ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കെനിയന്‍ ജനത നേരിട്ടത് ഇങ്ങനെ; നമുക്കും മാതൃകയാക്കാം!
കെനിയയുടെ മധ്യഭാഗത്തായുള്ള മലമേഖലകള്‍ എന്നും ഉരുള്‍പൊട്ടലിന്‍റെയും മലയിടിച്ചിലിന്‍റെയും ഭീതിയിലാണ്. ഇവിടെ മഴക്കാലമെത്തുന്നത് വളരെ കുറച്ച് നാളത്തേക്ക് മാത്രമാണെങ്കിലും ഈ സമയത്ത് ഉണ്ടാകുന്ന നാശനഷ്ടങ്ങളും ആളപായവും ചെറുതായിരുന്നില്ല. അതുകൊണ്ട് തന്നെ മഴക്കാലമെത്തുമ്പോഴെ മലമ്പ്രദേശത്തുള്ളവര്‍ മറ്റെല്ലാമുപേക്ഷിച്ച് തങ്ങളുടെ വീടുകളില്‍ നിന്നിറങ്ങി താഴ്‌വാരത്തെ ക്യാമ്പുകളിലോ ബന്ധുവീടുകളിലോ അഭയം പ്രാപിക്കും. പക്ഷേ ഇന്ന് ഇവരില്‍ വലിയൊരു വിഭാഗവും ഈ ശീലം ഉപേക്ഷിച്ചു. മഴക്കാലത്തും ധൈര്യമായി സ്വന്തം വീടുകളില്‍ ഉറങ്ങാന്‍ ഇവരെ സഹായിച്ചത് മുളങ്കൂട്ടങ്ങളാണ്.
മലഞ്ചെരുവുകളില്‍ മണ്ണിടിച്ചില്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ മുളകൾ വൻതോതിൽ നട്ടുപിടിപ്പിച്ചത്. മറ്റ് വിളകളോടൊപ്പം ഇടയ്ക്കിടയ്ക്കാണ് മുള നട്ടിരിക്കുന്നതെന്നതിനാല്‍ ഇത് പ്രദേശവാസികളുടെ വരുമാനത്തെയും ബാധിച്ചിട്ടില്ല. മലഞ്ചെരുവുകളില്‍ മാത്രമല്ല നദിയോരങ്ങളിലും ഈ പ്രദേശത്തെ് ഇപ്പോള്‍ മുളങ്കൂട്ടങ്ങള്‍ കാണാം. നദിയിലേക്ക് മണ്ണിടിഞ്ഞ് ഒഴുക്കു തടസ്സപ്പെട്ട് പുഴ കര കവിഞ്ഞൊഴുകാതിരിക്കാന്‍ ഈ മുളങ്കൂട്ടങ്ങളുടെ സാന്നിധ്യം സഹായിക്കും. കൂടാതെ നദിയിലേക്കൊഴുകുന്ന വെള്ളം ശുദ്ധീകരിക്കാനും മുള ഉപകാരപ്പെടും.
മരമല്ലാത്ത മരം
മുള ഒരു മരമല്ല, മറിച്ച് പുല്ലുവര്‍ഗത്തില്‍ പെട്ട ചെടിയാണ്. പക്ഷേ ഒരു മരം ചെയ്യുന്ന ഒട്ടുമിക്ക പ്രവര്‍ത്തികളും പ്രയോജനങ്ങളും മുളകൊണ്ട് മനുഷ്യര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ മരമല്ലാത്ത മരം എന്നാണ് കെനിയക്കാര്‍ മുളയെ വിളിയ്ക്കുന്നത്. നെയ്റോബി ആസ്ഥാനമായി പ്രവര്‍ത്തികേകുന്ന പരിസ്ഥിതി സംഘടനയുടെ ചുമുതലക്കാരിയായ നഫ്തായി മുംഗായി ആണ് മണ്ണിടിച്ചില്‍ തടയാനുള്ള മാര്‍ഗം എന്ന നിലയില്‍ മുളവിത്തുകള്‍ ഈ മേഖലയിലെത്തിച്ചത്. ഒരു തായ്‌വേരില്‍നിന്നു മാത്രം 50 മുളകള്‍ വരെ പൊട്ടുന്ന വേരുകളാണ് ഇവിടെ വിതരണം ചെയ്തത്. അതുകൊണ്ട് തന്നെ 2-3 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ മേഖലയില്‍ മുള കൊണ്ടുള്ള മാറ്റം ദൃശ്യമായി കഴിഞ്ഞു.
ഇന്ന് കേരളത്തില്‍ അനുഭവപ്പെടുന്നതുപോലെ കുറച്ച് സമയത്തിനുള്ളില്‍ വലിയ അളവിലുള്ള മഴ എന്ന പ്രതിഭാസമാണ് കെനിയയിലുമുള്ളത്. അതുകൊണ്ട് തന്നെ വലിയ അളവില്‍ വെള്ളം മണ്ണിലേക്കിറങ്ങുമ്പോള്‍ അത് പിടിച്ചു നിര്‍ത്താന്‍ ശേഷിയില്ലാതെ മണ്ണിടിയുകയാണ് ചെയ്യുന്നത്. മുളയുടെ വേരുകള്‍ മണ്ണിന് ബലം നല്‍കുന്നു. ഇതോടെ മണ്ണിടിച്ചില്‍ ഉണ്ടാകില്ലെന്നു മാത്രമല്ല ഭൂഗർഭജലം മണ്ണില്‍ ശേഖരിക്കപ്പെടുന്നതിനും സഹായിക്കുന്നു.
തേയിലത്തോട്ടങ്ങളിലെ മുള
കെനിയയിലെ ഈ മലമ്പ്രദേശങ്ങളിലെ പ്രധാന കൃഷി തേയിലയാണ്. അതുകൊണ്ട് തന്നെ വന്‍മരങ്ങള്‍ വ്യാപകമായി നശിപ്പിച്ച ശേഷമാണ് ഇവിടെ തേയില കൃഷി തുടങ്ങിയിട്ടുണ്ടാകുക. തേയിലയുടെ വളർച്ചയെ ബാധിക്കുമെന്നതിനാല്‍ ഇപ്പോഴും പലരും മുള നട്ടുപിടിപ്പിക്കാന്‍ പലരും തയാറായിട്ടില്ല. ഇങ്ങനെ മുള നട്ടു പിടിപ്പിക്കാത്ത മേഖലയിൽ പലരുടേയും ഭൂമിയും വീടും മറ്റും 2016 ലുണ്ടായ വലിയ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ മുള വളര്‍ന്നു നിന്ന പ്രദേശങ്ങളില്‍ ഇത് സംഭവിച്ചില്ല എന്നതും ശ്രദ്ധേയമാണ്. പലരും മുളയ്ക്കൊപ്പം തന്നെ പൈന്‍ ഉള്‍പ്പടെയുള്ള ചില മരങ്ങളും തേയിലകള്‍ക്കിടയില്‍ നടുന്നുണ്ട്.
മുള എന്ന വിള
മുള പല തരത്തില്‍ വരുമാനമാര്‍ഗം നൽകുന്ന ഒരു ചെടി കൂടിയാണ്. ഒന്നാമതായി മറ്റു മരങ്ങളെ പോലെ വെട്ടിയെടുത്താല്‍വീണ്ടും നടണമെന്ന സ്ഥിതി മുളയ്ക്കില്ല. തായ്‌വേരില്‍നിന്ന് ഈ ചെടിയുടെ പുതിയ മുളകള്‍ പൊട്ടി വരും. കെട്ടിടും പണിയാനും ഗൃഹോപകരണങ്ങള്‍ ഉണ്ടാക്കാനും മുതല്‍ മുളയരി പോലുള്ള ഭക്ഷ്യപദാർഥങ്ങള്‍ വരെ ഈ ചെടികളില്‍ നിന്ന് ലഭ്യമാണ്. ഏതാണ്ട് 983 ഡോളര്‍ ഒരു വര്‍ഷം ഒരു തായ്‌വേരില്‍നിന്ന് പൊട്ടിമുളയ്ക്കുള്ള മുളകളില്‍ നിന്നു ലഭിക്കുമെന്നാണ് കെനിയില്‍ ഇതേക്കുറിച്ച് പഠനം നടത്തിയ റോയിട്ടേഴ്സിന്‍റെ റിപ്പോർട്ടില്‍ പറയുന്നത്.
പക്ഷേ ഒരു വിളയെന്നതിനേക്കാള്‍ ഇനിയുള്ള കാലം പ്രകൃതിയെ രക്ഷിക്കാനുള്ള ചെടി എന്നതാണ് മുളയുടെ പ്രാധാന്യമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. മണ്ണൊലിപ്പുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ തടയാന്‍ കോടിക്കണക്കിന് രൂപ ചിലവാക്കിയാണ് പല പദ്ധതികളും തയ്യാറാക്കുന്നത്. ഇതൊന്നും തന്നെ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുമില്ല. അതേസമയം ഏതാനും മാസങ്ങള്‍ കൊണ്ടു തന്നെ വളര്‍ന്ന് വേരുകള്‍ ശക്തമാകുന്ന മുളയ്ക്ക് നിഷ്പ്രയാസം ഈ ദൗത്യം നിര്‍വഹിക്കാനാകുമെന്നതാണ് സത്യം. ആ സത്യം തിരിച്ചറിഞ്ഞാൽ കേരളത്തിലും ആവർത്തിച്ചെത്തുന്ന ഉരുൾപ്പൊട്ടലുകൾക്ക് തടയിടാനാകും.