ടാൻസാനിയയിൽ നിന്നും കെനിയയിലേക്കുള്ള  വൈൽ‍ഡ് ബീസ്റ്റുകളുടെ കുടിയേറ്റം പ്രസിദ്ധമാണ്. മാസായ് മാറ നദി കടന്നാണ് ഇവയുടെ ഇവിടേക്കുള്ള കുടിയേറ്റം. വിശന്നു വലഞ്ഞിരിക്കുന്ന നൂറുകണക്കിന് നൈൽ മുതലകളാണ് ഇവിടെ ഇവയെ കാത്തിരിക്കുന്നത്. മാറാ നദി താണ്ടി ഇക്കരയെത്തുകയെന്നത്  വൈൽ‍ഡ് ബീസ്റ്റുകളുടെ ഭാഗ്യത്തെ ആശ്രയിച്ചിരിക്കും.

വൈൽ‍ഡ് ബീസ്റ്റുകളുടെ കുടിയേറ്റം പകർത്താനെത്തിയ വന്യജീവി ഫൊട്ടോഗ്രഫറായ ക്രിസ് ബ്രേ ആണ് കൂറ്റൻ മുതലയുടെ കൂർത്ത പല്ലുകൾക്കിടയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട  വൈൽ‍ഡ് ബീസ്റ്റിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

Image Credit:Chris Bray/ Caters News

നിരവധി വൈൽ‍ഡ് ബീസ്റ്റുകളെ അകത്താക്കിയതിനാലാകണം ഇതിനെ മുതല വിട്ടുകളഞ്ഞതെന്നാണ്  ക്രിസ് ബ്രേയുടെ നിഗമനം. മുതലകൾ നിരവധി വൈൽ‍ഡ് ബീസ്റ്റുകളെ ഇരയാക്കുന്ന ദൃശ്യങ്ങൾ നേരിൽ കാണാനും പകർത്താനും സാധിച്ചെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ദൃശ്യം ഇതാണെന്ന് ക്രിസ് വ്യക്തമാക്കി.

വായും തുറന്ന് അരികിലേക്ക് വരുന്ന മുതലയുടെ പിടിയിൽ നിന്ന് പാവം വൈൽ‍ഡ് ബീസ്റ്റ് രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. മനോഹരമായ ഒരു ദൃശ്യം പകർത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ക്രിസ് അവിടെ നിന്നു മടങ്ങിയത്.