സമുദ്രത്തിനടിയിൽ തലകീഴായി ഒഴുകുന്ന കണ്ണാടി തടാകങ്ങള്‍; വിസ്മയിപ്പിക്കുന്ന കാഴ്ച!
മറ്റൊരു ലോകത്തെത്തിയതു പോലെ തോന്നുന്ന അനുഭവം സമ്മാനിക്കുന്ന കാഴ്ചകളാണ് കലിഫോര്‍ണിയ കടലിടുക്കിനു സമീപം ഗവേഷകര്‍ കണ്ടെത്തിയത്. പല നിറത്തിലുള്ളതും കണ്ണാടി പോലെ പ്രതിഫലിക്കുന്നതുമായ പാറക്കെട്ടുകള്‍ പോലുള്ള പ്രദേശങ്ങളില്‍ നിന്ന് മുകളിലേക്കൊഴുകുന്ന രീതിയിലുള്ള ദ്രാവകങ്ങളും ഗവേഷകര്‍ കണ്ടെത്തി. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 2 കിലോമീറ്റര്‍ ആഴത്തിലാണ് ഈ കാഴ്ചകളുള്ളത്. ഈപ്രതിഭാസത്തെക്കുറിച്ചു മുന്‍പ് തന്നെ അറിവുണ്ടായിരുന്നുവെങ്കിലും ഗവേഷകര്‍ റോബോട്ടിനെ ഉപയോഗിച്ച് ഈ മേഖലയെ ചിത്രങ്ങളിലൂടെയും വിഡിയോയിലൂടെയും കാണുന്നത് ഇതാദ്യമായാണ്.
വര്‍ണശബളമായ ഗോപുരങ്ങള്‍
കടലിന്‍റെ അടിത്തട്ടില്‍ നിന്നുയര്‍ന്നു നില്‍ക്കുന്ന പവിഴപ്പുറ്റുകള്‍ക്കു സമാനമായ പാറക്കെട്ടുകളിലാണ് ഈ അദ്ഭുത ലോകമുള്ളത്. ഗോപുരങ്ങള്‍ എന്നാണ് ഈ പാറക്കെട്ടുകള്‍ക്ക് ഗവേകര്‍ പേരിട്ടിരിക്കുന്നത്. ഇതുവരെ പൂര്‍ണമായും തിരിച്ചറിയാന്‍ സാധിക്കാത്ത ജൈവവസ്തുക്കള്‍ നിറഞ്ഞതാണ് ഈ പാറക്കെട്ടുകളെന്ന് ഗവേഷകര്‍ പറയുന്നു. പല പാറക്കെട്ടുകളും കണ്ണാടി പോലെ കാഴ്ചയെ പ്രതിഫലിപ്പിക്കുന്നവയാണ്. വിവിധ തരത്തിലുള്ള ധാതുക്കളുടെയും ലോഹഅയിരുകളുടെയും കലവറയാണ് ഈ പാറക്കെട്ടുകളെന്നും ഗവേഷകര്‍ പറയുന്നു.
ഇവയുടെ വര്‍ണവൈവിധ്യം തന്നെയാണ് മറ്റൊരു ലോകത്ത് എത്തപ്പെട്ട പ്രതീതിയുണ്ടാകുന്നത്. പാറക്കെട്ടുകള്‍ക്കു മാത്രമല്ല അവയില്‍ നിന്നു മുകളിലേക്കൊഴുകുന്ന ദ്രാവകവും പല വര്‍ണങ്ങളിലാണ്. കനത്ത ചൂടില്‍ തിളച്ചു മറിഞ്ഞാണ് ഈ ദ്രാവകങ്ങള്‍ പാറക്കെട്ടുകളില്‍ നിന്നു പുറത്തേക്കു വരുന്നത്. അതുകൊണ്ട് തന്നെ ദ്രാവകങ്ങള്‍ക്കൊപ്പം പല നിറത്തിലുള്ള പുകയും കാണാന്‍ കഴിയും. ഇക്കാരണത്താല്‍ പ്രകൃതിയുടെ ലബോറട്ടറി എന്ന പേരും ഈ മേഖലയ്ക്കു ഗവേഷകര്‍ നല്‍കിയിട്ടുണ്ട്.
ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയിലെ ലോകം പോലെ തോന്നുന്നു എന്നാണ് പഠനത്തില്‍ പങ്കെടുത്ത ഗവേഷകനായ മാന്‍ഡി ജോയ് ഈ കാഴ്ചകളെകുറിച്ചു പറഞ്ഞത്. ഭൂമിയ്ക്കടിയില്‍ നിന്ന് വിടവിലൂടെ പുറത്തേക്കു വരുന്ന പല നിറത്തിലുള്ള ദ്രാവകങ്ങള്‍ പാറക്കെട്ടുകളുടെ മുകള്‍ഭാഗങ്ങളിലൂടെ പാറകളുടെ അടയില്‍ കെട്ടിനില്‍ക്കും. ഇവയാണ് പലപ്പോഴും കാഴ്ചകളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി തോന്നുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. ഇങ്ങനെ കെട്ടി നില്‍ക്കുന്നവ തലകീഴായുള്ള ഒരു തടാകം പോലെയാണ് കാഴ്ചയില്‍ തോന്നുന്നതെന്നും ഗവേഷകര്‍ പറയുന്നു.
സെബാസ്റ്റിന്‍ എന്ന റിമോട്ട് നിയന്ത്രിത അന്തര്‍വാഹിനിയുടെ സഹായത്തോടെയായിരുന്നു ഗവേഷകരുടെ പഠനം. ഷിമിറ്റ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനമാണ് പഠനം നടത്തിയത്. തെര്‍മല്‍ ഇമേജിങ് വഴിയാണ് കടലിനടിയിലെ ഈ കണ്ണാടി തടാകങ്ങള്‍ കണ്ടെത്താന്‍ സെബാസ്റ്റിനിലെ റോബോട്ടുകള്‍ക്കു കഴിഞ്ഞത്. തുടര്‍ന്ന് റോബോട്ടുകള്‍ മേഖലയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയും സാംപിളുകള്‍ ശേഖരിക്കുയും ചെയ്തു. ഈ സാംപിളുകളില്‍ നിന്നാണ് മേഖലയിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഗവേഷകര്‍ക്കു ലഭ്യമായത്.
ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യം
കാഴ്ചയിലും അനുഭവത്തിലും ഈ മേഖല ഒരു അന്യഗ്രഹമോ മറ്റൊരു ലോകമോ ആണെന്നു തോന്നുമെങ്കിലും ഇത് ഭൂമി തന്നൊയാണെന്ന് ഓർമിപ്പിക്കുന്ന ചില കാഴ്ചകളും ഇവിയെയുണ്ട്. പാറക്കെട്ടുകള്‍ക്കിടയില്‍ വ്യാപകമായി കണ്ടെത്തിയ പ്ലാസ്റ്റിക് മാലിന്യമാണിത്. പ്ലാസ്റ്റിക് കൂടുകളും ചാക്കുകളും മുതല്‍ ബക്കറ്റും പാവകളും വരെ ഈ പാറക്കെട്ടുകള്‍ക്കിടയില്‍ കണ്ടെത്തി. വ്യാപകമാകുന്ന സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം മേഖലയിലെ ജൈവ സമ്പത്തിനെയും ഈ പാറക്കെട്ടുകള്‍ ഒരുക്കുന്ന വിസ്മയ കാഴ്ചകളെയും പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഗവേഷകര്‍.