കാടുകളിലിപ്പോള്‍ നിർത്താതെ മുഴങ്ങുന്നു; വേഴാമ്പലുകളുടെ നിലവിളികൾ
‘ഹെൽമറ്റഡ് ഹോൺബിൽ’ എന്നയിനം വേഴാമ്പലുകളുടെ ജീവിതം ഒട്ടനവധി പ്രത്യേകതകൾ നിറഞ്ഞതാണ്. വർഷത്തിലൊരിക്കലേ ഇവ ഇണ ചേരുകയുള്ളൂ. മാത്രമല്ല, ഒറ്റത്തവണ ഒരേയൊരു മുട്ടയിട്ടേ കുഞ്ഞിനെ വിരിയിക്കൂ. കാട്ടിലെ ഏറ്റവും കരുത്തേറിയ വമ്പൻ മരത്തിന്റെ മുകളിലായിരിക്കും കൂട്. മുട്ടവിരിഞ്ഞ് ആദ്യത്തെ അഞ്ചുമാസത്തേക്ക് അമ്മയും കുഞ്ഞും പുറത്തിറങ്ങില്ല. കൂടിന്റെ ‘വാതിലാ’കെ മൂടി ചെറിയൊരു ദ്വരം മാത്രമിട്ട് അതിലൂടെ കൊക്കുപുറത്തിട്ട് അമ്മയും കുഞ്ഞു കാത്തിരിക്കും. അച്ഛൻ വേഴാമ്പൽ വന്ന് ഇരുവർക്കും ഭക്ഷണം കൊടുക്കും. പക്ഷേ അച്ഛൻ വേഴാമ്പൽ വന്നില്ലെങ്കിലോ? ആ അമ്മയും കുഞ്ഞും കാത്തിരുന്ന്, കാത്തിരുന്ന് വിശന്ന് ആ കുഞ്ഞുപൊത്തിനുള്ളിൽ നിശബ്ദമായൊരു നിലവിളിയോടെ ചത്തുവീഴും.
കഥയല്ലിത്, ഈ നിലവിളികൾ തെക്കുകിഴക്കനേഷ്യൻ കാടുകളിലിപ്പോള്‍ നിർത്താതെ മുഴങ്ങുന്നുണ്ട്. ഹെൽമറ്റഡ് വേഴാമ്പലുകളെയെന്നല്ല, സകല േവഴാമ്പലുകളെയും കാണുന്ന നിമിഷം അമ്പെയ്തും വെടിവച്ചും വീഴ്ത്തുകയാണ്. കാട്ടുകൊള്ളക്കാർ കാട്ടുവാസികളോടും സമീപപ്രദേശങ്ങളിലുള്ളവരോടും വേട്ടക്കാരോടുമെല്ലാം അങ്ങനെയാണു പറഞ്ഞിരിക്കുന്നത്. കാരണം, വീഴുന്ന വേഴാമ്പലുകളിലൊന്ന് ‘ഹെൽമറ്റഡ്’ ഇനത്തില്‍പ്പെട്ടതാണെങ്കിൽ കിട്ടാൻ പോകുന്നത് ലക്ഷങ്ങളാണ്.
സാധാരണ വേഴാമ്പലുകളിൽ നിന്നു മാറി മേൽച്ചുണ്ടിനു തൊട്ടുമുകളിലായി കെരാറ്റിന്‍ കൊണ്ടുള്ള ‘കൊമ്പ്’ പോലുള്ള ഒരു ഭാഗവുമായാണ് ഹെൽമറ്റഡ് വേഴാമ്പലുകളുടെ ജീവിതം. ശരിക്കും ഒരു ഹെല്‍മറ്റ് വച്ചതു പോലെ. ഇതുപയോഗിച്ചാണ് ആൺ വേഴാമ്പലുകളുടെ പരസ്പരമുള്ള ‘പോരാട്ട’വും. പക്ഷേ ആ ‘വേഴാമ്പൽ കൊമ്പി’നിപ്പോൾ ആനക്കൊമ്പിനെക്കാൾ വിലയാണ്. അതും ഒരു ഗ്രാം, രണ്ടു ഗ്രാം എന്നീ കണക്കിനാണു വില. അത്രയേറെയുണ്ട് കരിഞ്ചന്തയിലെ മൂല്യം. രാജ്യാന്തരതലത്തിൽ വിൽപന നിരോധിക്കപ്പെട്ടതാണെങ്കിലും ഇന്ന് വംശനാശത്തിന്റെ തൊട്ടടുത്തെത്തി നിൽക്കുകയാണ് ഈ പക്ഷികൾ.
700 വർഷങ്ങൾക്കു മുൻപേ ബോർണിയോ ദ്വീപ് ചൈനയുമായി ഈ ‘വേഴാമ്പൽ കൊമ്പി’ന്റെ കച്ചവടം നടത്തിയിരുന്നു. നേരിട്ടല്ല, ഈ ‘കൊമ്പിൽ’ തീർത്ത പ്രതിമകളും ആഭരണങ്ങളും ആഭരണപ്പെട്ടികളുടെയുമെല്ലാം രൂപത്തിൽ. ആനക്കൊമ്പിനെക്കാൾ മൃദുവായതിനാൽ ഇതിൽ ഏറ്റവും സങ്കീർണമായ ചിത്രപ്പണി വരെ കൊത്തിയെടുക്കാമായിരുന്നു. ചുവപ്പുനിറമായതിനാൽ ‘റെഡ് ഐവറി’ എന്നായിരുന്നു കരിഞ്ചന്തയിലെ പേര്. പിന്നീടെപ്പോഴോ ഇതിന് ഡിമാൻഡ് കുറഞ്ഞു. രാജ്യാന്തര തലത്തിലെ വിൽപന നിരോധനവും അതിനു കാരണമായി. 2010ന്റെ ആരംഭത്തിൽ പക്ഷേ ചൈനീസ് സാമ്പത്തികനിലയിലുണ്ടായ കുതിച്ചുകയറ്റം ഒട്ടേറെ പുതുപ്പണക്കാരെയാണ് സൃഷ്ടിച്ചത്. കൈയ്യിൽ കാശുണ്ടെന്നു കാണിക്കാനായി എന്തെങ്കിലുമൊക്കെ വീട്ടിൽ വയ്ക്കണമെന്നും അവർക്ക് ആഗ്രഹമായി. അങ്ങനെയാണ് അപൂർവമായ വസ്തുക്കൾ തേടിയുള്ള ഓട്ടം തുടങ്ങിയത്. ആദ്യം കണ്ണുടക്കിയത് ഹെൽമറ്റഡ് വേഴാമ്പലിന്റെ ചുവപ്പൻ കൊമ്പിലും.
ആവശ്യക്കാരുണ്ടെന്നറിഞ്ഞതോടെ കാട്ടുകൊള്ളക്കാർ സുമാത്ര-ബോർണിയോ ട്രോപ്പിക്കൽ വനം അരിച്ചുപെറുക്കാൻ തുടങ്ങി. തീറ്റതേടി നടന്ന അച്ഛൻ വേഴാമ്പലുകളെയും വലിയ മരങ്ങളിൽ കുഞ്ഞിനു ചൂടുപകർന്നു കൊഞ്ചിച്ചു കാത്തിരുന്ന അമ്മപ്പക്ഷികളെയുമെല്ലാം വേട്ടക്കാർ കൊന്നുതീർത്തു, തലയോടെ വെട്ടിയെടുത്ത് ഉണക്കി വിൽപനയ്ക്കെത്തിച്ചു. 2010 മുതൽ രണ്ടായിരത്തിലേറെ ‘റെഡ് ഐവറി’യാണ് വിവിധ രാജ്യങ്ങളിൽ പിടിച്ചെടുത്തത്. അതുപക്ഷേ ആകെ നടക്കുന്ന കച്ചവടത്തിന്റെ വെറും 20 ശതമാനമേയുള്ളൂ. ഇന്തൊനീഷ്യ, മലേഷ്യ, മ്യാൻമാർ, ബ്രൂണെ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ മാത്രം കാണുന്ന ഈ പാവം പക്ഷികൾ നിലവിൽ എത്രയെണ്ണം ബാക്കിയുണ്ടെന്നു പോലും അറിയില്ല. നിബിഢവനങ്ങളും കൂറ്റൻ മരങ്ങളുമാണ് ഇവയുടെ ആവാസസ്ഥാനമെന്നതു തന്നെ ഇവയുടെ കണക്കെടുപ്പിന് തടസ്സം നിൽക്കുന്നത്.
ഇന്തൊനീഷ്യയിലെ ഒരു പ്രവിശ്യയിൽ മാത്രം മാസത്തിൽ 500 വേഴാമ്പലുകളെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്നാണു കണക്ക്. അതായത് വർഷത്തിൽ 6000 എണ്ണം. നിലവിൽ ആവശ്യത്തിന് ‘വേഴാമ്പൽക്കൊമ്പ്’ കിട്ടാതായതോടെ വില പിന്നെയും കൂടി. കുറച്ച് വർഷം മുൻപു വരെ ‘ജീവനു ഭീഷണി’യുള്ള പക്ഷികളുടെ കൂട്ടത്തിൽപ്പെട്ടിരുന്ന ഇവ നിലവിൽ അതീവ ഗുരുതരാവസ്ഥയിലാണ്. ഒരുപക്ഷേ അവസാനത്തെ ‘ഹെൽമറ്റഡ് വേഴാമ്പലും’ നമ്മുടെ കണ്മുന്നിലൂടെ തന്നെ യാത്ര പറഞ്ഞു പോയേക്കാം, മനുഷ്യരുടെ ശല്യം ഒരിക്കലുമെത്താത്ത ലോകത്തേക്ക്...കരുതലോടെ അവയെ കാത്തുരക്ഷിച്ചില്ലെങ്കിൽ...