ഹൊറര്‍ സിനിമകള്‍ ഇഷ്ടപ്പെടാത്തവര്‍ക്കു പോലും പിരിചിതമായ പേരായിരിക്കും ഏലിയന്‍ എന്ന ചിത്രത്തിന്‍റേത്. കാരണം ഹോളിവുഡിലും ലോകമെമ്പാടും ഈ റിഡ്‌ലെ സ്കോട്ട് ചിത്രമുണ്ടാക്കിയിട്ടുള്ള തരംഗം ചെറുതല്ല. 1979 ല്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇപ്പോഴും തുടര്‍ച്ചകളുണ്ടാകുന്നുവെന്നത് തന്നെ ഈ സിനിമയുടെ ജനപ്രീതിക്കു തെളിവാണ്. ഈ ചിത്രത്തിലെ അന്യഗ്രഹ ജീവികളുടെ കുഞ്ഞുങ്ങള്‍ പോലും ഭയപ്പെടുത്തുന്ന ഓര്‍മയാണ്. കാരണം അവയുടെ രൂപം തന്നെ. ഏതായാലും സമാനമായ രൂപമുള്ള ഒരു ജീവിയെ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ കണ്ടെത്തിയിരിക്കുകയാണ്.

ഏലിയന്‍ മത്സ്യം

മത്സ്യമാണെങ്കിലും ഇഴജന്തുക്കളുടേതെന്ന പോലെ നീണ്ട ശരീരമാണ് ഈ ജീവിയ്ക്കുള്ളത്. കണ്ണുകളില്ല. തല പാമ്പിന്‍റേതു പോലെ പരന്നതാണ്. പല്ലുകളാകട്ടെ കൂര്‍ത്തു നീണ്ട് നിരയായി നില്‍ക്കുന്നവയും. ഈ ശരീര ലക്ഷണങ്ങളെല്ലാം ഓര്‍മിപ്പിക്കുന്നത് ഏലിയന്‍ സിനിമയിലെ കുഞ്ഞന്‍ അന്യഗ്രഹ ജീവിയെയാണ്. ഏതാണ്ട് 15 സെന്‍റിമീറ്റര്‍ നീളമുള്ള ഈ ജീവിയെ അപൂര്‍വമായി മാത്രമാണ് കണ്ടിട്ടുണ്ടാകുക എന്നാണു കരുതുന്നത്. ഒരു പക്ഷേ ഇതുവരെ ആരും കണ്ടെത്തിയതാവാനും സാധ്യതയില്ല. ഇക്കാര്യം കൂടുതല്‍ പരിശോധനയ്ക്കു ശേഷം മാത്രമേ വ്യക്തമാകൂ

കകാഡു ദേശീയ പാര്‍ക്കില്‍ നിന്നാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. നദിയില്‍ ചൂണ്ടയിടാനെത്തിയ ഒരു സംഘം ആളുകളാണ് മത്സ്യത്തെ പിടികൂടിയത്. ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യം പാമ്പാണെന്ന ധാരണയിലായിരുന്നു ഇവരാദ്യം. എന്നാല്‍ മത്സ്യത്തിന്‍റെ തലയ്ക്കു പിന്നിലായുള്ള ചെറിയ ചിറകുകളാണ് ഇത് മത്സ്യമാണെന്നു തിരിച്ചറിയാന്‍ ഇവരെ സഹായിച്ചത്. ഏതായാലും ഇതുവരെ കാണാത്ത തരത്തിലുള്ള ജീവിയാണ് തങ്ങളുടെ കയ്യിലുള്ളതെന്ന് അവര്‍ മനസ്സിലാക്കി.

പര്‍പ്പിള്‍ ബ്രൗണ്‍ നിറമാണ് മത്സ്യത്തിന്‍റേതെന്ന് ചൂണ്ടയിടാന്‍ എത്തിയവരില്‍ ഒരാളായ ടീ ഹോകിന്‍ പറയുന്നു. പാമ്പോ ഈല്‍ മത്സ്യമോ ആകാമെന്നാണ് ആദ്യം കരുതിയത്. ചുണ്ടയില്‍ കുരുങ്ങിയ മത്സ്യം അനക്കമറ്റ നിലയിലായിരുന്നു. ശ്വാസമെടുക്കുന്നതു ശ്രദ്ധയിൽ പെട്ടതുകൊണ്ടു മാത്രമാണ് മത്സ്യം ചത്തിട്ടില്ലെന്നു തിരിച്ചറിഞ്ഞത്. എന്നാല്‍ കരയില്‍ പിടിച്ചിട്ടപ്പോള്‍ മറ്റു മത്സ്യങ്ങളെ പോലെ പിടയ്ക്കുകയോ ചാടുകയോ ഒന്നും ചെയ്തില്ല. കൂര്‍ത്ത പല്ലുകളുള്ളതിനാല്‍ അല്‍പ്പം സൂക്ഷിച്ചാണ് മത്സ്യത്തോട് ഇടപെട്ടതെന്നും ടീ ഹോക്കിന്‍ വ്യക്തമാക്കി.

Image Credit: Outback Boat Hire

ഗവേഷകര്‍ക്കും അപരിചിതന്‍

എബിസി ആണ് ചൂണ്ടക്കാരെ ഉദ്ധരിച്ച് ഈ വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന്  ഈ മത്സ്യത്തെക്കുറിച്ച് കൂടുതലറിയാന്‍ ഇവര്‍ ഗവേഷകനായ മൈക്കിള്‍ ഹാമറെ ബന്ധപ്പെട്ടു. ഫിഷറീസ് സയന്‍സില്‍ ഗവേഷണം നടത്തുന്ന ഹാമര്‍ ഇത് വേം ഗോബി എന്ന ജീവിയാകാനാണു സാധ്യതയെന്നു കണ്ടെത്തി. ഈ ജീവിയെക്കുറിച്ചു പലയിടത്തും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഇതിനെ മൈക്കിള്‍ ഹാമറും നേരിട്ടു കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ ജീവിയുടെ ചിത്രങ്ങളില്‍ നിന്ന് ടൈനിയോഡിയസ് ജനുസ്സില്‍ പെട്ട ജീവിയാകാനാണ് സാധ്യതയെന്ന ഊഹമാണ് ഹാമര്‍ പങ്കു വച്ചത്. 

അന്ധനായ മത്സ്യമായതിനാല്‍ പൂര്‍ണമായും മണ്ണിനടിയിലാകും ഈ ജീവിയുടെ താമസമെന്ന് ഗവേഷകര്‍ ഊഹിക്കുന്നു. ഇതേ ജനുസ്സില്‍ പെട്ട മറ്റു ജീവികള്‍ പ്രധാനമായും ചെറു പുഴുക്കളെയും മത്സ്യങ്ങളെയുമാണ് ഭക്ഷിക്കുന്നത്. പക്ഷേ ഇവയുടെ പ്രത്യുൽപാദനം ഉള്‍പ്പടെയുള്ള മറ്റു ജീവിത രീതികളെക്കുറിച്ച് ശാസ്ത്രലോകത്തിനും വേണ്ടത്ര അറിവില്ല. ഈ ജനുസ്സില്‍ പെട്ട മറ്റു ജീവികളുടെ അതേ രീതികള്‍  തന്നെയാകാം വേം ഗോബിയുടേതെന്നും ഹാമര്‍ ഊഹിക്കുന്നു. അതേസമയം പിടികൂടിയ വേംഗോബിയെ തിരികെ തടാകത്തിലേക്കു തന്നെ വിട്ടതിനാല്‍ ഈ ജീവിയെ കൂടുതല്‍ പഠനങ്ങള്‍ക്കു വിധേയമാക്കാനും ഗവേഷകര്‍ക്കു സാധിച്ചില്ല. 

ചിത്രം കണ്ടു മാത്രമാണ് ഈ ജീവിയുടെ വര്‍ഗ്ഗവും ജനുസ്സും ഊഹിച്ചതെന്ന് ഹാമര്‍ പറയുന്നു. അതും പുസ്തകങ്ങളിലെ വിവരണങ്ങള്‍ അടിസ്ഥാനമാക്കി. ചൂണ്ടയില്‍കുരുങ്ങിയത് ഒരു പക്ഷേ ഇതുവരെ തിരിച്ചറിയാത്ത ഏതെങ്കിലും ജീവിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പക്ഷേ മണ്ണിനടിയില്‍ ജീവിക്കുന്ന വേം ഗോബി മത്സ്യം വെളിയില്‍ വരുന്നത് അപൂര്‍വമാണ്. ഇവ മനുഷ്യരുടെ മുന്നില്‍ എത്തിപ്പെടാറുമില്ല. ഇക്കാരണങ്ങളാല്‍ തന്നെ ഇനി ഒരു വേം ഗോബിെയ കണ്ടെത്തി അതിനെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും.