സാമൂഹിക വിരുദ്ധർ നശിപ്പിച്ച മരത്തിന് വൃക്ഷ ചികിത്സ നൽകി പരിസ്ഥിതി പ്രവർത്തകർ. തിരുവല്ല എംസി റോഡിൽ മുത്തൂർ സെന്റ് ആന്റണീസ് പള്ളിയുടെ മുന്നിൽ നിൽക്കുന്ന 15 അടിയോളം ഉയരമുള്ള പൂവാക മരമാണ് കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. മരത്തിന്റെ ശിഖരങ്ങൾ എല്ലാം ഒടിഞ്ഞ നിലയിലാണ്.ഇന്നലെ വൈകിട്ട് സംസ്ഥാന വനം-വന്യജീവി ബോർഡ് അംംഗവും വനമിത്ര അവാർഡ് ജേതാവുമായ കെ. ബിനു, ഓയ്സ്കാ ഇന്റർനാഷനൽ കോട്ടയം ചാപ്റ്റർ സെക്രട്ടറി ഗോപകുമാർ കങ്ങഴ, കോട്ടയം നേച്ചർ സൊസൈറ്റി അംഗങ്ങളായ അനീഷ് ശശിദേവൻ, ഹരികുമാർ മാന്നാർ, ഡോ. ജോജി ജോഷ്വ, ഗോകുൽ ഹരികുമാർ , എന്നിവർ ചേർന്ന് മരത്തിന്റെ നിലനിൽപ്പിനായി ചികിത്സ നൽകി

.മണ്ണ്, പച്ചച്ചാണകം, കദളിപ്പഴം, എള്ള്, നെയ്യ് എന്നിവ ചേർത്ത മിശ്രിതം മരത്തിൽ പൊതിഞ്ഞ്, തുണികൊണ്ടു ചുറ്റിയാണ് സുഖചികിത്സ നൽകിയിരിക്കുന്നത്.കെഎസ്ടിപിയുടെ നേതൃത്വത്തിൽ എം സി റോഡ് നവീകരിച്ചിരുന്നു. ഇതിനുശേഷം റോഡ് വക്കിൽ വൃക്ഷത്തൈകൾ നട്ട് പരിപാലിക്കണം എന്നതായിരുന്നു വ്യവസ്ഥ.റോഡ് നിർമാണം കഴിഞ്ഞ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാതിരുന്നതിനാൽ പൊതുമരാമത്ത് മന്ത്രി, വനം വകുപ്പ് മേലധികാരികൾ, കലക്ടർ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് പരാതികൾ നൽകിയശേഷമാണ് ചെങ്ങന്നൂർ മുതൽ ചങ്ങനാശേരി വരെയുള്ള ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടത്.ഇതിൽ പലതും പരിചരണമില്ലാതെ നശിക്കുകയും ചിലത് സാമൂഹികവിരുദ്ധർ നശിപ്പിക്കുകയും ചെയ്തു. പ്രതികൂലങ്ങളെ അതിജീവിച്ച് കുറച്ചു മരങ്ങൾ നന്നായി വളരുന്നുണ്ട്.