നന്മയുടെ കുഞ്ഞു ‘പൊയ്ക’കളാണു നാട്ടിലെങ്ങും. വേനൽക്കാലത്ത്, പക്ഷികൾക്കുള്ള ദാഹജലമാണീ കുഞ്ഞു പൊയ്കകളിൽ. സമൂഹമാധ്യമങ്ങളുടെ വരവോടെയാണു പാത്രങ്ങളിൽ പക്ഷികൾക്കായി ദാഹജലം സംഭരിച്ചു വയ്ക്കുന്ന പ്രവണത വ്യാപകമായതെങ്കിലും പണ്ടു മുതൽ തന്നെ ചിരട്ടകളിൽ പക്ഷികൾക്കു വെള്ളം നൽകുന്ന പതിവുണ്ടായിരുന്നുവെന്ന് മലബാർ നാച്വറൽ‍ ഹിസ്റ്ററി സൊസൈറ്റി പ്രസിഡന്റും പക്ഷിനിരീക്ഷകനുമായ സത്യൻ മേപ്പയൂർ പറഞ്ഞു. നാടു വളർന്നപ്പോൾ, നാട്ടുമ്പുറങ്ങൾ ഇല്ലാതായപ്പോഴാണ് ഈ ശീലവും അപ്രത്യക്ഷമായത്. അതാണിപ്പോൾ തിരിച്ചു വന്നിരിക്കുന്നത്. വളരെ നല്ല മാറ്റമാണിത്.’ സത്യൻ പറഞ്ഞു. 

വെള്ളം കുടിക്കാൻ കാട്ടുപക്ഷികളും

കാട്ടിലെ പക്ഷികളും നാട്ടിൽ വെള്ളം കുടിക്കാനെത്തുന്നുണ്ടെന്നു സത്യൻ മേപ്പയൂർ പറയുന്നു. ‘എന്റെ വീട്ടിൽ, കഴിഞ്ഞവർഷം എത്തിയ പക്ഷികളിൽ കുറിക്കണ്ണൻ കാട്ടുപുള്ള് (Orange headed ground thrush) ഉണ്ടായിരുന്നു.’ കാടിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിൽ കാട്ടുപക്ഷികളും വെള്ളം കുടിക്കാനെത്തുന്നതു പതിവാണ്. 

വെള്ളം കൊടുക്കുന്നതിൽ മത്സരവും

പക്ഷികൾക്കു വെള്ളം വയ്ക്കുന്നതു വ്യാപകമായതോടെ, പ്രകൃതി സ്നേഹികളുടെ കൂട്ടായ്മകൾ മത്സരം നടത്താനും തുടങ്ങി. പക്ഷികൾക്കായി വെള്ളം നൽകുന്നതു പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുകയാണ് ഇത്തരം മത്സരങ്ങളുടെ ലക്ഷ്യം. സ്വന്തം വീട്ടിലോ പറമ്പിലോ വച്ച പാത്രത്തിൽ നിന്നു വെള്ളം കുടിക്കുന്ന പക്ഷികളുടെ ഫോട്ടോ അയച്ചു കൊടുക്കുകയാണു വേണ്ടത്. 

വെള്ളം വയ്ക്കുന്നതിന്റെ ശാസ്ത്രം

ഭൂ നിരപ്പിൽ നിന്ന് 4–5 അടി ഉയരത്തിൽ, ഉറപ്പുള്ള ഏതെങ്കിലും പ്രതലത്തിൽ വെള്ളം വയ്ക്കുന്നതാണു നല്ലതെന്നു സത്യൻ മേപ്പയൂർ പറയുന്നു. ‘3 അടി വ്യാസമെങ്കിലും പാത്രത്തിനുണ്ടായിരിക്കണം. പാത്രത്തിന്റെ വലിപ്പം കൂടുന്നത്ര നല്ലതാണ്.’ എല്ലാ ദിവസവും വെള്ളം മാറ്റി നിറയ്ക്കണം. 2 ദിവസത്തിലൊരിക്കൽ നിർബന്ധമായും വെള്ളം മാറ്റണം. കാരണം, കൊതുക് അടക്കമുള്ളവ മുട്ടയിടും. വെള്ളപ്പാത്രം തൂക്കിയിടുന്നവരുണ്ട്. ഇതിൽ,ചെറിയ പക്ഷികൾക്കേ വന്നിരിക്കാൻ പറ്റൂ. വലിയ പക്ഷികൾ വന്നിരിക്കുമ്പോൾ, തൂക്കുപാത്രത്തിന്റെ ബാലൻസ് തെറ്റും. ചെറിയ പക്ഷികൾ, ഇത്തരം തൂക്കുപാത്രങ്ങളാണ് ഇഷ്ടപ്പെടുന്നതും. 

ആട്ടമ്മിക്കല്ലിനൊരു പുതിയ മുഖം

അടുക്കളയിൽ നിന്നു പുറത്തായ ആട്ടമ്മിയിൽ (അരി അരയ്ക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന, വട്ടത്തിലുള്ള അമ്മിക്കല്ല്) പലരുമിപ്പോൾ പക്ഷികൾക്കു വെള്ളം നിറച്ചു വച്ചിരിക്കുകയാണ്. കരിങ്കല്ലായതിനാൽ, വെള്ളത്തിനു നല്ല തണുപ്പുണ്ടാകും. കാടിനോടു ചേർന്നും അല്ലാതെയുമുള്ള സ്വാഭാവിക നീരുറവകളും ചെറു പൊയ്കകളും വേനൽക്കാലത്തു തീർത്തും വറ്റിവരളും. ഈ പൊയ്കകളിൽ വേനൽക്കാലത്തു വെള്ളം നിറയ്ക്കുന്ന കൂട്ടായ്മകൾ സംസ്ഥാനത്തിന്റെ പലഭാഗത്തുമുണ്ടെന്നു സത്യൻ മേപ്പയൂർ പറഞ്ഞു. ‘തട്ടേക്കാട്ട് വർഷങ്ങളായി ഇതു ചെയ്യുന്ന വീട്ടുകാരെ എനിക്കറിയാം. കാട്ടുപക്ഷികൾക്കു സ്വാഭാവിക പരിതസ്ഥിതിയിൽ തന്നെ വെള്ളം കിട്ടുന്നതു നല്ല കാര്യമാണ്.’ രാജസ്ഥാനിൽ, മണ്ണിൽ ചതുരത്തിൽ കുഴിയെടുത്ത്, പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ചെറു പൊയ്കകളുണ്ടാക്കി വെള്ളം നിറച്ചു വയ്ക്കുന്നവരുണ്ട്. ’ മൺ പാത്രത്തിൽ വെള്ളം നിറച്ചുവയ്ക്കുന്നവരും കുറവല്ല. 

രാത്രിയിലെത്തുന്ന അതിഥികൾ

പകൽ പക്ഷികളാണു ജലം തേടിയെത്തുന്നതെങ്കിൽ, ഇതേ പാത്രം തേടി രാത്രിയിൽ മറ്റു ചിലർ വരാറുണ്ട്. മെരു (ടോഡി കാറ്റ്), കീരി, ഉടുമ്പ് തുടങ്ങിയവരാണു രാത്രിയിലെ ഉപയോക്താക്കൾ. ‘ചൂടു കൂടുമ്പോൾ, ആർക്കാണു വെള്ളം കുടിക്കാൻ തോന്നാത്തത്?’ സത്യൻ ചോദിക്കുന്നു. 

ചതിക്കുന്നവരും

കിളി കുടിക്കുന്ന വെള്ളത്തിൽ ചതി കലർത്തുന്നവരുമുണ്ട്. വെള്ളം വച്ച്, കിളികളെ ആകർഷിച്ചു പിടികൂടുന്നവരുമുണ്ടെന്നും സത്യൻ മേപ്പയൂർ സ്ഥിരീകരിക്കുന്നു. ‘99.99% പേരും ആത്മാർഥമായാണു കിളികൾക്കു വെള്ളം നൽകുന്നത്. എന്നാൽ, കിളികളെ പിടിക്കാനുള്ള മാർഗമായി കാണുന്ന കുറച്ചു പേരെങ്കിലുമുണ്ട്. അതു ക്രൂരതയാണ് എന്നു മാത്രമേ പറയാനുള്ളു.’

English Summary: A help to our nature by providing water for birds and animals in Summer