മാലിന്യക്കൂമ്പാരത്തെ വനമാക്കി ചെന്നൈ നഗരത്തെ പച്ചപുതപ്പിച്ച മലയാളി; ഡോ. ആൽബി ജോൺ ഐഎഎസ്
തിരക്കേറിയ ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗത്ത് വളരുന്ന നിബിഡ വനം. കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നുമെങ്കിലും സംഗതി സത്യമാണ്. അതും ഒന്നല്ല മുപ്പതിൽ പരം വനങ്ങളാണ് ഇത്തരത്തിൽ ചെന്നൈയെ പച്ചപ്പണിയിച്ചു കൊണ്ട് വളർന്നുവരുന്നത്. കേരളീയർക്കും അഭിമാനിക്കാം. കാരണം ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് ഒരു മലയാളിയാണ്. മിയാവാക്കി മാതൃകയിൽ ചെന്നൈയിൽ വനങ്ങൾ വളർത്തുന്ന പദ്ധതിയെക്കുറിച്ച് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ റീജണൽ ഡെപ്യൂട്ടി കമ്മിഷണർ (സൗത്ത്) ആയ ഡോക്ടർ ആൽബി ജോൺ ഐഎഎസ് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
മാലിന്യ പ്രശ്നത്തിന് പരിഹാരമായി കണ്ടെത്തിയ ആശയം
ചെന്നൈ നഗരത്തിലെ കോട്ടൂർപുരം റെയിൽവേ സ്റ്റേഷനു സമീപത്തുള്ള അര ഏക്കറോളം വരുന്ന പ്രദേശത്ത് ജനങ്ങൾ കെട്ടിടാവശിഷ്ടങ്ങളും വീട്ടുമാലിന്യങ്ങളും കൊണ്ടു തള്ളുന്നത് പതിവായിരുന്നു. പരാതികൾ ഏറി വന്നതോടെ എങ്ങനെ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തി സ്ഥലം ഉപയോഗപ്രദമാക്കാം എന്നതിനെക്കുറിച്ച് സജീവമായ ചർച്ചകൾ ആരംഭിച്ചു. സാധാരണരീതിയിൽ ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കാമെന്നായിരുന്നു തുടക്കത്തിൽ ആലോചന. എന്നാൽ ഇതിനിടെ മിയാവാക്കി വനം എന്ന ആശയം മനസ്സിലേക്കെത്തി. മുൻപ് തൂത്തുക്കുടിയിൽ കോർപ്പറേഷൻ കമ്മീഷണറായി പ്രവർത്തിച്ചിരുന്ന സമയത്ത് ഇതേ രീതിയിൽ ഒരു വനം നട്ടു പിടിപ്പിച്ചിരുന്നു. ആ പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരോട് ആശയം പങ്കുവച്ചപ്പോൾ പൂർണ പിന്തുണയാണ് നൽകിയത്. അങ്ങനെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കോട്ടൂർ പുരത്ത് ചെന്നൈയിലെ ആദ്യ മിയാവാക്കി വനം നട്ടുപിടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. 1980 കളിൽ ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിര മിയാവാക്കിയാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ചെറിയ പ്രദേശങ്ങളെ വനമാക്കി മാറ്റുന്നതിനുള്ള മാതൃക വികസിപ്പിച്ചെടുത്തത്. മരങ്ങൾ തമ്മിൽ പരമാവധി അടുപ്പിച്ച് നടുന്നതാണ് മിയാവാക്കി മാതൃകയുടെ പ്രത്യേകത.
നേരിട്ട വെല്ലുവിളികളും മരങ്ങളുടെ പരിപാലനവും
മാലിന്യം നീക്കം ചെയ്യുക എന്നതുതന്നെയാണ് പ്രധാന വെല്ലുവിളിയായത്. വനം വികസിപ്പിച്ചെടുക്കുന്നതിന് ഒരു കൺസൾട്ടൻസിയുടെ സഹായവും തേടിയിരുന്നു. തിരഞ്ഞെടുത്ത പ്രദേശത്തെ മണ്ണ് മരങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. കോൺക്രീറ്റ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും അടിഞ്ഞ മണ്ണ് പൂർണമായി നീക്കം ചെയ്തശേഷം മരങ്ങളുടെ വളർച്ചയ്ക്ക് സഹായകരമായ രീതിയിൽ മണ്ണും ചകിരിച്ചോറുമെല്ലാം ഇട്ടു ഭൂമി ഒരുക്കിയെടുത്താണ് മരങ്ങൾ നട്ടത്. നാട്ടു മരങ്ങൾ മാത്രമാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ചെന്നൈയിലെ വരണ്ട കാലാവസ്ഥയാണ് മറ്റൊരു പ്രശ്നം. എന്നാൽ കൃത്യമായ ജലസേചനത്തിലൂടെ മരങ്ങളുടെ വളർച്ച ഉറപ്പുവരുത്താൻ സാധിക്കുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ കളകൾ നീക്കം ചെയ്യാനും ശ്രദ്ധിക്കുന്നുണ്ട്.
കൂടുതൽ മിയാവാക്കി വനങ്ങൾ
ഒരു പ്രത്യേക സ്ഥലത്തെ മാലിന്യപ്രശ്നത്തിന് പരിഹാരമായാണ് ഇത്തരം ഒരു പദ്ധതി ആരംഭിച്ചതെങ്കിലും പെട്ടെന്നുതന്നെ അത് ശ്രദ്ധ നേടുകയായിരുന്നു. വനത്തെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ വന്നതോടെ ചെന്നൈയുടെ പലഭാഗത്തു നിന്നും ഇതേ രീതിയിൽ വനം വളർത്തിയെടുക്കണം എന്ന ആഗ്രഹവുമായി അധികാരികൾ മുന്നിട്ടിറങ്ങി. അങ്ങനെ ഇതിനോടകം 31 ചെറു വനങ്ങളാണ് ചെന്നൈയിൽ വളരുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പിന്തുണയാണ് എടുത്തുപറയേണ്ട ഒരു കാര്യം. വനങ്ങളുടെ പരിപാലനത്തിന് സമീപപ്രദേശത്തെ ജനങ്ങളും ശ്രദ്ധ പുലർത്തുന്നുണ്ട്.
പ്രതീക്ഷയുടെ പച്ചത്തുരുത്തുകൾ
ചെന്നൈ പോലെയുള്ള വലിയ ഒരു പ്രദേശത്ത് അവിടെവിടെയായി ചെറു വനങ്ങൾ ഉയരുന്നത് പൂർണമായി മലിനീകരണത്തോത് കുറയ്ക്കാൻ സഹായിച്ചെന്നു വരില്ല. എങ്കിലും വനങ്ങളുടെ സമീപപ്രദേശത്ത് ചെറിയ മാറ്റങ്ങളുണ്ടായാൽ പോലും അത് വലിയ കാര്യമാണ്. വനങ്ങൾ വളരുന്നത് കണ്ട് അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആളുകൾ വീട്ടുമുറ്റത്തും പറമ്പിലുമൊക്കെ കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. റസിഡൻഷ്യൽ അസോസിയേഷനുകളും മറ്റും ഇതേ രീതിയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ മരങ്ങൾ നടന്നു. അത് തീർച്ചയായും പ്രകൃതിക്ക് ഗുണകരം തന്നെയാണ്. കോട്ടൂർ പുരത്തെ വനത്തിന് ചുറ്റുമായി ഒരു വോക്ക് വേയുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. നിലവിൽ മരങ്ങൾ വളർച്ചയുടെ പ്രാരംഭ ഘട്ടങ്ങൾ പിന്നിട്ടിട്ടില്ലാത്തതിനാൽ അടുത്ത വർഷത്തേക്ക് വോക്ക് വേ ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
പ്ലാസ്റ്റിക് ബൈ ബാക്ക് സ്കീം , ചേരിയുടെ പുനരുജ്ജീവനം – സേവനവഴിയിലെ പൊൻതൂവലുകൾ
മിയാവാക്കി വനം വളർത്തിയെടുക്കുക എന്നത് ഡോക്ടർ ആൽബി ജോണിന്റെ ജനസേവന പ്രവർത്തനങ്ങളുടെ പട്ടികയിൽ ഒന്ന് മാത്രമാണ്. അദ്ദേഹത്തിനു കീഴിൽ തൂത്തുക്കുടി കോർപ്പറേഷൻ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൽപാദകർക്ക് തന്നെ തിരിച്ചയച്ചു കൊണ്ട് എക്സ്റ്റന്റഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (EPR) നിലവിൽ വരുത്തുന്ന രാജ്യത്തെ ആദ്യത്തെ തദ്ദേശ ഭരണകൂടം എന്ന പദവി സ്വന്തമാക്കി. കണ്ണകി നഗർ എന്ന ചേരി പ്രദേശത്തെ പുനരുജ്ജീവിപ്പിച്ചതാണ് മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനം .
ആക്രമങ്ങളുടെ കേന്ദ്രമായി അറിയപ്പെട്ടിരുന്ന കണ്ണകി നഗർ ചേരി ഇന്ന് ചെന്നൈയിലെ ആദ്യത്തെ ആർട്ട് ഡിസ്ട്രിക്ട് ആണ് .ഇതിനെല്ലാം പുറമേ ഖരമാലിന്യ സംസ്കരണം, ട്രാൻസ്ജെൻഡറുകൾക്കു വേണ്ടി നടത്തിയ പ്രത്യേക പ്രവർത്തനങ്ങൾ തുടങ്ങി ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ജനസേവനത്തിന്റെ ഉദാത്ത മാതൃകയാണ് ഡോക്ടർ ആൽബി ജോൺ കാഴ്ചവയ്ക്കുന്നത്.
കരിയർ , കുടുംബം
എംബിബിഎസ് ബിരുദമെടുത്ത് ഹൗസ് സർജൻസിക്ക് ശേഷമാണ് സിവിൽ സർവീസിലേക്ക് കടന്നത്. കയ്യെത്തി പിടിക്കാനാവാത്ത മേഖലയാണ് സിവിൽസർവീസ് എന്നാണ് ആദ്യം കരുതിയതെങ്കിലും കോളജിലെ സുഹൃത്തുക്കൾ സിവിൽ സർവീസ് നേടിയത് പ്രചോദനമാവുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അടയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഭാര്യ ഗോപിക രാജീവും മകൻ സിദ്ധാർഥും അടങ്ങുന്നതാണ് ഡോക്ടർ ആൽബിയുടെ കുടുംബം.
English Summary: Interview with Doctor Alby John IAS