മണിരത്നത്തിന്റെ കണ്ണത്തില്‍ മുത്തമിട്ടാൽ എന്ന ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. അതിലെ നായകനും നായികയും ഒരുമിക്കുന്നത് പ്രണയം കൊണ്ടല്ല മറിച്ച് ഇരുവര്‍ക്കും ഏറെ പ്രിയപ്പെട്ടതായി മാറിയ ഒരു കുട്ടിയെ സംരക്ഷിക്കാനാണ്. ആ കുട്ടിയോടുള്ള അടുപ്പമാണ് പിന്നീട് ഇരുവര്‍ക്കുമിടയിലെ പ്രണയം ശക്തമാക്കുന്നത്. കണ്ണൂരുകാരന്‍ വിജിത്തും ആലപ്പുഴക്കാരി വാണിയും ഒരുമിച്ചതും അവര്‍ ഏറെ ഇഷ്ടപ്പെട്ട ഒന്നിനെ സംരക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗായിട്ടായിരുന്നു. പ്രകൃതിയുടെയും സ്വാഭാവിക കൃഷിയുടെയും സംരക്ഷണത്തിനായി ഒരുമിച്ചതാണ് ഇരുവര്‍ക്കുമിടയില്‍ പ്രണയം വളര്‍ത്തിയതും വെല്ലുവിളികളെ അതിജീവിച്ച് ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനത്തിലെത്തിച്ചതും.

പ്രണയോപഹാരമായി നാലര ഏക്കറിലെ സമ്പന്നത

തങ്ങളുടെ പത്ത് വര്‍ഷത്തെ പ്രണയത്തിന്‍റെ നേട്ടമെന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ വിജിത്തിനും വാണിക്കും അഭിമാനത്തോടെ ചൂണ്ടിക്കാട്ടാവുന്ന ഒന്നാണ് ആലപ്പുഴയിലെ ഡാണാപ്പടിയിലുള്ള നാലര ഏക്കര്‍ കൃഷിയിടം. ഒരു പക്ഷേ ഈ ഭൂമിയെ കൃഷിയിടം എന്നു വിളിക്കുന്നത് തന്നെ തെറ്റായിരിക്കാം. കാരണം ഒരു പരിധി വരെ പ്രകൃതിയെ അതിന്‍റെ സ്വാഭാവിക രീതിയില്‍ വിടുകയും അതിന്‍റെ ഗുണഗണങ്ങള്‍  മനസിലാക്കി അനുയോജ്യമായ കൃഷി ചെയ്യുകയുമാണ് വിജിത്തും വാണിയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ നെല്ലു മുതല്‍ പച്ചക്കറിയും പഴങ്ങളും വരെയുള്ള കൃഷിയുൽപന്നങ്ങള്‍ മാത്രമല്ല, അയ്യായിരത്തോളം മരങ്ങളും 8 കുളങ്ങളും അനവധി കാവുകളും ഈ നാലേക്കര്‍ പുരയിടത്തിലുണ്ട്. ഒപ്പം ഇവയ്ക്കൊക്കെ കൂട്ടായി ആടും കോഴിയും താറാവും പോരാത്തതിന് ഈ പുരയിടത്തിലെ പച്ചപ്പിനെ ആശ്രയിച്ചു ജീവിക്കുന്ന പല തരം പക്ഷികളും അണ്ണാനുള്‍പ്പടെയുള്ള ജീവികളും.

കൃഷിയിലേക്കെത്തിയ വഴി

ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ വിജിത്ത് എങ്ങനെ ജൈവ കർഷകനായി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, അത് വാണി എന്ന പേരാണ്. കൃഷിയുമായും പരിസ്ഥിതിയുമായും ബന്ധപ്പെട്ട ക്യാംപുകളില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും കൂടുതല്‍ അടുക്കുന്നതും. ആറളം വന്യജീവി സങ്കേതത്തില്‍ വച്ച് പരിസ്ഥിതി പ്രവര്‍ത്തകനായ ശിവപ്രസാദ് മാഷ് നടത്തിയ ക്യാംപാണ് വിജിത്തിത്തിനെ പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്കടുപ്പിച്ചത്. തുടര്‍ന്ന് പരിസ്ഥിതിയും കൃഷിയുമായി ബന്ധപ്പെട്ട പല സമ്മേളനങ്ങളിലും ക്യാംപുകളിലും വിജിത്ത് പങ്കെടുത്തു. ഇതില്‍ മണ്ണൂത്തിയിലെ ക്യാംപില്‍ വച്ചാണ് വാണിയെ പരിചയപ്പെടുന്നത്. കണ്ണൂരാണ് വിജിത്തിന്റെ സ്വദേശം.

വീട്ടിലെ ചെറുകിട കൃഷിയൊഴിച്ചാല്‍ ഈ മേഖലയുമായി കാര്യമായി ബന്ധമില്ലാതിരുന്ന വിജിത്തിന്‍റേതില്‍ നിന്നും വിപരീതമായിരുന്നു വാണിയുടെ ചുറ്റുപാട്. പാരമ്പര്യമായി കൃഷി ചെയ്തിരുന്ന കുടുംബത്തിലെ അംഗമായിരുന്നു വാണി. അമ്മയും, മുത്തശ്ശിയും കൃഷിക്കാര്‍. ഇരുവരില്‍ നിന്നും ലഭിച്ച പാഠങ്ങള്‍ വാണിക്ക് പ്രചോദനമായി. അതുകൊണ്ട് തന്നെ വാണി പഠിക്കാന്‍ തിരഞ്ഞെടുത്തതും കൃഷിയാണ്. പ്ലസ് ടു കഴിഞ്ഞ് മെഡിക്കല്‍ എന്‍ട്രന്‍സില്‍ മികച്ച മാര്‍ക്ക് ലഭിച്ചിട്ടും അത് വേണ്ടെന്നു വച്ചാണ് വാണി കാര്‍ഷിക സര്‍വകലാശാലയില്‍ ചേര്‍ന്നത്. വീട്ടുകാരുടെ  എതിര്‍പ്പിനെ ചെറുത്ത് തോല്‍പ്പിച്ചായിരുന്നു ഈ വഴിമാറിയുള്ള നടത്തം.

നെല്ല് കൊയ്യാന്‍ താമസിച്ചപ്പോള്‍ നീട്ടിവച്ച വിവാഹം

മതപരമായ ചടങ്ങുകളെല്ലാം ഒഴിവാക്കിയുള്ള ഒരു വിവാഹമാണ് ഇരുവരും ഇഷ്ടപ്പെട്ടത്. വിജിത്തിന്‍റെ വീട്ടുകാര്‍ക്ക് ഇതിനോട് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ വാണിയുടെ വീട്ടുകാരെ സങ്കടപ്പെടുത്തുന്നതായിരുന്നു ഈ തീരുമാനം. എന്നാല്‍ ഒടുവില്‍ വാണിയുടെ നിലപാടിനൊപ്പം അവര്‍ നിന്നു. ചടങ്ങുകള്‍ ഒഴിവാക്കിയെന്നു മാത്രമല്ല സദ്യ മുതല്‍ വസ്ത്രധാരണത്തില്‍ വരെ ഈ ലാളിത്യമുണ്ടായിരുന്നുവെന്നാണ് വിജിത്ത് പറയുന്നത്. സ്വന്തം തോട്ടത്തിലെ പച്ചക്കറികള്‍ കൊണ്ടായിരുന്നു സദ്യയ്ക്കുള്ള വിഭവങ്ങള്‍ ഒരുക്കിയത്. ഇരുവര്‍ക്കും പിന്തുണയുമായി സുഹൃത്തുക്കളും പരിസ്ഥിതി പ്രവര്‍ത്തകരുമുണ്ടായിരുന്നു.

സദ്യയ്ക്കുള്ള അരിയും സ്വന്തം കൃഷിയിടത്തില്‍ നിന്നു തന്നെയാണ് വിജിത്തും വാണിയും എത്തിച്ചത്. ഇരുവരും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു വിതച്ചതും കൊയ്തതുമെല്ലാം. ആദ്യം നവംബറിലാണ് വിവാഹം നിശ്ചയിച്ചതെങ്കിലും കൊയ്ത്ത് താമസിച്ചതോടെ ഇത് ഡിസംബറിലേക്കു മാറ്റി. വിവാഹ നിശ്ചയ ദിവസം ഇരുവരും ഇലഞ്ഞി മരം നട്ടതായിരുന്നു ആ ദിവസത്തെ ഏക ചടങ്ങെന്നും വിജിത്ത് പറയുന്നു. വിവാഹത്തിന്‍റെ അന്നും ഇവർ മരങ്ങള്‍ നട്ടു. വാണിയുടെ കോളജിലെ വിദ്യാർഥികളാണ് വൃക്ഷതൈകള്‍ കൊണ്ടുവന്നത്. 

12 വര്‍ഷം മുന്‍പാണ് മണ്ണൂത്തിയിലെ ക്യാംപ് നടന്നത്. രണ്ട് വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹിതരായി. ഇന്ന് വിവാഹം പത്തു വര്‍ഷം പിന്നിടുമ്പോള്‍ സ്വപ്നം കണ്ടപോലൊരു ജീവിതമാണ് ഇരുവരും നയിക്കുന്നത്. എന്നാൽ വാണിക്ക് ഇപ്പോഴും സ്വപ്നങ്ങള്‍ ബാക്കിയുണ്ട്. ഇതില്‍ ഒന്നിന്‍റെ പുറകെയാണ് വാണിയിപ്പോള്‍. അത് നേടിയെടുക്കാന്‍ തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് പഠനത്തിലാണ് വാണി.

കൃഷിയുടെ വിശേഷങ്ങള്‍

മുന്‍പ് പുരയിടത്തില്‍ നെല്ലിനായിരുന്നു പ്രാധാന്യം. ഇരുവരും ഒരുമിച്ചു കൃഷി ആരംഭിച്ചതോടെ നെല്ലിനു പുറമേ പച്ചക്കറി കൃഷിയുംതുടങ്ങി. വെണ്ട, പയര്‍, തക്കാളി, പച്ചമുളക്, വഴുതന, കാന്താരി, പടവലം, കോവല്‍, പാവല്‍, ചീര.. ഇങ്ങനെ ഒട്ടുമിക്ക പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. ഓരോ സീസണ്‍ അനുസരിച്ചാണ് പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ തിരഞ്ഞെടുക്കുന്നത്. ഒന്നും ഒഴിവാക്കാറില്ലെന്നും അത്യാവശ്യം വൈവിധ്യങ്ങള്‍ എല്ലാ പച്ചക്കറിയിലുമുണ്ടെന്നും വിജിത്ത് പറയുന്നു. കാച്ചില്‍, ചേമ്പ് തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങളുടെയും പല വ്യത്യസ്ത ഇനങ്ങള്‍ കൃഷിയിടത്തിലുണ്ട്.

കാലിവളര്‍ത്തല്‍

കൃഷിക്ക് പുറമെ കാലി വളര്‍ത്തലിലും ദമ്പതികള്‍ സജീവമാണ്. നാടന്‍ പശുക്കള്‍, ആട് ,കോഴി, കാള  എന്നിവയാണ് ഇപ്പോഴുള്ളത്. നാടന്‍ പശുവിന് പാല്‍ വളരെ കുറവേ ഉണ്ടാകൂവെങ്കിലും പാല്‍ ആവശ്യത്തിനല്ലാതെ കറന്നെടുക്കാറില്ല പശുക്കിടാവിന് അവകാശപ്പെട്ടതാണ് പാല്‍ എന്നാണ് ഇവരുടെ കാഴ്ചപ്പാട്. മത്സ്യകൃഷിയാണ് ഇവര്‍ ആരംഭിക്കാനിരിക്കുന്ന പുതിയ ഉദ്യമം. ഇതിനായി പറമ്പിൽ കുളമൊരുക്കിക്കഴിഞ്ഞു എന്നാണ് വിജിത്ത് പറയുന്നത്. 

വളവും രോഗപ്രതിരോധവും

കാലികളില്‍ നിന്നു ലഭിക്കുന്ന ചാണകവും കോഴിക്കാഷ്ഠവും ആട്ടിന്‍കാഷ്ഠവുമെല്ലാമാണ് ഇവിടെ വളമാക്കുന്നത്. പുറമേ നിന്ന് വളം വാങ്ങേണ്ടി വരുന്നില്ല. കീടനിയന്ത്രണത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഒരേ സ്ഥലത്ത തന്നെ ഒരേ കൃഷി ചെയ്യാറില്ല.വരികള്‍  തിരിച്ച് ഒരു വരിയില്‍ പച്ചമുളകാണെങ്കില്‍ മറ്റേതില്‍ തക്കാളി എന്നിങ്ങനെ വ്യത്യസ്തമായിട്ടാണ് കൃഷി ചെയ്യുന്നത്. അതുകൊണ്ടു തന്നെ രോഗം വരുന്നത് കുറയും. ഒരേ വിളകള്‍ തന്നെ അടുപ്പിച്ച് ചെയ്താല്‍ രോഗം വരാന്‍ സാധ്യത കൂടുതലാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. രോഗം കുറയ്ക്കാന്‍ വ്യത്യസ്ത വിളകള്‍ ഒരുമിച്ചു നട്ടാല്‍ മതിയെന്നത് പരീക്ഷിച്ചു വിജയിച്ച കാര്യമാണെന്നും വിജിത്ത് പറയുന്നു

കുളങ്ങളുടെ പ്രാധാന്യം

നാലര ഏക്കര്‍ ഭൂമിയില്‍ 10 കുളങ്ങളുണ്ട്. ആദ്യം രണ്ട് കുളങ്ങളാണ് ഉണ്ടായിരുന്നത് എന്നാല്‍ പ്രകൃതിയുടെ സ്വാഭാവികത നിലനിര്‍ത്തുന്നതില്‍ ഈ ഭൂപ്രദേശത്ത് കുളങ്ങളുടെയും കാവിന്‍റെയും പ്രാധാന്യം ഇരുവരും മനസ്സിലാക്കി. ഇതോടെ കൂടുതല്‍ കുളങ്ങൾ നിര്‍മിക്കുകയായിരുന്നു. വാണിയുടെ നീര്‍ത്തടപദ്ധതിയില്‍ ജോലി ചെയ്ത പരിചയും കുളങ്ങള്‍ നിര്‍മിക്കാന്‍ തുണയായി. കുളം കുഴിച്ചതോടെ, സ്ഥിരമായി വെള്ളം കയറിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ വെള്ളം കയറാറില്ലെന്നും വിജിത്ത് പറയുന്നു.

കൃഷിക്ക് ഈ കുളങ്ങളിലെ വെള്ളമാണുപയോഗിക്കുന്നത്. കുളങ്ങളില്‍ കാരി എന്ന ശുദ്ധജലമത്സ്യമുണ്ട്. കൂടാതെ  താറാവുകളും മറ്റും  ഇറങ്ങുന്നതില്‍ നിന്നും ചുറ്റുമുള്ള മരങ്ങളിലെ കരിയിലകള്‍ കുളത്തിൽ വീണും  ജലം ധാതുക്കളാലും പോഷകങ്ങളാലും സമ്പന്നമാണ്.  കൂടാതെ  ആമ, വെള്ളത്തില്‍ ജീവിക്കുന്ന പാമ്പുകൾ കുളക്കോഴി ഇവയെല്ലാമുണ്ട് ഈ കുളങ്ങളില്‍.അങ്ങനെ നല്ല വളമുള്ള വെള്ളമാണ് കുളത്തിലേത്. ഇതാണ് കൃഷിക്കുപയോഗിക്കുന്നത്. പിന്നെ കുളിക്കാനും  ജീവജാലങ്ങള്‍ക്കും വേണ്ടി മറ്റ് രണ്ട് കുളങ്ങളുമുണ്ട്. കാലാവസ്ഥയില്‍ എപ്പോഴും നനവ് സൃഷ്ടിക്കുകയെന്നതാണ് കുളങ്ങളും പച്ചപ്പും ഒരുക്കിയതിലൂടെ ലക്ഷ്യമിട്ടതെന്നു വിജിത്ത് പറയുന്നു. 

നാലര ഏക്കറിലെ ഭൂരിഭാഗം വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചതാണ്. കാട് വളർത്തിയതും വാണിയുടെ ശ്രമഫലമായാണെന്നു വിജിത്ത് പറയുന്നു. "വാണി തന്നെയാണ് ഈ കാടിന് പിന്നില്‍. ഞാനും സുഹൃത്തുക്കളും പിന്തുണ നല്‍കി. പിന്നെ വീട്ടില്‍ സുഹൃത്തുക്കളൊക്കെ വരുമ്പോള്‍ അവര്‍ക്ക് വൃക്ഷതൈ നല്‍കും. അവരത് നട്ടിട്ടേ പോകൂ. അങ്ങനെ പലരും നട്ട മരങ്ങളാണിവിടെ നിറഞ്ഞുനില്‍ക്കുന്നത്. ഇപ്പോഴും ഈ രീതി തുടരുന്നുണ്ട്. സ്ഥലവും കലാവാസ്ഥയുമൊക്കെ നോക്കി ഇപ്പോഴും ഇവിടെ വരുന്നവര്‍ ഒരു തൈയെങ്കിലും നടാറുണ്ടെന്നും വിജിത്ത് വ്യക്തമാക്കി. 

ജൈവ കലവറ

പേര് സൂചിപ്പിക്കുന്നതു പോലെ കൃത്രിമത്വം തെല്ലും കലരാത്ത ഉൽപന്നങ്ങളുള്ള ഒരു കടയുണ്ട് ഈ ദമ്പതികള്‍ക്ക്. നാലര ഏക്കറില്‍ ഉൽപാദിപ്പിക്കുന്ന വിളകള്‍ ഇവിടെ നിന്നു വാങ്ങാം. കൂടാതെ ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച ബാഗുകളും, പഴ്സുകളും, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും, വീട് അലങ്കരിക്കാനുള്ള വസ്തുക്കളും, പെയിന്‍റിങ്ങുകളും ഇവിടെ ലഭിക്കും. ഇതില്‍ കൃഷിയുൽപന്നങ്ങള്‍ ഒഴികെ മറ്റ് വസ്തുക്കള്‍ കണ്ണൂരിലെ വിജിത്തിന്‍റെ വീട്ടില്‍ നിന്നെത്തുന്നതാണ്. വീട്ടില്‍ അമ്മയാണ് പ്രധാന കലാകാരി. ബാഗുകളും, കരകൗശല വസ്തുക്കളുമെല്ലാം അമ്മയാണ് ഉണ്ടാക്കുന്നത്.അനുജത്തി അഷിതയാണ് ചിത്രകാരി. അഷിതയും ജീവിത പങ്കാളി ലെനീഷും വയനാട്ടില്‍ കൃഷി ചെയ്യുന്നുണ്ട്. അപൂര്‍വ ഇനത്തില്‍ പെട്ട 250 തിലധികം സസ്യങ്ങളുടെ ശേഖരം ലെനീഷിനുണ്ടെന്ന് വിജിത്ത് പറയുന്നു. 

കൃഷിയെ അറിയാം പഠിക്കാം

വരുന്ന തലമുറ കൃഷിയുടെ പ്രാധാന്യം മനസ്സിലാകേണ്ടതുണ്ട്. ഇതിനു വഴിയൊരുക്കുകയാണ് വിജിത്തിന്‍റെയും വാണിയുടേയും ലക്ഷ്യങ്ങളിലൊന്ന്. ഇതിനു സഹായകരമായ ക്യാംപുകളും കൂട്ടായ്മകളും ഈ കൃഷിയിടത്തില്‍ തന്നെ ഇവർ സംഘടിപ്പിക്കാറുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള ക്യാപുകളും നടത്താറുണ്ട്,. കളിപ്പാട്ട നിര്‍മാണം, നാടകക്കളരി, ജൈവ ഭക്ഷണം, പാചകം, കൃഷിയെ അറിയല്‍ ഇവയെല്ലാം കുട്ടികള്‍ക്കായുള്ള ക്യാംപിലുണ്ടാകുമെന്നും വിജിത്ത് പറയുന്നു.