അപൂർവ ഭൂഗർഭ വരാൽ തിരുവല്ലയിലെ കിണറ്റിലും; പുറത്തെത്തിച്ചത് മഹാപ്രളയം!
വരാൽ വർഗത്തിൽപ്പെട്ട അപൂർവ ഭൂഗർഭ മത്സ്യം സംസ്ഥാനത്തു വീണ്ടും. നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക്‌സ് റിസോഴ്സസ് (എൻബിഎഫ്ജിആർ) കൊച്ചി കേന്ദ്രത്തിലെ ഗവേഷകൻ രാഹുൽ ജി. കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു തിരുവല്ല സ്വദേശി അരുൺ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റിൽ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയത്. 13 സെന്റിമീറ്ററാണു നീളം.
ഭൂമിക്കടിയിൽ താമസമാക്കിയതിനാൽ മലയാളിക്ക് ഇഷ്ടമുള്ള പേരും നൽകി, ‘എനിഗ്‌മചന്ന മഹാബലി’. ഭൂഗർഭ വരാൽ ഇനത്തിൽ ഇതുവരെ കണ്ടെത്തിയ രണ്ടാമത്തെ മത്സ്യമാണിതെന്നു ഗവേഷകർ പറയുന്നു. ഇവയിലൊന്നിനെ (എനിഗ്‌മചന്ന ഗോളം) ആദ്യം കണ്ടെത്തിയതു മുൻപ് മലപ്പുറം ജില്ലയിലാണ്.
മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള അജീറിന്റെ നെല്‍വയലില്‍ നിന്നാണ് അന്ന് അപൂർവ മത്സ്യത്തെ കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ സ്വഭാവിക ആവാസ്ഥ വ്യവസ്ഥയായ ഭൂഗര്‍ഭ ജലഅറയില്‍ നിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ് സാധ്യത. കണ്ടെത്തിയ മത്സ്യത്തിന് 9.2 സെന്റി മീറ്റര്‍ നീളമുണ്ടായിരുന്നു.
കേരളത്തില്‍ പൊതുവേ കാണപ്പെടുന്ന വരാല്‍ ഇനങ്ങള്‍ ഉള്‍പ്പടെ സ്‌നേക്ക്ഹെഡ് വര്‍ഗത്തില്‍ ഇതുവരെ 250 ഇനം മത്സ്യങ്ങളെയാണ് ലോകത്താകമാനം കണ്ടെത്തിയിട്ടുള്ളത്. നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യാ ഭൂഖണ്ഡങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ജലോപരിതലത്തില്‍ നിന്നു വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവയ്ക്ക്. അതുകൊണ്ട് തന്നെ വെള്ളമില്ലാത്ത അവസ്ഥയില്‍ കരയില്‍ ആഴ്ചകളോളം ജീവിക്കാന്‍ വരാല്‍ മത്സ്യങ്ങള്‍ക്കു കഴിയും.
കുളങ്ങളും വയലുകളിലെ നീര്‍ച്ചാലുകളും ഉള്‍പ്പെടുന്ന ഉപരിതല ജല ആവാസവ്യവസ്ഥയിലാണ് ഇവ ജീവിക്കുന്നത്. എന്നാല്‍ ഇതിനു വിപരീതമായി ഇപ്പോള്‍ കണ്ടെത്തിയ പുതിയ ഇനം വരാല്‍ ഭൂഗര്‍ഭജല അറകളും ഭൂഗര്‍ഭജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ള മത്സ്യമാണ്. അതുകൊണ്ടു തന്നെ ഇവയ്ക്ക് ജലോപരിതലത്തില്‍ നിന്ന് ശ്വസിക്കാനുള്ള കഴിവുമില്ല. ശുദ്ധജല മത്സ്യങ്ങളുടെ വര്‍ഗവും ഇനവും തിരിച്ചുള്ള പഠനത്തില്‍ നിര്‍ണായകമായ വഴിത്തിരിവാണ് പുറം ലോകത്തിന്റെ കണ്ണില്‍ പെടാതെ, ഭൂഗര്‍ഭ ജലാശയങ്ങളില്‍ ഒളിച്ചു ജീവിക്കുന്ന ഭുഗര്‍ഭജല വരാല്‍ മത്സ്യ വിഭാഗത്തിന്റെ കണ്ടെത്തൽ. മഹാപ്രളയമാണ് ഇത്തരം മത്സ്യങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കു പുറത്തെത്തിച്ചത് എന്നാണ് അനുമാനം.