ചുരുണ്ട് പിണഞ്ഞ കാലുകൾ, ഓറഞ്ച് നിറം; അലാസ്ക്കൻ തീരത്തടിഞ്ഞത് അപൂർവജീവി, ദൃശ്യങ്ങൾ!
നേർത്ത ഓറഞ്ച് നിറവും ചുരുണ്ട് പിണഞ്ഞ നിരവധി കാലുകളുമായി അലാസ്കൻ തീരത്ത് കിട്ടിയ അപൂർവജീവിയെ കണ്ട അമ്പരപ്പിലാണ് ശാസ്ത്രലോകം. അലാസ്ക്കൻ തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളിയുടെ വലയിലാണ് അന്യഗ്രഹജീവിയെപ്പോലുള്ള ഈ ജീവി കുടുങ്ങിയത്.
ചുരുണ്ടുപിണഞ്ഞ നീളൻ കാലുകൾ ഈ ജീവി താളത്തിൽ ചലിപ്പിക്കുന്ന ദൃശ്യങ്ങൾ സാറാ വാസർ ആൽഫ്രഡ് ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നീരാളിയെപ്പോലെ തോന്നിക്കുന്ന ഈ ജീവിയുടെ ശരീരത്തിനടിയിലായി നേർത്ത ഞരമ്പുകളും ദൃശ്യമായിരുന്നു. സാറാ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച അപൂർവ ജീവിയുടെ ദൃശ്യങ്ങൾ ഇതുവരെ 1.2 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. അലാസ്കയിലെ പ്രിൻസ് ഓഫ് വേൽസ് ദ്വീപിനു സമീപത്തു നിന്നാണ് ഈ ആഴക്കടൽ ജീവിയെ കണ്ടെത്തിയത്.
ബ്രിട്ടിൽ സ്റ്റാർസ് എന്നറിയപ്പെടുന്ന നക്ഷത്രമത്സ്യങ്ങളുടെ ഗണത്തിൽ പെടുന്ന ബാസ്ക്കറ്റ് സ്റ്റാർ എന്ന നക്ഷത്രമത്സ്യമാണിതെന്ന് ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ശിഖരങ്ങൾ പോലെ കാണപ്പെടുന്ന കൈകളാണ് ഇവയുടെ പ്രത്യേകത. ആഴക്കടലിന്റെ അടിത്തട്ടിലൂടെ വേഗത്തിൽ നീങ്ങാൻ ഇവയെ സഹായിക്കുന്ന ചുരുണ്ട് പിണഞ്ഞു കിടക്കുന്ന ഈ കാലുകളാണ്. സ്വാഭാവിക ആവാസവ്യവസ്ഥയിൽ വളരുകയാണെങ്കില്‍ മൂന്ന് അടിയോളം നീളം വയ്ക്കുന്നവയാണ് ബാസ്ക്കറ്റ് സ്റ്റാറുകൾ.