ആളിപ്പടരുന്ന കാട്ടുതീയിൽ അരമില്യണിലധികം ജീവജാലങ്ങൾ വെന്തൊടുങ്ങിയ ഓസ്ട്രേലിയയിൽനിന്നും നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പടർന്നുപിടിക്കുന്ന തീയുടേയും  വെന്തുരുകിയ മൃതശരീരങ്ങളുടെയും  ജീവൻരക്ഷാ പ്രവർത്തകരുടെയും നിരവധി വിഡിയോകളാണ് ഇവയിൽ ഭൂരിഭാഗവും. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി അല്പം കൗതുകം ഉണർത്തുന്ന ഒരു ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നു.

ഓസ്ട്രേലിയയിൽ കാണപ്പെടുന്ന മാഗ്പൈ വിഭാഗത്തിൽപ്പെട്ട ഒരു പക്ഷി അടിയന്തര സർവീസുകളുടെ സൈറൺ അതേപടി അനുകരിക്കുന്ന വിഡിയോയാണിത്.  ന്യൂ സൗത്ത് വെയിൽസിലെ ന്യൂകാസിൽ എന്ന സ്ഥലത്തു നിന്നുമാണ് ദൃശ്യം പകർത്തിയിരിക്കുന്നത്.അനുകരണ കലയിൽ അതിവിദഗ്ധരാണ് മാഗ്‌പൈ പക്ഷികൾ. 

പക്ഷികളിലെ തന്നെ 35 ഇനങ്ങളുടെ ശബ്ദവും അതിനു പുറമേ നായ, കുതിര എന്നീ മൃഗങ്ങളുടെ ശബ്ദവും അതേപടി അനുകരിക്കാൻ ഇവയ്ക്ക്ു സാധിക്കും. മനുഷ്യനുമായി അടുത്തിടപഴകുന്നവയാണെങ്കിൽ മനുഷ്യ ശബ്ദവും ഇവയ്ക്ക് വഴങ്ങാറുണ്ട്. കാട്ടുതീ പടർന്നു പിടിച്ചതിനെ തുടർന്ന് നിരന്തരമായി അടിയന്തര സർവീസുകളുടെ ശബ്ദം കേട്ടതിനാലാവണം സൈറനുകൾ അനുകരിക്കാൻ ഇവയ്ക്ക് സാധിച്ചത്. ഓസ്ട്രേലിയയിലെ മുൻ ത്രറ്റൺഡ് സ്പീഷീസ് കമ്മീഷണറായ ഗ്രിഗറി ആൻഡ്രൂസ് ആണ് പക്ഷിയുടെ ദൃശ്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

English Summary: Australian Magpie Mimicking Emergency Sirens