രാത്രിയുടെ മറവിൽ ഉറങ്ങുന്ന മുതലയുടെ വായിൽ നിന്നും മാംസം മോഷ്ടിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. സാംബിയയിലെ ലുവാങ്‌വാ ദേശീയ പാർക്കിലാണ് അപൂർവ സംഭവങ്ങൾ അരങ്ങേറിയത്. ഇവിടെയാണ് വായ്ക്കുള്ളിൽ ഇരയുടെ മാംസം കടിച്ചു പിടിച്ച് മുതല ഉറങ്ങിയത്. രാത്രിയിൽ ഇരതേടിയിറങ്ങിയ പുള്ളിപ്പുലി വായിൽ മാംസം കടിച്ചു പിടിച്ചുറങ്ങുന്ന മുതലയുടെ അടുത്തെത്തി മാംസം കടിച്ചെടുത്ത് ഓടുകയായിരുന്നു.

ഈ സമയമത്രയും മുതല അനങ്ങാതെ കിടന്നുറങ്ങുകയായിരുന്നു. വലിയയിനം മാൻ വർഗത്തിൽ ഏതോ ജീവിയെയാണ് മുതല ഇരയാക്കിയിരുന്നത്. ഇതിന്റെ മാംസവും വായിൽ കടിച്ചു പിടിച്ചായിരുന്നു മുതലയുടെ ഉറക്കം. ആദ്യം ഒരു ചെറിയ കഷണം മാംസവും തട്ടിയെടുത്തോടിയ പുള്ളിപ്പുലി വീണ്ടും ഭക്ഷണത്തിനായി മുതലയുടെ അരികിലെത്തി. ഇത്തവണ മുതലയുടെ വായിൽ നിന്ന് ഇരയുടെ കാലുൾപ്പെടുന്ന വലിയ മാംസക്കഷണവുമായാണ് പുള്ളിപ്പുലി മടങ്ങിയത്. ഇത്തവണ മുതല കണ്ണു തുറന്ന് പുള്ളിപ്പുലിയെ നോക്കിയെങ്കിലും ആക്രമണത്തിനൊന്നും മുതിർന്നില്ല.

വൈൽഡ് ലൈഫ് ഫിലിം മേക്കറായ നിക്കോൾ ഡങ്കൂറാണ് 2019 ഓഗസ്റ്റിൽ ഈ അപൂർവ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. രാത്രികാലങ്ങളിലെ മൃഗങ്ങളുടെ ഇരതേടൽ നിരീക്ഷിക്കാനെത്തിയതായിരുന്നു നിക്കോളും സംഘവും. ഭക്ഷണത്തിനുവേണ്ടിയുള്ള മൃഗങ്ങളുടെ കലഹങ്ങളും ഇവർ പകർത്തി. പുള്ളിപ്പുലിയുടെ മോഷണം പകർത്തി മടങ്ങുന്നതിനിടയിൽ നദീതീരത്ത് ഇരയുമായി വിശ്രമിക്കുന്ന മറ്റൊരു പുള്ളിപ്പുലിയേയും സംഘം കണ്ടെത്തി. ഇവിടെ പുള്ളിപ്പുലിയുടെ ഇരയെ തട്ടിയെടുത്ത് മടങ്ങിയത് രണ്ട് മുതലകൾ ചേർന്നാണെന്നതാണ് രസകരമായ കാര്യം. ഇരയെ തട്ടിയെടുത്ത മുതലകൾക്കു പിന്നാലെ പായുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളും ഇവർ പകർത്തിയിരുന്നു.

English Summary: Leopard Pulling out Meat from Sleeping Crocodile’s Mouth