40 വർഷംകൊണ്ട് 1360 ഏക്കര്‍ വനം സൃഷ്ടിച്ച അദ്ഭുത മനുഷ്യൻ!
Mail This Article
ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണ് അസമിലെ മജൂലി ദ്വീപ്. ഈ ദ്വീപില്‍ ആയിരത്തി മൂന്നൂറിലധികം ഏക്കര്‍ വിസ്തൃതി വരുന്ന വനമുണ്ട്. നൂറിലധികം ആനകളും നാല് കടുവകളുമുള്ള ഈ വനം പക്ഷേ സ്വാഭാവികമായി ഉണ്ടായതല്ല. ജാദവ് പയെങ് എന്ന മനുഷ്യന്റെ മാത്രം പരിശ്രമത്തില്‍ നിന്നുണ്ടായതാണ്. നാല്‍പത് വര്‍ഷമായി ഒരു ദിവസം ഒരു മരം എന്ന തോതില്‍ വനം നട്ടു പിടിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ജാദവ് പയെങ് പറയും.
തന്റെ ചെറുപ്പകാലത്ത് മരങ്ങള്‍ നിറഞ്ഞ മജൂലി ദ്വീപ് കണ്ടാണ് ജാദവ് വളര്‍ന്നത്. മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച ജാദവ് ഇടയ്ക്കിടെ ദ്വീപിലേക്കുമെത്താറുണ്ടായിരുന്നു. ജാദവിന്റെ കണ്‍മുന്നില്‍ വച്ചാണ് വ്യാപകമായ മരം വെട്ടല്‍ മൂലം കാടായിരുന്ന ദ്വീപ് മരുഭൂമിക്കു തുല്യമായ അവസ്ഥയിലേക്കു മാറിയത്. ഇത് കാര്യമായി തന്നെ ജാദവിനെ അലട്ടിയെങ്കിലും എന്തുചെയ്യണമെന്ന ധാരണയില്ലായിരുന്നു.
മരങ്ങള്‍ നഷ്ടപ്പെട്ടതോടെ വരള്‍ച്ച നേരിട്ടിരുന്ന മജൂലിയില്‍ 1979 ല്‍ വലിയ വെള്ളപ്പൊക്കമുണ്ടായി. വെള്ളമിറങ്ങിയതോടെ കയ്യില്‍ ഒരു പറ്റം തൈകളുമായി 18 കാരനായ ജാദവ് മജൂലിയിലേക്കു ചെന്നു. ഓരോന്നായി തൈകൾ നട്ടു പിടിപ്പിച്ചു. അന്നു മുതല്‍ ഈ മരം നടീല്‍ ജാദവിന്റെ ദിനചര്യയുടെ ഭാഗമായി. മത്സ്യബന്ധനത്തിനായി ബ്രഹ്മപുത്രയിലേക്കിറങ്ങുന്ന ജാദവ് മജൂലിയിലേക്കാണ് ആദ്യം പോകുക. കയ്യിലുള്ള ഒരു തൈ മജൂലിയില്‍ നടും. വൈകാതെ മജൂലിയിലെ വരണ്ട മണ്ണ് ഫലഭൂയിഷ്ടമായി മാറി.
ജാദവ് നട്ടതും സ്വാഭാവികമായി വളര്‍ന്നതും ഉള്‍പ്പെടുന്ന വൃക്ഷക്കൂട്ടമാണ് ഇന്ന് 1360 ഏക്കര്‍ വനമായി മജൂലിയിലുള്ളത്. വനം വ്യാപിച്ചതോടെയാണ് മൃഗങ്ങള്‍ ഇവിടേക്കെത്തിയതും. ആദ്യം മാനും മുയലും ഉള്‍പ്പടെയുള്ള ചെറു ജീവികളായിരുന്നു വന്നതെങ്കില്‍ വൈകാതെ ആനകളും കാണ്ടാമൃഗങ്ങളുമെല്ലാം ഇവിടേക്കെത്തി. പിന്നീടാണ് ഇവിടെ കടുവകളെയും കണ്ടു തുടങ്ങിയത്. ഇപ്പോള്‍ വനം വകുപ്പിന്റെ സജീവ സംരക്ഷണത്തിലാണ് ഈ ദ്വീപ്.
വനവും വന്യമൃഗങ്ങളും തിരിച്ചെത്തിയതോടെ വേട്ടക്കാരും ഇപ്പോള്‍ ഈ മേഖലയിലേക്കെത്തിയിട്ടുണ്ട്. പല തവണ ജാദവിന് ഇവരെ തുരത്തേണ്ടതായും വന്നിട്ടുണ്ട്. 2007 ല്‍ ഫൊട്ടോഗ്രാഫറായ ജിത്തു കലിതയാണ് ജാദവിനെ കണ്ടെത്തി ഈ അദ്ഭുത മനുഷ്യനെ പുറം ലോകത്തിനു പരിചയപ്പെടുത്തിയത്. കാണ്ടാമൃഗങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ മജൂലിയിലെത്തിയ ജിത്തു കലിതയെ വേട്ടക്കാരനായാണ് ജാദവ് തെറ്റിദ്ധരിച്ചത്. ജിത്തുവിനെ ആക്രമിക്കാനും ജാദവ് തുനിഞ്ഞു. എന്നാല്‍ ഫൊട്ടോഗ്രാഫറാണെന്നു മനസ്സിലായതോടെ തന്റെ വനത്തിന്റെ വിശേഷങ്ങള്‍ ജാദവ് പൂര്‍ണ മനസ്സോടെ പങ്കുവച്ചു.
ഇപ്പോള്‍ ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് തന്നെ ആവേശമാണ് ജാദവ് എന്ന പേര്. ജാദവിനെക്കുറിച്ചു ജിത്തു തയാറാക്കിയ ഹ്രസ്വചിത്രം യൂട്യൂബില്‍ ഇതിനകം കണ്ടത് ഇരുപത് ലക്ഷത്തിലധികം ആളുകളാണ്. ഇന്ന് ഇന്ത്യയുടെ വനമനുഷ്യന്‍ എന്നാണ് ജാദവ് അറിയപ്പെടുന്നത്. പ്രശസ്തിയിലും ജാദവിന്റെ ജീവിതം സാധാരണ നിലയില്‍ തന്നെ പുരോഗമിക്കുകയാണ്. പാലു വിറ്റും മത്സ്യബന്ധനം നടത്തിയും ഉപജീവനം കഴിക്കുന്ന ജാദവ് മജൂലിയിലെ തന്റെ വനത്തെയും കാണുന്നത് സ്വന്തം കുടുംബം പോലെയാണ്.
ഇന്നും ദിവസേന മുടങ്ങാതെ ജാദവ് മജൂലിയിലേക്കെത്തും. കയ്യില്‍ കരുതിയിരിക്കുന്ന ചെറുതൈ ദ്വീപിന്റെ മണ്ണില്‍ നട്ടുപിടിപ്പിക്കും. നാളേക്കുള്ള തണലായും വനമായും ആ ജീവന്‍ വളര്‍ന്നു വരുന്നത് സ്വപ്നം കാണും. ആഗോളതാപനത്തെക്കുറിച്ചോ, കാര്‍ബണ്‍ ബഹിര്‍ഗമനത്തെക്കുറിച്ചോ ഒന്നും ജാദവിനറിയില്ല. പക്ഷേ മരങ്ങളും പ്രകൃതിയുമാണ് ഭൂമിയെ നിലനിര്‍ത്തുന്നതെന്ന് ജാദവിനറിയം. അതുകൊണ്ട് തന്നെ തന്റെ അവസാന ശ്വാസം വരെ ഓരോ ദിവസവും മജൂലിയില്‍ ഒരു പുതിയ ചെടി വേരിടുമെന്ന് ജാദവ് ഉറപ്പു തരുന്നു. ജാവദിന്റെ വാക്ക് വെറും വാക്കല്ലെന്ന് മജൂലി ദ്വീപിലെ ഓരോ മണൽത്തരിക്കും അറിയാം. അവരും ഈ വാക്കുകൾ ശരിവയ്ക്കുന്നു.