ഭർത്താവിന്റെ ഓർമയ്ക്കായി വീട്ടമ്മ നട്ടത് 73,000 മരങ്ങൾ!
ഭർത്താവിന്റെ സ്മരണയ്ക്കായി 73000 മരങ്ങൾ നട്ടുവളർത്തി വീട്ടമ്മ. ബെംഗളൂരുലെ ഈജിപുരയിൽ താമസിക്കുന്ന ജാനറ്റ് യെജ്നേശ്വരനാണ് കഴിഞ്ഞ 13 വർഷമായി മരങ്ങൾ നട്ടുപിടിപ്പിച്ച് ഭൂമിക്ക് തണലേകുന്നത്. 2005ൽ ഭർത്താവ് യെജ്നേശ്വരന്റെ മരണത്തോടെയാണ് സമൂഹത്തിന് ഉപകരപ്രദമായ കാര്യങ്ങൾ ചെയ്യാൻ ജാനറ്റ് തീരുമാനിച്ചത്.
കോറമംഗലയിൽ മരങ്ങൾ നട്ടുപിടിപ്പിച്ചത് വിജയിച്ചതോടെ നഗരത്തിലെ വിവിധ മേഖലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. നട്ടുപിടിപ്പിച്ച മരങ്ങൾ വികസനത്തിന്റെ പേരിൽമുറിച്ച് മാറ്റുന്നതാണ് വേദനപ്പിക്കുന്നതെന്ന് ജാനറ്റ് പറയുന്നു. തുടക്കത്തിൽ സ്വന്തം കൈയിൽ നിന്ന് പൈസ ചിലവഴിച്ചാണ് ജാനറ്റ് മരങ്ങൾ വച്ചുപിടിപ്പിച്ചിരുന്നത്.
ഇപ്പോൾ ജാനറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചറിഞ്ഞവർ നൽകുന്ന സംഭാവനകൾ കൊണ്ടാണ് മരങ്ങളുടെ സംരക്ഷണം. നിലവിൽ ഈ പരിസ്ഥിതിദിനം കടന്നു പോകുമ്പോൾ ജാനറ്റ് വച്ചുപിടിപ്പിച്ച മരങ്ങളളുടെ എണ്ണം 73000 കഴിഞ്ഞു. അടുത്തതായി കൂർഗിൽ 1000 മരത്തൈകൾ നടാനാണ് ജാനറ്റിന്റെ തീരുമാനം. തമിഴ്നാട്ടിലെ തഞ്ചാവൂരിലും ആയിരത്തോളം തൈകൾ വച്ചുപിടിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ട്.