പുള്ളിപ്പുലിയും മോണിട്ടർ ലിസാർഡും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വാലുകൊണ്ട് പുള്ളിപ്പുലിയെ വലിച്ചടിച്ചാണ് മോണിട്ടർ ലിസാർഡ് നേരിടുന്നത്. സാംമ്പിയയിലെ കൈന്‍ഗു സഫാരി ലോഡ്ജിനു സമീപത്തു നിന്നും 2018 പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ഈ ദൃശ്യങ്ങൾ ഇന്ന് ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് വീണ്ടും ചർച്ചയായത്.

കോസ്റ്റാ ഫ്രാഞ്ചസ്ക്കൈഡ്സ് ആണ് സാംബിയിൽ നിന്നും ഈ ദൃശ്യങ്ങൾ പകർത്തിയത്. വാട്ടർ മോണിട്ടർ അഥവാ നൈൽ മോണിട്ടർ എന്നറിയപ്പെടുന്ന വലിയയിനം പല്ലിയുമായിട്ടായിരുന്നു പുള്ളിപ്പുലിയുടെ പോരാട്ടം. സാധാരണ അപകടത്തിൽ അകപ്പെട്ടാൽ സമീപത്തുള്ള വെള്ളത്തിലേക്ക് ചാടിയാണ് ഇവ രക്ഷപെടുന്നത്. എന്നാൽ ഇവിടെ സാഹചര്യങ്ങൾ മോണിട്ടർ ലിസാർഡിനു പ്രതികൂലമായിരുന്നു. തൊട്ടടുത്തൊന്നും രക്ഷപെടാനായി ജലാശയങ്ങളോ അരുവികളോ ഒന്നുമുണ്ടായിരുന്നില്ല. 

വനത്തിനു നടുവിലുള്ള റോഡിലേക്കാണ് രണ്ട് പുള്ളിപ്പുലിക്കുട്ടികൾ ചേർന്ന് മോണിട്ടർ ലിസാർഡിനെ ഓടിച്ചു കയറ്റിയത്. കൂട്ടത്തിൽ ആദ്യമെത്തിയ പുള്ളിപ്പുലിയാണ് ആദ്യം ആക്രമിച്ചത്. നീണ്ട വാലുകൊണ്ട് പുള്ളിപ്പുലിയുടെ മുഖത്ത് വലിച്ചടിച്ചായിരുന്നു മോണിട്ടർ ലിസാർഡ് പ്രതിരോധിച്ചത്. എന്നാൽ പുള്ളിപ്പുലിയുടെ കരുത്തിനു മുന്നിൽ അധികനേരം ചെറുത്തുനിൽക്കാൻ മോണിട്ടർ ലിസാർഡിനായില്ല. മോണിട്ടർ ലിസാർഡിന്റെ കഴുത്തിൽ പിടിമുറിക്കി പുള്ളിപ്പുലി അതുമായി കാടിനുള്ളിലേക്ക് ഓടിമറഞ്ഞു.

English Summary: Leopard Vs Monitor Lizard Fight