്തന്നെ മറ്റ് ആവശ്യങ്ങൾക്കൊന്നും കൊജിമയെ ഉപയോഗപ്പെടുത്തിയിരുന്നില്ല. എന്നാൽ രാജ്യാന്തര സമുദ്ര അതിർത്തികൾ നിർണയിക്കുന്നതിൽ ഇതിനു നിർണായക പങ്കുണ്ടായിരുന്നു. ‘നോർതേൺ ടെറിട്ടറീസ്’ എന്നു ജപ്പാൻ വിളിക്കുന്ന ദ്വീപു സമൂഹങ്ങളുടെ ഏറ്റവും പടിഞ്ഞാറൻ അറ്റത്തെ അടയാളപ്പെടുത്താൻ ഉപയോഗിച്ചിരുന്നത് കൊജിമയെ ആയിരുന്നു. റഷ്യയും ഈ മേഖലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ട്. കൊജിമയെ റഷ്യ വിളിച്ചിരുന്ന പേര് ‘കുരിൽ’ എന്നായിരുന്നു.
ഹൊക്കയ്ഡോ ദ്വീപസമൂഹത്തിനോടു ചേർന്നുള്ള സറുഫുട്സു എന്ന ഗ്രാമത്തിന്റെ തീരത്തു നിന്ന് ഏകദേശം അരക്കിലോമീറ്റർ മാറിയായിരുന്നു കൊജിമോ. അതു മുങ്ങിപ്പോയതോടെയാകട്ടെ ജപ്പാന്റെ അധികാരമുള്ള പ്രദേശത്തിൽ അരക്കിലോമീറ്ററിന്റെ കുറവുണ്ടായി. ഇതെങ്ങനെ അപ്രത്യക്ഷമായി എന്നു തിരിച്ചറിഞ്ഞതിനു പിന്നിലും ഒരു കഥയുണ്ട്. എഴുത്തുകാരനായ ഹിരോഷി ഷിമിസു ആയിരുന്നു അതിനു പിന്നിൽ. ജപ്പാനിലെ ‘ഒളിച്ചിരിക്കുന്ന’ ദ്വീപുകളെപ്പറ്റിയുള്ള പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം. അതിന്റെ ഭാഗമായി സറുഫുട്സുവിലും എത്തി. എന്നാൽ 1987ൽ അടയാളപ്പെടുത്തിയ കൊജിമ ദ്വീപ് അതിന്റെ സ്ഥാനത്ത് ഇല്ലായിരുന്നു. അക്കാര്യം അദ്ദേഹം തന്നെ പുറംലോകത്തെ അറിയിക്കുകയും ചെയ്തു. അടുത്തിടെ ഇതു രണ്ടാംതവണയാണ് പ്രകൃതിഘടകങ്ങൾ കാരണം ഒരു ദ്വീപ് തന്നെ ഇല്ലാതാകുന്നത്.
യുഎസിനു കീഴിലെ ഈസ്റ്റ് ഐലൻഡായിരുന്നു അദ്യത്തേത്. ഹവായ് ദ്വീപസമൂഹങ്ങളുടെ ഭാഗമായിരുന്നു ഇത്. ഒക്ടോബർ ആദ്യ ആഴ്ച വരെ അവിടെ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. എന്നാൽ ആ സമയത്ത് ആഞ്ഞടിച്ച ‘വലക്ക’ ചുഴലിക്കാറ്റ് ദ്വീപിനെ തൊട്ടു കടന്നുപോയതോടെ യുഎസിന്റെ ദ്വീപുഭൂപടത്തിൽ നിന്നു തന്നെ ഇല്ലാതാകും വിധം അതു കടലിനടിയിലായി. ജാപ്പനീസ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കൊജിമയിൽ അന്വേഷണം നടക്കാനിരിക്കുകയാണ്. നേരത്തേത്തന്നെ പ്രദേശവാസികളിൽ ആരും കൊജിമയുടെ സമീപത്തേക്കു പോകാറില്ല. അതിനടുത്തുള്ള പവിഴപ്പുറ്റുകൾ നിറഞ്ഞ ഭാഗം സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്.
തങ്ങളുടെ അധികാരസ്ഥാനങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി 2014ലാണ് ജപ്പാൻ ഈ ദ്വീപിന് ഇസാൻബെ ഹനാകിത കൊജിമ എന്നു പേരിടുന്നത്. ജപ്പാന്റെ 158–ാം ദ്വീപായിരുന്നു ഇത്. പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ ചെറുദ്വീപുകളുടെ മേൽ പല രാജ്യങ്ങളും കണ്ണുവയ്ക്കുന്നുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് അന്നു ജപ്പാൻ അടിയന്തരമായി ഇടപെട്ടത്. കൊജിമ രാജ്യാന്തര ‘സംഘർഷങ്ങൾ’ക്കൊന്നും കാരണമായിട്ടില്ല. എന്നാൽ അതിർത്തി അടയാളപ്പെടുത്തലിൽ നിർണായകമായിരുന്നു ഇതിന്റെ സ്ഥാനം.
വേലിയേറ്റ സമയത്തും വെള്ളത്തിനു മുകളിൽ ഉയർന്നു നിന്നാൽ മാത്രമേ ദ്വീപിനു പേരിടാനാകൂ എന്നാണ് രാജ്യാന്തര നിയമം. കൊജിമോയുടെ കാര്യത്തിൽ ഇനിയിപ്പോൾ പേരും നഷ്ടമാകും. അതിർത്തിവര മാറ്റിവരയ്ക്കാൻ ജപ്പാൻ നിർബന്ധിതമാകുകയും ചെയ്യും. മണ്ണൊലിപ്പു കാരണമാണ് ഈ ദ്വീപ് വെള്ളത്തിനടിയിലായതെന്നാണു കരുതുന്നത്. ഇതോടൊപ്പം കൊടുങ്കാറ്റും കാരണമായി. എന്നാൽ ആഗോളതാപനമല്ല പ്രശ്നമെന്ന് ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. കാലാവസ്ഥാ മാറ്റമാണ് അപ്രത്യക്ഷമാകലിനു കാരണമായിരിക്കുന്നത്. വിദൂരഭാവിയിൽ ആഗോളതാപനവും ഇത്തരം ദ്വീപുകളുടെ മുങ്ങലിലേക്കു കൂടുതൽ ‘വെള്ളം’ പകരുമെന്നാണു വിദഗ്ധരുടെ മുന്നറിയിപ്പ്.