വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടെത്തിയത് പുതിയ തവള ഇനത്തെ!
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പുതിയ തവള ഇനത്തെ ഗവേഷകർ കണ്ടെത്തി. മൈക്രിലെറ്റ എന്ന ജനുസിൽ പെടുന്നതാണു പുതിയ സ്പീഷീസ്. ഈ ജനുസിൽ ഇപ്പോൾ 4 സ്പീഷീസുകളാണുള്ളത്. ഇവയെയെല്ലാം ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിൽ നിന്നാണു കണ്ടെത്തിയിട്ടുള്ളത്. വിശദമായ ഡിഎൻഎ വിശകലനത്തിനു ശേഷമാണ് ഇതിനെ പുതിയ സ്പീഷീസ് ആയി അംഗീകരിച്ചത്.
ഡൽഹി സർവകലാശാല, വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയിലെ ശാസ്ത്രജ്ഞർ ഇന്തൊനീഷ്യ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സഹകരണത്തോടെ നടത്തിയ ഗവേഷണത്തിലാണ് പുതിയ സ്പീഷീസിനെ കണ്ടെത്തിയത്. ഇതു സംബന്ധിച്ച പ്രബന്ധം രാജ്യാന്തര ശാസ്ത്ര പ്രസിദ്ധീകരണമായ പീയർ ജെയിൽ പ്രസിദ്ധീകരിച്ചു.
ഡൽഹി സർവകലാശാലയിലെ ഗവേഷകനും തിരുവനന്തപുരം സ്വദേശിയുമായ ഡോ.എസ്.ഡി.ബിജു, ഡോ.സൊനാലി ഗാർഗ്, വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.അഭിജിത് ദാസ്, ഇന്തൊനീഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ആമിർ ഹാമിദി, ടെക്സസ് സർവകലാശാലയിലെ എറിക് എൻ.സ്മിത് എന്നിവരാണു ഗവേഷക സംഘത്തിൽ ഉണ്ടായിരുന്നത്.
വടക്കുകിഴക്കൻ ഇന്ത്യയിൽ ഇനിയും ഒരുപാടു പുതിയ തവളയിനങ്ങൾ ഉണ്ടാകുമെന്നു തീർച്ചയാണെന്നു ഡോ.അഭിജിത് ദാസ് പറഞ്ഞു. പശ്ചിമഘട്ടത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ ഉഭയജീവികളെ വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നു കണ്ടെത്താനാകുമെന്നു ഡോ.ബിജു അഭിപ്രായപ്പെട്ടു.
ജനവാസ മേഖലയിൽ കണ്ണിൽപെടാതെ
മൈക്രിലെറ്റ ഐഷാനി എന്നാണു പുതിയ ഇനത്തിനു നൽകിയ ശാസ്ത്രീയ നാമം. മനുഷ്യവാസമുള്ള സ്ഥലങ്ങൾക്കു സമീപത്തു നിന്നു തന്നെയാണ് ഇവയെ കണ്ടെത്തിയത് എന്നതാണു ഗവേഷകരെ അത്ഭുതപ്പെടുത്തുന്നത്. അസമിലെ കച്ചാർ ജില്ലയിൽ നിന്നാണു കണ്ടെത്തിയതെങ്കിലും ത്രിപുര, മണിപ്പുർ എന്നിവിടങ്ങളിലും ഇതിന്റെ സാന്നിധ്യം ഗവേഷകർ സ്ഥിരീകരിച്ചു. ബംഗ്ലദേശ്, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് വിയറ്റ്നാം എന്നിവിടങ്ങളിലും ഇവ ഉണ്ടാകാനിടയുണ്ടെന്നാണു ഗവേഷകരുടെ നിഗമനം.