പൂച്ചയെ തുരത്തുന്നതിനിടയിൽ മരത്തിനു മുകളിൽ അകപ്പെട്ട നായ; പിന്നീട് സംഭവിച്ചത്?
മരം കയറുന്ന കാര്യത്തിൽ പൂച്ചകൾ പുലിക്കുട്ടികളാണ്. ഏതു വമ്പൻ മരത്തിലും നിഷ്പ്രയാസം പിടിച്ചു കയറാൻ പൂച്ചകൾക്കു കഴിയും. എന്നാൽ നായകൾക്ക് മരം കയറ്റം വശമില്ല. കാരണം അവയുടെ ശരീര ഘടനയും കാൽപാദങ്ങളും നഖങ്ങളുമൊന്നും മരം കയറ്റത്തിന് അനുയോജ്യമല്ല എന്നതുതന്നെ. എന്നാൽ കഴിഞ്ഞ ദിവസം കലിഫോർണിയയിൽ നടന്ന സംഭവം എല്ലാവരേയും അമ്പരപ്പിച്ചു. മരത്തിനു മുകളിൽ അകപ്പെട്ട നായയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.
ബദ്ധശത്രുവായ പൂച്ചയെ തുരത്തുന്നതിനിടയിലാണ് നായ മരത്തിനു മുകളിൽ അകപ്പെട്ടത്.നായയിൽ നിന്നു രക്ഷപെടാനായി സമീപത്തു വീണു കിടന്ന മരത്തിൽ കയറിയ പൂച്ചയുടെ പിന്നാലെ നായയും മരത്തിലേക്ക് കയറുകയായിരുന്നു. മുകളിലെത്തിയപ്പോഴാണ് നായയ്ക്ക് അബദ്ധം പിണഞ്ഞെന്നു വ്യക്തമായത്. തിരിച്ചിറങ്ങാൻ കഴിയാതെ നിസ്സഹായനായി നിൽക്കുന്ന നായയെക്കുറിച്ച് അഗ്നിശമനസേനാ വിഭാഗത്തിനെ അറിയിച്ചത് സമീപവാസികളാണ്.
ജർമൻ ഷെപേർഡ് വിഭാഗത്തിൽ പെട്ട നായയാണ് മരത്തിനു മുകളിൽ അകപ്പെട്ടത്. സുരക്ഷാജീവനക്കാരെത്തി ഏണി ഉപയോഗിച്ച് മരത്തിൽ കയറിയാണ് നായയെ രക്ഷപെടുത്തിയത്. നായയെ മാറ്റിയ ഉടൻ മരക്കൊമ്പിലിരുന്ന പൂച്ച താഴേക്ക് ചാടുകയും ചെയ്തു. പൂച്ചയുടെയും നായയുടെയും ആരോഗ്യം തൃപ്തികരമാണെന്ന് ഇവർ വ്യക്തമാക്കി. പൂച്ചയുടെ പിന്നാലെ മരത്തിൽ കയറുന്നതിന് മുൻപ് നായ ഇനി രണ്ട് വട്ടം ആലോചിക്കും എന്ന അടിക്കുറുപ്പോടെയാണ് ലാത്രോപ് മാൻടെകാ ഫയർ ഡിസ്ട്രിക്ട് അവരുടെ ഔദ്യോഗിക ഫെസ്ബുക്ക് പേജിൽ ഈ ചിത്രങ്ങൾ പങ്കുവച്ചത്.
English Summary: Firefighters Called To Rescue Dog Stranded On Tree After Chasing Cat