ADVERTISEMENT

ലോകമൊന്നാകെ ഉറ്റുനോക്കുകയാണ് ചൈനയിലെ അലഞ്ഞുതിരിയുന്ന ആനക്കൂട്ടത്തിന്റെ യാത്ര. ഇവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും വാർത്തകളുമൊക്കെ ഏറെ ആകാംക്ഷയോടെയാണ് ലോകജനത കാത്തിരിക്കുന്നത്. യാത്രയ്ക്കിടയിൽ അടിപിടി കൂടുന്ന ആനകളുടെ രസകരമായ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പരസ്പരം ചവിട്ടുകയും തൊഴിക്കുകയുമൊക്കെ ഉന്തിമാറ്റുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും ഇത് അവയുടെ കുറുമ്പിന്റെ ഭാഗമാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാകും. കഴിഞ്ഞ ദിവസം ആനക്കൂട്ടം ചെളിവെള്ളത്തില്‍ കുളിക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിരുന്നു. 

ചൈന–മ്യാൻമർ അതിർത്തിയിലുള്ള, സിഷ്വങ്ബന്ന വന്യമൃഗസങ്കേതത്തിൽ നിന്നു 2020 മാർച്ചിലാണ് ആനക്കൂട്ടം യാത്ര തുടങ്ങിയത്.16 ആനകളാണ് തുടക്കത്തിൽ സംഘത്തോടൊപ്പം ഉണ്ടായിരുന്നത്. 100 കിലോമീറ്റർ പിന്നിട്ടതോടെ രണ്ടുപേർ തിരിച്ചു പോയി. ബാക്കി 14 പേർ യാത്ര തുടർന്നു. ഇതിനിടയിൽ ഒരു പിടിയാന പ്രസവിച്ചതോടെ അംഗസംഖ്യ 15 ആയി മാറി. 3 കൊമ്പനാന, 6 പിടിയാന, 6 കുട്ടിയാന എന്നിവരാണ് സംഘത്തിലുള്ളത്. 85 ലക്ഷം പേർ താമസിക്കുന്ന വൻനഗരമായ കുൻമിങ്ങിനു സമീപമെത്തിയശേഷം വന്നവഴിയിൽ തിരിച്ചു നടക്കുകയാണ് ഇപ്പോൾ ആനക്കൂട്ടം. കുൻമിങ്ങിൽ നിന്നു തെക്കുഭാഗത്തുള്ള യൂക്സി പട്ടണത്തിനു സമീപം ഷിജി ടൗൺഷിപ്പിലൂടെയാണ് ആനകളുടെ യാത്ര. ഇതുവരെ ഒരു മനുഷ്യനെ പോലും ഇവർ ആക്രമിച്ചിട്ടില്ല. ജനവാസമേഖലയിൽ പോലും വളരെ സമാധാനത്തോടെയാണ് ഇവയുടെ നടത്തം. സർക്കാർ തന്നെ ഇവർക്ക് വേണ്ട ഭക്ഷണവും വഴിയുെമാരുക്കി യാത്രയ്ക്ക് പിന്തുണ നൽകുന്നുണ്ട്.

ഇതുവരെ 500 കിലോമീറ്ററിലധികം ആനകൾ പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ 100 കിലോമീറ്റർ പിന്നിട്ടതോടെയാണ് ഇവരുടെ യാത്ര സമൂഹമാധ്യമങ്ങളിൽ വലിയ സംഭവമായത്. കഴിഞ്ഞ ബുധനാഴ്ച യുനാന്റെ തലസ്ഥാന നഗരമായ കുൻമിങ്ങിലേക്ക് ഇവരെത്തിയതോടെ അധികാരികൾ ഉണർന്നു പ്രവർത്തിച്ചു. അധികം നാശനഷ്ടമുണ്ടാക്കാത്ത രീതിയിൽ ബ്ലോക്കുകളും മറ്റുമൊഴിവാക്കി ഇവർ യാത്ര ക്രമീകരിച്ചു. 630 പേർ അടങ്ങുന്ന വിവിധ ടീമുകളും 103 വാഹനങ്ങളും 14 ഡ്രോണുകളും മറ്റു സംവിധാനങ്ങളും ആനകളുടെ രക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്. പൊലീസ് സുരക്ഷയുമുണ്ട്. ചോളം, കടച്ചക്ക, വാഴപ്പഴം തുടങ്ങി 1200 കിലോ ഭക്ഷണം സർക്കാർ ദിനംപ്രതി ഇവർക്കായെത്തിക്കുന്നു. യുനാൻ മാത്രമല്ല, ബെയ്ജിങ് നേരിട്ടാണ് ഇവരുടെ സംരക്ഷണത്തിനുള്ള നിർദേശങ്ങൾ നൽകുന്നത്. 

a-herd-of-wild-elephants-wandering-across-china-captivates-millions2
ചൈനയിലെ കുൻമിങ്ങിനു സമീപം ജിന്നിങ് ജില്ലയിലെ കൃഷിയിടത്തിലൂടെ സഞ്ചരിക്കുന്ന ആനക്കൂട്ടം.

ചൈനയിൽ അതീവ സംരക്ഷണം ആവശ്യമുള്ള വിഭാഗത്തിലാണ് ആനകൾ ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ ഇവരെ തൊട്ടാൽ തൊട്ടവർ അകത്താകും. 

യാത്രയ്ക്കിടെ കഴിഞ്ഞ തിങ്കളാഴ്ച ഷിയാങ് വനമേഖലയിൽ വിശ്രമിക്കുന്ന സംഘത്തിന്റെ ചിത്രം പുറത്തുവന്നതോടെയാണ് നടത്തം  ഇത്രയധികം ജനശ്രദ്ധ നേടിയത്. കുൻമിങ്ങിൽ നിന്നു തിരിച്ചു നടന്ന ആനകൾ, കുറച്ചുദൂരം പിന്നിട്ടശേഷം സിയാങ് ടൗൺഷിപ്പിനു സമീപം കൂട്ടമായി കിടന്നുറങ്ങി. ഉറക്കം കഴിഞ്ഞപ്പോൾ ഒരു സംഭവമുണ്ടായി. ഒരാന ഉണരാൻ താമസിച്ചു. മറ്റുള്ളവർ സ്ഥലം വിടുകയും ചെയ്തു. എഴുന്നേൽക്കാൻ വൈകിയ ആന ഇപ്പോൾ കുൻമിങ്ങിൽ ഒറ്റതിരിഞ്ഞു നടക്കുകയാണ്. ഇതിനെ നിരീക്ഷിക്കാൻ ഒരു പ്രത്യേക സംഘത്തെ സർക്കാർ ഏർപ്പാടാക്കിയിട്ടുണ്ട്. ഇടയ്ക്കു മറ്റൊരാന പുളിപ്പിച്ച ധാന്യങ്ങൾ കഴിച്ചതുമൂലം ലക്കുകെട്ടു കറങ്ങി ന‌ടന്നെന്നും റിപ്പോർട്ടുണ്ട്. 

ഇതിനിടയിൽ ചില്ലറ അബദ്ധങ്ങളും സംഭവിച്ചു. രണ്ടു കുട്ടിയാനകൾ കാനകളിൽ വീണു. തുടർന്നു മുതിർന്ന ആനകൾ ഇവരെ രക്ഷപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങളും പ്രചരിച്ചു. എങ്ങോട്ടാണ് ഇവരുടെ യാത്ര എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. തീറ്റ കുറഞ്ഞതോടെ കാടു വിട്ടു പുതിയ മേച്ചിൽപുറങ്ങൾ തേടി പോകുന്നതാകാം എന്നൊരു വിഭാഗം പറയുന്നു. നാട് കണ്ട് അവർ ഒരു ലോങ് മാർച്ച് നടത്തുകയാണ് എന്ന് മറ്റൊരു കൂട്ടർ. വഴിതെറ്റിയുള്ള പോക്കാണെന്ന അഭിപ്രായപ്പെടുന്നവരുണ്ട്. 

സാധാരണഗതിയിൽ ആനകൾ ജനിച്ച മേഖല വിട്ടുപോകാൻ ഇഷ്ടപ്പെടാറില്ല. സിഷ്വാങ്ബന്ന മേഖലയിലുള്ള ഭക്ഷണ, പാർപ്പിട ദൗർലഭ്യമാണ് ആനകളുടെ യാത്രയ്ക്കു വഴിവച്ചതെന്നാണു കരുതുന്നത്. മേഖലയിൽ കാർഷിക പ്രവർത്തനങ്ങൾ കൂടിയതു വനനശീകരണത്തിനു വഴിവച്ചിട്ടുണ്ടെന്നു പറയുന്നു. കോവിഡ് മൂലം ആനകളുടെ കാര്യത്തിൽ തദ്ദേശീയർക്കു ശ്രദ്ധ കുറഞ്ഞതും ഒരു കാരണമാകാമെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാലിതൊന്നുമല്ല, ഒരാന ആദ്യമിറങ്ങി, പിന്നാലെ മറ്റുള്ളവരുമിറങ്ങി. ആദ്യമിറങ്ങിയ ആൾക്കു വഴിയറിയില്ല, മറ്റുള്ളവർ അയാളെ വെറുതെ പിന്തുടരുന്നു– ഇങ്ങനെയും ഒരു സിദ്ധാന്തമുണ്ട്.

a-herd-of-wild-elephants-wandering-across-china-captivates-millions1

ഏഴരക്കോടിയോളം രൂപയുടെ നാശനഷ്ടങ്ങൾ ആനകൾ യാത്രയ്ക്കിടെ നടത്തി. കൃഷിയിടങ്ങളും ഫാമുകളുമൊക്കെ ചെറുതായി നശിപ്പിച്ചു. ഒരു വാഹന ഷോറൂമിലും ഇടയ്ക്കൊന്നു സന്ദർശനം നടത്തി. ഇടയ്ക്ക് ഇഷൻ ഗ്രാമത്തിലൂടെ പോയപ്പോൾ ഒരു വീട്ടിലെത്തിയ ആന ജനലിലൂടെ തുമ്പിക്കൈ അകത്തേക്കിട്ടു. ഇതു കണ്ട ഗൃഹനാഥൻ പേടിച്ചു കട്ടിലിനടിയിൽ ഒളിച്ചു. ചില വീടുകളുടെ കതകുകളിൽ തുമ്പിക്കൈ കൊണ്ടു തട്ടി തങ്ങൾ ഇവിടെയൊക്കെയുണ്ടെന്ന് അറിയിച്ചൊക്കെയാണ് ഇവരുടെ പോക്ക്. ഇതുവരെയുള്ള യാത്രയിൽ അഞ്ഞൂറോളം തവണ ഇവർ അല്ലറചില്ലറ പ്രശ്നങ്ങളുണ്ടാക്കിയെന്നു ചൈനീസ് അധികൃതർ പറയുന്നു.

ആനക്കൂട്ടത്തിന്റെ യാത്രയുടെ ദൃശ്യങ്ങളെല്ലാം ലോകമെമ്പാടുമുള്ള ആന പ്രേമികളുടെയും മൃഗസ്നേഹികളുടെയും മനസ്സ് മൊത്തത്തിൽ കവർന്നെടുത്തു. കോടിക്കണക്കിനു പേരാണു ചൈനീസ് ഏജൻസികളും വെയ്ബോ പോലുള്ള സമൂഹമാധ്യമങ്ങളും പുറത്തുവിടുന്ന ചിത്രങ്ങളും വിഡിയോകളും കാണാൻ കണ്ണുനട്ടിരിക്കുന്നത്.

English Summary: China's Wandering Elephants Are On The Move Again. Are They Headed Home?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com