ജീവിതം നഗരത്തിന് നടുവിൽ, ആരായിരുന്നു ജനങ്ങളുടെ പ്രിയപ്പെട്ട പ്യൂമ പി 22?
Mail This Article
നഗരത്തിന് നടുവിൽ സെലിബ്രിറ്റിയായി ജീവിച്ച ഒരു വന്യമൃഗം. അതിനെ ചുറ്റിപ്പറ്റി പാട്ടുകളും ചുവർചിത്രങ്ങളും എന്തിനേറെ പുതിയൊരു നിയമം തന്നെ സൃഷ്ടിക്കുന്ന മനുഷ്യർ. ഏതോ സങ്കല്പ കഥയിലെ കഥാപാത്രമായിരുന്നില്ല. ലൊസാഞ്ചലസിൽ യഥാർഥത്തിൽ അങ്ങനെ ജീവിച്ചു മരിച്ച ഒരു മൃഗമാണ് പി 22. ഹോളിവുഡ് ഹിൽസിലെ പ്രശസ്തമായ ഗ്രിഫിത്ത് പാർക്കിലെ അന്തേവാസിയായിരുന്നു ഈ പ്യൂമ. പി 22 എന്നാണ് പേരെങ്കിലും മൗണ്ടൻ ലയണുകൾ അഥവാ കൂഗറുകളിലെ ബ്രാഡ് പിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്.
എന്താണ് പി 22 വിന്റെ പ്രത്യേകത എന്നല്ലേ. ഇണയോ കൂട്ടുകാരോ തന്റെ വർഗത്തിൽപ്പെട്ട മറ്റേതെങ്കിലും ജീവികളോ ഒപ്പമില്ലാതെ പത്ത് വർഷത്തിലേറെയായി ഇവിടെ കഴിയുകയായിരുന്നു പി 22. നഗരത്തോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് പ്രദേശവാസികൾക്ക് ഒരു ശല്യവും ഉണ്ടാക്കാതെ കഴിയുന്ന കൂഗറിനെ അറിയാത്തവരും ഇഷ്ടപ്പെടാത്തവരുമായി ലൊസാഞ്ചലസിൽത്തന്നെ ആരുമുണ്ടായിരുന്നില്ലല്ല. പി 22 വിന്റെ സ്വൈര്യ ജീവിതത്തിന് തടസ്സമുണ്ടാക്കുന്ന എന്തെങ്കിലും സംഭവമുണ്ടായാൽ പ്രദേശവാസികൾ ഒന്നാകെ അതിനു പരിഹാരം തേടിയിറങ്ങുകയും ചെയ്തിരുന്നു.
2010 ൽ സാന്റ മോണിക്ക മലനിരകളിൽ ജനിച്ച പി 22, 2012ലാണ് മനുഷ്യരുടെ കണ്ണിൽപ്പെടാതെ 50 മൈലുകൾ താണ്ടി ഗ്രിഫിത്ത് പാർക്കിലെത്തിയത്. സാന്റ മോണിക്ക മലനിരകളിലെ മൗണ്ടൻ ലയണുകളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകരാണ് ഇതിന് പി 22 എന്ന പേര് നൽകിയത്. ഗ്രിഫിത്ത് പാർക്കിൽ ഏതൊക്കെ തരം ജീവികൾ ഉണ്ടെന്ന് കണ്ടെത്താൻ സ്ഥാപിച്ച ക്യാമറയിൽ പ്യൂമയെ കണ്ടതോടെ ഗവേഷകർക്ക് അദ്ഭുതമായി. അതിന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി കോളർ ബെൽറ്റും ഘടിപ്പിച്ചു. ഈ വിശേഷപ്പെട്ട അയൽവാസിയെ ഏറെ സ്നേഹത്തോടെയാണ് ലൊസാഞ്ചലസ് നഗരത്തിലുള്ളവരും സ്വീകരിച്ചത്. 8 ചതുരശ്ര മൈലുകൾ മാത്രമായിരുന്നു പി 22 വിന്റെ സഞ്ചാര മേഖല. സാധാരണഗതിയിൽ ആൺ കൂഗറുകൾ 150 ചതുരശ്ര മൈൽ വ്യാപ്തിയുള്ള പ്രദേശത്താണ് ജീവിക്കാറുള്ളത്.
മാനുകളടക്കമുള്ള ചെറു മൃഗങ്ങൾ ധാരാളമുള്ളതിനാൽ പി 22 വിന് പാർക്കിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടില്ലായിരുന്നു. എന്നാൽ ഇണചേരാൻ പോലും മറ്റൊരു കൂഗർ ഇല്ലാത്തതിനാൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിനു തൊട്ടടുത്താണ് ജീവിതമെങ്കിലും ഇന്നോളം ഒരാളെപ്പോലും പി 22 ആക്രമിച്ചിട്ടില്ലായിരുന്നു. 2014ൽ എലിവിഷം തിന്നു ചത്ത ഒരു ജീവിയെ ഭക്ഷിച്ചതിനെ തുടർന്ന് പി 22വിന് അസുഖ ബാധ ഉണ്ടായിരുന്നു. ഇതറിഞ്ഞ ജനങ്ങൾ ഇത്തരം വിഷങ്ങൾ വിപണിയിൽ ലഭ്യമാകുന്നതിനെതിരെ ശക്തമായ പ്രതിഷേധം തുടങ്ങി. ഇതേതുടർന്ന് മാരകമായ എലിവിഷം നിരോധിച്ചുകൊണ്ട് കലിഫോർണിയയിൽ പുതിയ നിയമം തന്നെ നിലവിൽ വന്നിരുന്നു.
2015ൽ അബദ്ധത്തിൽ ഒരു വീടിന്റെ അടിയിൽ പി 22 കുടുങ്ങിയത് മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യം നേടി. വനപ്രദേശത്ത് സ്വതന്ത്ര ജീവിതം നയിക്കുന്ന കൂഗറുകൾക്ക് പന്ത്രണ്ട് വയസ്സുവരെയാണ് സാധാരണഗതിയിൽ ആയുസ്സ്. എന്നാൽ നിയന്ത്രിത മേഖലയിലാണ് അവ കഴിയുന്നതെങ്കിൽ സംരക്ഷണം കൂടുതലുള്ളതു മൂലം 20 വർഷം വരെ ആയുർദൈർഘ്യം ഉണ്ടാവും. പി 22 വിന്റെ കാര്യത്തിൽ മറ്റ് ആക്രമണകാരികളായ വന്യജീവികളുടെ സാന്നിധ്യം ഗ്രിഫിത്ത് പാർക്കിൽ ഇല്ലാത്തതുമൂലം ആയുർദൈർഘ്യം അൽപം കൂടി കൂടാനും സാധ്യതയുണ്ടെന്ന് ഗവേഷകർ കരുതിയിരുന്നു. എന്നാൽ സമീപകാലത്തായി വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു.
പ്രദേശങ്ങളിലെ വളര്‍ത്തു മൃഗങ്ങളെയും മറ്റും ആക്രമിക്കുന്നത് കൂടിയതോടെയാണ് പി-22 ഇനി ഈ മേഖലയില്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന് അധികൃതര്‍ മനസ്സിലാക്കിയത്. ഇതിന് പുറമെ അപരിചിതത്വം മാറിയതോടെ മനുഷ്യരെയും പി-22 ആക്രമിച്ചേക്കുമോയെന്ന ആശങ്കയും ഉടലെടുത്തു. ഇതേ തുടര്‍ന്ന് പി-22 വിനെ അധികൃതര്‍ പിടികൂടി പരിശോധിച്ചിരുന്നു. എന്നാല്‍ പി-22 വിന്‍റെ ആരോഗ്യനില പരിതാപകരമാണെന്ന് ഇവര്‍ കണ്ടെത്തി. സമീപകാലത്ത് ഒരു കാറിടിച്ച് പി-22 ന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഈ പ്യൂമയുടെ ആരോഗ്യം നാള്‍ക്കുനാള്‍ മോശമായി വരുന്നു എന്നാണ് മെഡിക്കൽ സംഘം നിരീക്ഷിച്ചത്. തുടർന്ന് സംഘത്തിന്റെ നിര്‍ദേശപ്രകാരം പി 22നെ ശനിയാഴ്ച ദയാവധത്തിന് വിധേയമാക്കുകയായിരുന്നു.
പി 22 വിനെ വീട്ടുപരിസരത്ത് കണ്ടാൽ ഭയന്നൊളിക്കാതെ ഫൊട്ടോയും സെൽഫിയും വിഡിയോകളുമൊക്കെയെടുത്ത് ആഘോഷമാക്കുകയാണ് ഇവിടുത്തെ ജനങ്ങൾ ചെയ്തിരുന്നത്. ഈ സെലിബ്രിറ്റിക്ക് നിരവധി ആരാധകരാണ് ഇവിടെയുണ്ടായിരുന്നത്. അവരിൽതന്നെ കലിഫോർണിയയിലെ നാഷണൽ വൈൽഡ് ലൈഫ് ഫെഡറേഷൻ ഡയറക്ടറായ ബെത്ത് പ്രാറ്റ് അടക്കമുള്ള പലരും പി 22 വിന്റെ ചിത്രം ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുമുണ്ട്. 2022 വിടവാങ്ങുമ്പോൾ പ്രദേശവാസികളെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് അവരുടെ പ്രിയപ്പെട്ട പ്യൂമ പി 22 വും
English Summary: ‘The Brad Pitt of mountain lions’: how P22 became Los Angeles’ wildest celebrity