ആനകളിലെ ‘മോൺസ്റ്റർ’; ഒറ്റയാൻമാരുടെ ‘അന്തകൻ’: കൊലകൊല്ലി തോറ്റോടിയത് 5 കിമി!
ചോര മരവിപ്പിക്കുന്ന വില്ലൻ... മോൺസ്റ്റർ... ഏഷ്യയിലെ ഏറ്റവും മികച്ച താപ്പാനയെന്ന വിശേഷണത്തിന് അർഹൻ. കൊലകൊല്ലിയെ പൂട്ടിയ വീരൻ. പക്ഷേ അതിലൊന്നും ഒതുക്കേണ്ടതല്ല ഇവനെ. അതൊക്കെ ചെറുത്. 1972ൽ വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്ന സത്യമംഗലം കാട്ടിൽനിന്ന് ലക്ഷണമൊത്ത ഒരു കുട്ടിക്കൊമ്പനെ കിട്ടി. ഏകദേശം ആറു വയസ്സ് പ്രായം. കുറുമ്പ് അൽപം കൂടുതലാണെന്നു മനസ്സിലായതുകൊണ്ടാകും, വനം വകുപ്പ് ആനക്കുട്ടിയെ വരകളിയാർ ആന വളർത്തൽ കേന്ദ്രത്തിൽ ചട്ടം പഠിപ്പിക്കാൻ എത്തിച്ചു. കുറുമ്പൻ മാത്രമല്ല, ഇവൻ അതിബുദ്ധിമാനാണെന്നു കൂടി മനസ്സിലാക്കിയ പണിത്തഴക്കം വന്ന പാപ്പാന്മാർ അനെ ഒന്നാംതരം താപ്പാനയാക്കാമെന്നു (കുങ്കി) നിശ്ചയിച്ചു. എന്നാൽ അവർ പോലും അറിഞ്ഞിരുന്നില്ല, അവരുടെ കയ്യിലുള്ളത് ഒരു നിധിയായിരുന്നുവെന്ന്. വരുംകാലത്ത് ഒട്ടേറെ ആപത്തുകളിൽ അവർക്ക് തുണയാകുന്ന നിധി. ഡോക്ടർ കെ അഥവാ എലഫന്റ് ഡോക്ടർ എന്നറിയപ്പെട്ടിരുന്ന ഡോ. വി. കൃഷ്ണമൂർത്തിയാണ് മുതുമല ക്യാംപിൽ വച്ച് ഈ മിടുക്കന് കലീം എന്ന പേര് നൽകുന്നത്. നിയന്ത്രിക്കാൻ പോന്ന ഒരു പാപ്പാൻ വരുന്നിടത്തോളം കാലം കലീം സ്വാതന്ത്ര്യം എന്തെന്ന് അറിഞ്ഞിരുന്നില്ല. പ്രശ്നക്കാരൻ ആയതുകൊണ്ടുതന്നെ മേയാൻ പോലും കലീമിന് അനുവാദമില്ലായിരുന്നു. എന്നാൽ 1976ൽ പളനിച്ചാമി എന്ന ചെറുപ്പക്കാരനായ പാപ്പാൻ വരകളിയാറിലെത്തി. തനിക്കൊത്ത പാപ്പാനെന്ന് തോന്നിയതുകൊണ്ടാകും കലീമും പളനിച്ചാമിയും പെട്ടെന്ന് സൗഹൃദത്തിലായി. ആ സൗഹൃദം പിന്നീടൊരു ജൈത്രയാത്രയായി. പളനിച്ചാമി–കലീം കൂട്ടുകെട്ട് നേടാത്ത വിജയങ്ങളില്ല. അതിനിടെ മണി എന്ന പാപ്പാനും കലീമിനൊപ്പം ചേർന്നു. ഇരുവരും തമ്മിൽ പതിറ്റാണ്ടുകളായുള്ള ഇഴമുറിയാത്ത സ്നേഹബന്ധം ഇപ്പോഴും തുടരുകയാണ്. എന്താണ് ആനകളിലെ ‘കലിപ്പൻ’ കലീമിന്റെ കഥ? എങ്ങനെയാണ് അവൻ ലക്ഷണമൊത്തൊരു താപ്പാനയായി മാറിയത്?

∙ കൊലകൊല്ലിയെ ‘പറപ്പിച്ച’ കലീം
കാർഷിക വിളകൾ നശിപ്പിക്കുകയും മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ വിഹരിക്കുകയും ചെയ്യുന്ന, കൊലവിളിയോടെ നാട്ടിലേക്കിറങ്ങുന്ന കാട്ടാനകളെ കയ്യോടെ പിടികൂടി മെരുക്കിയെടുക്കുക എന്നതാണ് താപ്പാനകളുടെ പ്രധാന ജോലികളിലൊന്ന്. ഇതോടൊപ്പം നരഭോജി കടുവകളെ തുരത്തുകയെന്ന അപകടകരമായ ദൗത്യവുമുണ്ട്. അപകടത്തിൽപ്പെടുന്ന കാട്ടാനകളെയോ വന്യമൃഗങ്ങളെയോ രക്ഷിക്കാനും താപ്പാനകളിറങ്ങും. കാട്ടാനയുമായുള്ള ഏറ്റുമുട്ടൽതന്നെയാണ് ഇതിൽ ഏറ്റവും അപകടംപിടിച്ച പണി. ഏറ്റുമുട്ടലെന്നല്ല കണ്ടുനിന്നാൽ രണ്ട് കൂറ്റൻ മലകൾ തമ്മിലുള്ള യുദ്ധം എന്നുതന്നെ പറയേണ്ടിവരും. ഒന്നുപിഴച്ചാൽ ആനയ്ക്കും പാപ്പാനും മരണം ഉറപ്പ്. അക്രമികളായ കാട്ടാനകളെ മെരുക്കുകയും കാടുകയറ്റുകയുമായിരുന്നു കലീമിന്റെ പ്രധാന ദൗത്യം. അത്തരത്തിൽ അതിസാഹസികമായ 99 ഓപറേഷനുകളാണ് വിജയകരമായി കലീം പൂർത്തിയാക്കിയത്. പ്രശ്നക്കാരായ ഒറ്റയാനകളെ പൂട്ടാൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ചിട്ടുണ്ട് കലീം.
ഇടയ്ക്ക് വരകളിയാറിൽനിന്ന് കലീമിന്റെ സേവനം ആനമല ടോപ്‌സ്ലിപ്പിലേക്ക് മാറ്റിയിരുന്നു. (ബ്രിട്ടിഷുകാരുടെ കാലത്ത് മലമുകളിൽനിന്ന് നദിയിലേക്ക് മരങ്ങൾ വെട്ടിയിട്ട് ഒഴുക്കിക്കൊണ്ടു പോകുന്ന രീതിയുണ്ടായിരുന്നു ഇവിടെ. അങ്ങനെയാണ് ടോപ്‌സ്ലിപ് എന്ന പേരു വീണത്. ഇവിടെയായിരുന്നു കുറേക്കാലം കലീമിന്റെ ജീവിതം) കലീം ഒറ്റയ്ക്കല്ല അവനൊപ്പം എന്തിനും പോന്ന ഒരു ടീം തന്നെയുണ്ടായിരുന്നു– നഞ്ചൻ, ഭാരി, ഭരണി, വിഗ്നേശ്, റാം അങ്ങനെ ഒരൊത്ത നിര. അപാരമായ വേഗതയും മെയ്ക്കരുത്തുമാണ് കലീമിനെ വേറിട്ടുനിർത്തുന്നത്. നല്ല ഉടൽ നീളം, കനത്ത മസ്തകം, ബലിഷ്ഠമായ മുൻ-പിൻ കാലുകൾ (നട-അമരം), കൂർത്ത കൊമ്പ്... പത്ത് കാട്ടാനകൾ ഒറ്റയടിക്കു വന്നാലും ഒറ്റയ്ക്കു നിന്നു പൊരുതും കലീം. എതിരാളിക്ക് ഒരു പഴുതുപോലും കൊടുക്കാതെയുളള മിന്നലാക്രമണം, മസ്തകംകൊണ്ടുള്ള ഇടി, കൂർത്ത കൊമ്പു കൊണ്ടുള്ള തിരി, ചങ്ങല കൊണ്ടുള്ള അടി ഇതൊക്കെയാണ് കലീമിന്റെ സ്റ്റൈൽ. നേരെ വരുന്ന കാട്ടാനയുടെ ഉള്ളറിഞ്ഞ് അക്രമിക്കുകയാണ് രീതി. സ്നേഹത്തോടെയാണെങ്കിൽ സ്നേഹം, ഇനി വരവ് കലിപ്പിലാണെങ്കിൽ കലീമിന്റെ ചൂടറിഞ്ഞേ എതിരാളി തിരികെപ്പോകൂ.
ഇതുവരെ 99 വിജയകരമായ ഓപറേഷനുകളിൽ കലീം പങ്കാളിയായിട്ടുണ്ട്. രണ്ടു ദിവസത്തിനിടെ, പ്രശ്നക്കാരായ ആറ് കാട്ടാനകളെ പിടിച്ച് ലോറിയില്‍ കയറ്റിയ ചരിത്രവുമുണ്ട് കലീമിന്. കലീമുമായുള്ള ഏറ്റുമുട്ടലിൽ തോറ്റ് കൊലകൊല്ലി ഓടിയത് 5 കിലോമീറ്ററാണ്. പേപ്പാറയിൽ 15 ദിവസം ശ്രമിച്ചാണ് കൊലകൊല്ലിയെ കലീമിന്റെ നേതൃത്വത്തിൽ മെരുക്കിയത്. ഉദുമൽപേട്ടയിലെ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങി പൊതുജനങ്ങൾക്ക് ഭീഷണിയായ കൊലകൊമ്പൻ ചിന്നത്തമ്പി, കലീമിനെ കാണുമ്പോൾ ഇപ്പോഴും പേടിച്ച് ഓടുമെന്ന് മണി പറയാറുണ്ട്. കൊലകൊല്ലി വേട്ടയ്ക്കിടെയും പളനിച്ചാമിയെ തലനാരിഴയ്ക്കു രക്ഷിക്കാൻ കലീമിന് കഴിഞ്ഞിട്ടുണ്ട്. ഒരിക്കൽ ഒരു കുട്ടിയാന കിണറ്റിൽ വീണു. ദൗത്യത്തിന് പോകുന്നത് കലീമും സംഘവും. കിണറിനു ചുറ്റും ഏഴ് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. കലീമിനെ കണ്ടതും കാട്ടാനകൾ ഇളകി. കൂട്ടത്തിലെ വലുപ്പമേറിയ പിടിയാന ലക്ഷ്യം വച്ചത് കലീമിന്റെ പാപ്പാൻ പളനിച്ചാമിയെ. പിടിയാനയുടെ ഉദ്ദേശം മുൻകൂട്ടി കണ്ട കലീം ചങ്ങലയെടുത്ത് കൊടുത്തു പിടിയാനയ്ക്ക് ഒരടി. അതോടെ കൂടെയുള്ള കാട്ടാനകളെല്ലാം പറപറന്നു. ഇതൊക്കെയാണെങ്കിലും കലീമിനെ തൂക്കിയെറിഞ്ഞ് മുട്ടുകുത്തിച്ച ഒരാനയുമുണ്ട്.– ആനമല ഭരണി.
∙ കലീമിനെ ‘കരയിപ്പിച്ച’ ഭരണി
പൊള്ളാച്ചി ടോപ്‌സ്ലിപ്പിനടുത്തുള്ള ആനമല ടൈഗർ റിസർവിലെ ഉലാണ്ടി റേഞ്ചിലുള്ള ചെറിയ ഗോത്രമേഖലയാണ് കോഴിയമുത്തി ആന ക്യാംപ്. കടുവയും കാട്ടാനയും കരടിയുമൊക്കെയുള്ള കാടാണ് ആനമല ടൈഗർ റിസർവ്. സമീപത്തു മനുഷ്യവാസവുമുണ്ട്. അതിനാൽത്തന്നെ ആനക്യാംപിനു പറ്റിയ ഇടം. ഇവിടമായിരുന്നു കലീമിന്റെയും പളനിച്ചാമിയുടെയും പിന്നീട് മണിയുടെയും താവളം. ഒരു ദൗത്യം പൂർത്തിയാക്കി ക്യാംപിൽ കലീമും പളനിച്ചാമിയും വിശ്രമിക്കുന്ന സമയം. കലീമിനെ കാട്ടിൽ അഴിച്ചുവിട്ട് പതിവു തെറ്റിക്കാതെ പളനിച്ചാമി ചോറിളക്കാൻ പോയി. ഈ സമയം ആനപ്പന്തിയിൽ ഭരണിയെന്ന ആനയും ഉണ്ട്. ആനകളിൽ കഴിവും സാമർഥ്യവും ബുദ്ധിയും ഉള്ള കൊമ്പനായിരുന്നു ഭരണി. ടോപ്സ്ലിപ്പ് കോഴിയമുത്തി ആന ക്യാംപിൽ 1986ൽ ജനിച്ച കൊമ്പനായിരുന്നു ഇവന്‍. മറ്റു കൊമ്പന്മാർക്കൊപ്പം കുങ്കി ആനയായി ടോപ്‌സ്ലിപ്പിൽ കഴിഞ്ഞുവരുന്ന സമയം.
പന്തിയിൽ ഒരാന മറ്റ് ആനക്കാരെ അനുസരിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യാറില്ല. ഭരണിയെ നോക്കുന്ന മണി എന്ന യുവാവിന് അന്ന് കഷ്ടി 25 വയസ്സേ കാണൂ. ആനയ്ക്ക് ചോറുമായി വന്ന് അവൻ കൊടുത്തു തുടങ്ങി. ഭരണിക്ക് അന്ന് ഇരുപത്തിയഞ്ചിനോടടുത്ത പ്രായം, അഞ്ചടിക്കടുത്ത് പൊക്കം. ഒരു അഡാർ കൊമ്പനെന്നു പറയാം. കൊമ്പ് വണ്ണം വച്ചു വരുന്ന യൗവനനാളുകളിലായിരുന്നു അവൻ. കുട്ടി അല്ലേ എന്നു കരുതി ഒരു ഉരുള അധികം കൊടുക്കാനുറച്ച് പളനിച്ചാമി ഒന്നെടുത്ത് പയ്യനു കൊടുത്തു പയ്യൻ ആനയ്ക്കും കൊടുത്തു. ഇതൊക്കെ കണ്ട് മറുവശത്ത് ഒരുത്തൻ നിൽപുണ്ടായിരുന്നു. പളനിച്ചാമിയുടെ സ്വന്തം കലീം. പളനിച്ചാമി പതിവു ചോറ് അവനും കൊടുത്തു. മുഴുവൻ കഴിച്ച് മൂപ്പര് നിൽക്കാറുള്ള സ്ഥലത്തേക്കു നടന്നു. പളനിച്ചാമി പാത്രം വയ്ക്കാനും പോയി. പോകുന്ന പോക്കിന് കലീം ഭരണിക്കിട്ടൊന്നു കൊടുത്തു. ചിന്നംവിളി കേട്ട് ഓടിയെത്തിയ പളനിച്ചാമി കാണുന്നത് കലീം എന്ന ഭീമനെ നിലംതൊടാനാകാതെ നിർത്തിയിരിക്കുന്ന ഭരണിയെയാണ്!
പണി പഠിക്കുന്ന യൗവനം, ചോരതിളപ്പ്... ഭരണിയെ സംബന്ധിച്ച് ഇതെല്ലാം തികഞ്ഞു നിൽക്കുകയാണ്. ഇവിടെ പക്ഷേ അതൊന്നും അല്ല കലിപ്പിനു കാരണമായത്. കലീമിന് ഒരു ശീലമുണ്ട്. എതിരാളിയായ ആനയ്ക്കിട്ട് ആദ്യത്തെ അടി കഴിഞ്ഞാൽ രണ്ടാമത് തല പുറകോട്ട് ആഞ്ഞു വലിഞ്ഞ് വലതു കൊമ്പ് കോർത്ത് ഒരൊറ്റയടിയുണ്ട്. വർഷങ്ങളായുള്ള ശീലമാണ്. അതിവിടെയും തെറ്റിയില്ല. പക്ഷേ ഭരണിയുടെ കാര്യത്തിൽ കലീമിന്റെ കണക്കുകൂട്ടലെല്ലാം തെറ്റി. ഈ ഉയർത്തിയടിക്കു തല പൊക്കിയ കലീമിന്റെ താടയ്ക്ക് കുനിഞ്ഞു നിവർന്ന ആനക്കുട്ടി അനങ്ങാതെ നിന്നു. ഭരണിയുടെ ആ പ്രയോഗത്തിൽ നട (മുൻ കാൽ) കുത്താനാകാെത കലീം നിൽക്കുകയാണ്. കിലോമീറ്റർ അകലെനിന്നു നിര്‍ദേശം നൽകിയാലും പാപ്പാന്മാരെ അനുസരിക്കുന്ന പ്രകൃതമായതിനാല്‍ രണ്ടു പേരും പാപ്പാന്മാർ പറഞ്ഞതും കേട്ട് മിടുക്കന്മാരായി മാറിനിന്നു. പിണക്കമെല്ലാം തീർന്നു. ഇന്നും കലീമിന്റെ ആക്രമണത്തിൽനിന്ന് പരുക്കേൽക്കാതെ രക്ഷപ്പെട്ട ഒരേയൊരു ആനയാണ് ഭരണി.
∙ കലീമിന്റെ കണ്ണിലെ കൃഷ്ണ‘മണി’ പോലെ...
കലീമുമായി ഏറ്റുമുട്ടിയ ഭരണിക്കൊപ്പമുണ്ടായിരുന്ന മണിയെന്ന ചെറുപ്പക്കാരനെപ്പറ്റി നേരത്തേ പറഞ്ഞിരുന്നല്ലോ. ആ മണിയാണ് പിന്നീട് കലീമിന്റെ പ്രിയപ്പെട്ടവനായത്. പ്രായാധിക്യം കാരണം ഇടക്കാലത്ത് പളനിച്ചാമി വിരമിച്ചപ്പോൾ പകരം വന്നതാണ് മണി, പളനിച്ചാമിയുടെ ബന്ധുവായ ചെറുപ്പക്കാരൻ. കുട്ടിക്കാലം മുതൽക്കേ ക്യാംപിലായിരുന്നു ജീവിതം. ഇന്ന് അദ്ദേഹം അറിയപ്പെടുന്നതുതന്നെ ‘കലീം മണി’ എന്നാണ്. കാടിളക്കി വന്ന് കൊമ്പൻമാരെ കണ്ണുരുട്ടി, മൂർച്ചയുള്ള കൊമ്പുകൾ കാട്ടി പേടിപ്പിക്കുന്ന കലീം പക്ഷേ, മണി എന്ന പാപ്പാനു മുന്നിൽ ഒരു പൂച്ചയെപ്പോലെയാണ്. മണിക്ക് എഴു വയസ്സു പ്രായമുള്ളപ്പോഴാണ് കലീമിനോടൊപ്പം കൂടിയത്, വർഷങ്ങളുടെ ബന്ധം. ആനയും പാപ്പാനുമായി, പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകുന്ന രണ്ടു ജീവിതങ്ങൾ. മണിയുടെ ശബ്ദം ഒന്നു മാറിയാൽ കലീമിന് അറിയാം, അതുപോലെ കലീമിന്റെ സ്വഭാവത്തിൽ ഒരു ചെറിയ ഭാവവ്യത്യാസം വന്നാൽ അത് മണിയും തിരിച്ചറിയും. ടോപ്‌സ്ലിപ് ക്യാംപിലെ എറ്റവും കരുത്തനായ കുങ്കിയാനയായി കലീം മാറിയതിനു പിന്നിലും മണിയുടെ കരുതലും പരിശീലനവുമുണ്ട്. കലീം നടന്നു വരുന്നതു കണ്ടാൽ മറ്റുള്ള ആനകൾ പേടിച്ച് പത്തടി മാറി നിൽക്കുമെന്നു പറയുന്നു മണി.
‘‘സത്യമംഗലം കാട്ടിൽനിന്ന് കലീമിനെ പിടിച്ച് ഇവിടെ കൊണ്ടുവരുമ്പോൾ കലീമിന് ആറു വയസ്സ്, അന്ന് ചട്ടക്കാരനായി വന്നത് എന്റെ മാമനായിരുന്നു. മാമന്റെ ജാഗ്രതയോടെയുള്ള നോട്ടത്തിൽ രാജ്യത്തെ അറിയപ്പെടുന്ന കുങ്കി ആനകളിൽ ഒന്നായി കലീം വളർന്നു. ഞാനന്ന് മാമന്റെ സഹായിയായി കൂടെ ഉണ്ടായിരുന്നു. അന്നു നടന്ന ഒരു സംഭവം പറയാം. പാലക്കാട് ഒരു കാട്ടാനയെ പിടിക്കണം. വലുപ്പം നോക്കിയാൽ അത് കലീമിനേക്കാളുമുണ്ട്. രണ്ടുപേരും പൊരിഞ്ഞ യുദ്ധം. ഇതു കണ്ട് പേടിച്ച് ഞാൻ മരത്തിൽ കയറി. എന്നാൽ എന്റെ മാമന്‍ തന്റെ ധൈര്യം കലീമിലേക്ക് പകരുന്നത് അവിടെ വച്ച് ഞാൻ കണ്ടു. കലീം അടിച്ച അടിയിൽ ആ കാട്ടാന അന്ന് ഓടിയത് 30 കിലോമീറ്ററാണ്. ആനയും പാപ്പാനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നതും ആ സംഭവത്തോടെയാണ്.
അങ്ങനെ പത്ത് വർഷം ഞാൻ മാമന്റെ കൂടെ ഒന്നിച്ചു നിന്നു. ഒരു ദിവസം മാമൻ എന്നെ വീട്ടിലേക്ക് വിളിച്ചു, എന്റെ സമയം കഴിഞ്ഞു, ഇനി നീയാണ് കലീമിന്റെ കാവൽക്കാരനെന്ന് പറഞ്ഞു. ഇതു കേട്ടതും ഞാൻ ഞെട്ടിപ്പോയി. ഞാനും മാമനും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും കലീമിന്റെ ചട്ടക്കാരനായി അദ്ദേഹത്തിന്റെ മകനു പകരം എന്നെയാണു തിരഞ്ഞെടുത്തത്. പത്ത് വർഷം സഹായിയായി നിന്നിട്ടുണ്ടെങ്കിലും ഒന്നടുത്ത് വരാൻ പോലും കലീം സമ്മതിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എനിക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ എനിക്ക് ധൈര്യം തന്നത് മാമനാണ്. കലീമിലൂടെ നിന്റെ പേര് ആളുകളുടെ ഇടയിൽ ഉയർന്നുകേൾക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞാനന്ന് മറുപടിയൊന്നും പറഞ്ഞില്ല. അങ്ങനെ മാമൻ റിട്ടയർ ആയി. അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലായതായതോടെ കലീം അസ്വസ്ഥനായി. ഭക്ഷണം കഴിക്കുന്നതും കുറഞ്ഞു. എന്റെ മാമന്റെ വാക്കുകൾ മനസ്സിൽ വച്ച് ഞാൻ കലീമിനരികിലേക്ക് നടന്നു.
കലീമിനെ ആദ്യം ഒറ്റയ്ക്ക് അഴിക്കാൻ ശ്രമിച്ച സമയം ശരിക്കും പേടിച്ചു വിറച്ചിരുന്നു. എങ്ങനെയൊക്കെയോ ചങ്ങല അഴിച്ചുമാറ്റി, കുറച്ച് അകലെയുള്ള മറ്റൊരു മരത്തിലേക്ക് കലീമിനെ ഞാൻ ജാഗ്രതയോടെ മുന്നോട്ടു നയിച്ചു. കലീമിന്റെ ചങ്ങല ശബ്ദം അവിടമാകെ മുഴങ്ങി, അവന്റെ ചട്ടക്കാരനായി ഞാൻ മാറിയെന്ന കാര്യം അതിനോടകം ക്യാപിലെല്ലാവരും അറിഞ്ഞിരുന്നു. ആദ്യം അവർക്കെല്ലാം സംശയമായിരുന്നു, കലീം എനിക്കു വഴങ്ങുമോ എന്ന്. എന്നാൽ താമസിയാതെ, കലീം എന്നെ അൽപനേരം അരികിൽ ഇരിക്കാൻ അനുവദിച്ചു. കഴിഞ്ഞ 30 വർഷത്തിൽ കൂടുതൽ മാമ ഇരുന്ന് കലീമിന്റെ ചെവിയിൽ മന്ത്രിച്ച അതേ സ്ഥലത്ത് ഞാനും ഇരുന്നപ്പോൾ എനിക്ക് മനസ്സിലായി അവൻ എന്നെ അംഗീകരിച്ചു തുടങ്ങിയെന്ന്’’– മണിയുടെ വാക്കുകൾ. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പുത്തൻ വഴിത്തിരിവായിരുന്നു കലീമുമായുള്ള ബന്ധം. പളനിച്ചാമിക്കു നൽകിയ അതേ സ്നേഹവും ആദരവും കലീം മണിക്കും നല്‍കിയതോടെ പിന്നെ കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പമായി. പിന്നീടങ്ങോട്ട് ഓപ്പറേഷൻ മലൈ, ഓപ്പറേഷൻ മധുക്കരൈ മഹാരാജ്, ഓപ്പറേഷൻ അരസിരാജ, ഓപ്പറേഷൻ ചിന്നത്തമ്പി, ഓപ്പറേഷൻ ബാഹുബലി അങ്ങനെ എത്രയെത്ര ഏറ്റുമുട്ടലുകൾ.
∙ ‘കലിപ്പ്’ തീരാത്ത കലീം
ഭരണിയുമായുള്ള ഏറ്റുമുട്ടലിനു ശേഷം കലീമിനു പ്രത്യേക ശ്രദ്ധ കൊടുത്തായിരുന്നു പരിചരണവും ഭക്ഷണവും എല്ലാം. റാഗിയും ചോറുമാണ് കലീമിന്റെ പ്രധാന ഭക്ഷണം. മുതിരയും കരിമ്പും കൊടുക്കും. 100 ഗ്രാം വീതം ഉപ്പും ശർക്കരയും 150 ഗ്രാം നല്ലെണ്ണയും ഭക്ഷണത്തോടൊപ്പം പതിവാണ്. രാവിലെ എട്ടിനും വൈകുന്നേരം ആറിനുമാണ് ഭക്ഷണം. കുടിക്കാനും കുളിക്കാനും ശുദ്ധജലം നിർബന്ധം. ഇതൊക്കെയാണെങ്കിലും കലീം കൊടും വില്ലനുമാണ്. കൂട്ടത്തിൽ ആരെയും കൂസാത്ത കലീമിനെ മറ്റ് താപ്പാനകൾക്കും ഭയമാണ്. താപ്പാനകളിലെ കേമനായിരുന്ന ഐജി എന്ന കൊമ്പനെ കുത്തിക്കൊലപ്പെടുത്തിയവനാണ് കലീം. മദപ്പാടിലായിരിക്കെ കലീം കൊന്ന മറ്റൊരു താപ്പനയാണ് പല്ലവൻ. കാട്ടാനയുമായുള്ള മൽപിടിത്തത്തിനിടെ, തനിക്കു വഴങ്ങില്ലെന്ന് കണ്ടുകഴിഞ്ഞാൽ കുത്തികൊലപ്പെടുത്തുകയാണ് കലീമിന്റെ രീതി. ഇതുപോലെ ദൗത്യത്തിനിടയിൽ പല കാട്ടാനകളെയും കലീം കുത്തിക്കൊന്നിട്ടുണ്ട്. അതേസമയം പാപ്പാനോടാകട്ടെ വല്ലാത്ത സ്നേഹവും. കലീം കാണ്‍കെ മണിയുടെ േദഹത്ത് കൈയിടാൻ പോലും ബുദ്ധിമുട്ടാണെന്ന് സത്യം. മദപ്പാടിൽ നില്‍ക്കുമ്പോൾ പോലും സ്നേഹത്തോടെയുള്ള മണിയുടെ ഒരു വിളി മതി ശാന്തനാകാൻ. ആ സൗഹൃദത്തിന്റെ രഹസ്യം പക്ഷേ ഇപ്പോഴും അജ്ഞാതമാണ്. അതിനാൽത്തന്നെ ആനയോളം പ്രശസ്തി മണിക്കുമുണ്ട്. ഇനി പക്ഷേ കലീമിന് താപ്പാനജോലിയുടെ ഭാരമില്ല. മണിക്കും ഇനി ക്യാംപിൽ ആനയോടൊപ്പം വിശ്രമ ജീവിതം.
കഴിഞ്ഞ ദിവസം വിരമിക്കല്‍ ചടങ്ങിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് തമിഴ്നാട് വനംവകുപ്പ് കലീമിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. കലീം ഒഴിയുന്ന സ്ഥാനത്ത് ചിന്നത്തമ്പി എന്ന ആനയായിരിക്കും ഇനി മുതലെന്നാണ് റിപ്പോർട്ട്. നേരത്തേ കലീമിന്റെ കരുത്തറിഞ്ഞ കാട്ടാനയാണ് ചിന്നത്തമ്പിയും. കപിൽദേവ്, രാജവർധൻ, ശംഭു, അരസിരാജ തുടങ്ങിയ ആനകളുടെ പേരും കലീമിന്റെ പിൻഗാമിയായി ഉയർന്നുകേൾക്കുന്നുണ്ട്. കേരളത്തിലും കർണാടകയിലും ആന്ധ്രയിലും ബംഗാളിലുമുൾപ്പെടെ താപ്പാനയായി കലീം എത്തിയിട്ടുണ്ട്. ഓപറേഷനുകളുടെ എണ്ണത്തിൽ സെഞ്ചറിയടിക്കാൻ ഒരൊറ്റയെണ്ണം കൂടി മതിയായിരുന്നു, അതിനിടെയാണ് വിരമിക്കൽ. കണ്ണുനിറഞ്ഞാണ് ഫോറസ്റ്റ് ഓഫിസർമാർ കലീമിന് യാത്രയയ്പ്പു നൽകിയത്. ആ കണ്ണുകളിൽ പക്ഷേ പ്രതീക്ഷയുടെ തിളക്കവുമുണ്ടായിരുന്നു– ഒരങ്കത്തിനുള്ള ബാല്യം ഇനിയും കലീമിൽ ബാക്കിയുണ്ടെന്നതുതന്നെ കാരണം.
വിവരങ്ങൾക്കു കടപ്പാട്: കയ്യൊപ്പ്, ആനക്കാര്യം, ആനക്കഥകൾ
English Summary: The Majestic Elephant: Story of Tamil Nadu's Pride 'Kumki' Kaleem