പലരും വിതുമ്പുന്നു, മണ്ണിൽ നമസ്കരിക്കുന്നു. മഞ്ഞപട്ടു പുതപ്പിച്ചു പൂക്കളുടെ നടുവിൽ അങ്ങുറങ്ങുകയാണ്
പത്മനാഭനെ ഗുരുവായൂർ വലിയ കേശവൻ അനുസ്മരിക്കുന്നു...
ഈ പേര് എങ്ങനെ കിട്ടിയെന്നു എനിക്കറിയില്ല. എന്നാൽ ഇതെനിക്കു ഭാരമായി തോന്നിയത് അങ്ങയോടു ചേർന്നു നിൽക്കുമ്പോൾ മാത്രമാണ്. സാക്ഷാൽ ഗുരുവായൂർ പത്മനാഭനൊടൊപ്പം നിൽക്കുമ്പോൾ ഞാൻ എങ്ങനെയാണു വലിയവനാകുക. എനിക്കു പത്മനാഭൻ ജേഷ്ഠനോ അച്ഛനോ ആയിരുന്നില്ല. ശരിക്കും ഗുരുവായൂരപ്പൻതന്നെയായിരുന്നു. എനിക്കെന്നല്ല എത്രയോ പേർക്ക് അങ്ങനെയാണ്.
വെറുതെ ചങ്ങലക്കിട്ടു നിർത്തിയ അങ്ങയുടെ മുന്നിൽ വെറും മണ്ണിൽ നമസ്ക്കരിക്കുന്ന എത്രയോ പേരെ ഞാൻ കണ്ടിട്ടുണ്ട്. കുട്ടികളെക്കൊണ്ടു ദേഹത്തു തൊടുവിച്ചു കണ്ണിൽ കൈ ചേർത്തു തൊഴാൻ പറയുന്നവരെ കണ്ടിട്ടുണ്ട്. തിടമ്പേറ്റാത്ത സമയത്തുപോലും എല്ലാവരും അങ്ങയിൽ കണ്ടതു ഭഗവത് ചൈതന്യമാണ്. ഞാൻ ഗുരുവായൂരപ്പന്റെ ആനയായത് 26 വർഷം മുൻപാണ്. ഞാനെത്തുമ്പോൾ അങ്ങു ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയിട്ടു 40 വർഷമെങ്കിലും കഴിഞ്ഞിരുന്നു.
വന്ന കാലത്ത് എന്നെ എഴുന്നള്ളിച്ചിരുന്നത് അങ്ങയിൽ നിന്നു വളരെ ദുരെയാണ്. പിന്നീടു സ്ഥിരമായി അങ്ങയുടെ വലതുഭാഗത്തു നിർത്താൻ തുടങ്ങി. അന്നെല്ലാം തിടമ്പേറ്റി അങ്ങു നിൽക്കുന്നതു ഞാൻ കണ്ടിട്ടുള്ളതു നെഞ്ചിടിപ്പോടെയാണ്. അനക്കുകയോ കുമ്പിടുകയോ ചെയ്യാതെ തല ഉയർത്തിപ്പിടിക്കുമ്പോൾ എന്റെ നെറുകയിലുള്ളതു സാക്ഷാൽ ഗുരുവായൂരപ്പനാണെന്ന അഭിമാനം ഞാൻ കണ്ണുകളിൽ കണ്ടിരുന്നു. കുത്തുവിളക്കുമായി മുന്നിലുള്ളവർ നടന്നാൽ ആരുടെയും ആജ്ഞയ്ക്കു കാത്തുനിൽക്കാതെ സൂക്ഷ്മതയോടെ നടക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങളിൽ പലരും അവിടെനിന്ന് ഉറങ്ങിപ്പോകുമായിരുന്നു.
ശ്രീലകത്തുനിന്നു തിടമ്പുമായി വരുമ്പോൾ ആരും പറയാതെതന്നെ വലംകാൽ അമർത്തി അങ്ങ് ഇരിക്കുന്നതു കണ്ടിട്ടുണ്ട്. പുറത്തു തിടമ്പു കയറ്റി എല്ലാവരും സുഖമായി ഇരുന്നു എന്നുറപ്പാകുന്നതുവരെ അനങ്ങുക പോലുമില്ല. ഒരിക്കൽപ്പോലും തിടമ്പേറ്റിയ ശേഷം പത്മനാഭൻ വികൃതി കാട്ടിയതായി കേട്ടിട്ടില്ല. ഗോപുരം കടന്നു അകത്തേക്കു വരുമ്പോഴും പോകുമ്പോഴും ശ്രീലകത്തിനു മുന്നിൽനിന്നു തുമ്പി ഉയർത്തി വണങ്ങുന്നതു കണ്ടിട്ടുണ്ട്. ഇതെല്ലാം ആരാണു പഠിപ്പിച്ചതെന്നറിയില്ല.
ഉത്സവക്കാലത്തു ആറാട്ടിനായി പുറപ്പെടുന്നതിനു മുൻപ് അങ്ങയെ മേൽശാന്തി പൂജിക്കും, തുടർന്ന് അന്നം നൽകും. അതിനു ശേഷമാണു തിടമ്പു പുറത്തേക്കെടുക്കുക. ആ സമയത്തു ഭവ്യതയോടെ തല താഴ്ത്തി നിൽക്കുന്ന പത്മനാഭനെ കണ്ടവരാരും മറക്കില്ല. ഗുരുവായുരപ്പനെ നെറുകയിലേറ്റാൻ സ്വയം ഈശ്വരതുല്യനായി മാറുന്ന നിമിഷം. തിടമ്പേറ്റിയാൽ അതുവരെ കണ്ട പത്മനാഭനല്ല താനും. എഴുന്നള്ളിച്ചു നിർത്തുമ്പോഴെല്ലാം തുടർച്ചയായി ചെവിയാട്ടിയിരുന്ന അങ്ങ് ഒരിക്കൽപ്പോലും ഭാഗവാനെ നെറുകയിലേറ്റി ചരിഞ്ഞുനിന്നു ഉറങ്ങുന്നതും കണ്ടിട്ടില്ല.
76ലെ ആനയോട്ടത്തിന് ആദ്യം നിരന്ന ആനകളിൽ അങ്ങില്ലായിരുന്നു. പക്ഷേ, അവസാന നിമിഷം എവിടെനിന്നോ ഓടിക്കയറി മുന്നിലെത്തി ആ വർഷത്തെ ഉത്സവത്തിനു തിടമ്പേറ്റാനുള്ള യോഗ്യത നേടി. ആ കൊല്ലം ഗുരുവായൂർ കേശവൻ ഭഗവത്പദം പൂകി. ഗുരുവായൂരപ്പനെ ശിരസേറ്റാനുള്ള എന്റെ പിൻഗാമിയെ ഞാൻതന്നെ തിരഞ്ഞെടുത്തിരിക്കുന്നുവെന്നു കേശവൻ പറയുന്നതുപോലെ തോന്നി. പിന്നീടങ്ങോട്ടു വർഷങ്ങളോളം ഗുരുവായൂരപ്പന്റെ വാഹനം അങ്ങായിരുന്നു.
ഇപ്പോൾ ആയിരക്കണക്കിനാളുകളുടെ നീണ്ട നിര ഞാൻ കാണുന്നു. പലരും വിതുമ്പുന്നു, മണ്ണിൽ നമസ്കരിക്കുന്നു. മഞ്ഞപട്ടു പുതപ്പിച്ചു പൂക്കളുടെ നടുവിൽ അങ്ങുറങ്ങുകയാണ്. എന്നെപ്പോലെ ഒരു സാധാരണ ആനയ്ക്കു മരണമുണ്ട്. പക്ഷേ, ഇതു മരണമല്ല, ഗുരുവായൂരപ്പനിൽ അലിഞ്ഞു ചേരലാണ്. 60 വർഷത്തിലേറെ ഭാഗവാനെ നെറുകയിലേറ്റാൻ കഴിഞ്ഞ അങ്ങേയ്ക്ക് എങ്ങനെയാണു മരിക്കാനാകുക. ഇതു പരമപദം തന്നെയാണ്. എത്രയോ കാലം വലതുവശം ചേർന്നു എഴുന്നള്ളിച്ചു നിൽക്കാൻ പുണ്യം കിട്ടിയ ഞാൻ സാഷ്ടാഗം നമസ്കരിക്കുന്നു. ‘ഹന്ത ഭാഗ്യം ജനാനാം.
English Summary: Guruvayur temple elephant Gajaratnam Padmanabhan dies