വാനരവംശത്തിലെ മാംസഭോജികൾ

മനുഷ്യൻ ഉൾപ്പെടുന്ന വാനരവംശത്തിലാണ് ജന്മം. എങ്കിലും മനുഷ്യൻ എന്ന ബന്ധുവിന്റെ കയ്യിലിരിപ്പുമൂലം ഇന്ന് വംശനാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ജീവിയാണ് ടാർസിയെർ. തെക്കുകിഴക്കനേഷ്യയിലെ ദ്വീപുകളിൽ മാത്രം കണ്ടുവരുന്ന അത്യപൂർവജീവി.

ചെറിയ ശരീരത്തിനും മുഖത്തിനും ചേരാത്തവിധം വലിപ്പമുള്ള ഉണ്ടക്കണ്ണുകൾ, താരതമ്യേന വലിയ പാദങ്ങളോടുകൂടിയ നീണ്ട പിൻകാലുകൾ, മെലിഞ്ഞു നീണ്ട വാൽ, നീണ്ട വിരലുകൾ, എന്നിവയൊക്കെയാണ് ടാർസിയെറുടെ പ്രത്യേകതകൾ. വാൽ ഒഴിച്ചു നിർത്തിയാൽ വെറും മൂന്നര മുതൽ ആറിഞ്ചുവരെ നീളമേ ഇവയ്ക്കുള്ളൂ. ശരീരത്തിന്റെ ഇരട്ടിയോളം നീളം വാലിനുണ്ടാകും. ഏതു നേരവും മരങ്ങളിൽ മാത്രം കഴിച്ചു കൂട്ടുന്ന രാത്രിഞ്ചരന്മാരായ ജീവികളാണിവ. പൊതുവേ നാണം കുണുങ്ങികളായ ഇവ മനുഷ്യന്റെ കൺവെട്ടത്തുവരില്ല. ലോകത്തിൽ എത്രതരം ടാർസിയെറുകളുണ്ടെന്നും ഇനി എത്ര തരത്തിനെ കണ്ടെത്താനുണ്ടെന്നും കൃത്യമായി പറയാൻ ശാസ്ത്രലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

വാനരവംശത്തിൽ ലെമുറുകൾക്കും കുരങ്ങുകൾക്കുമിടിയിലുള്ള ജീവവർഗമായി ശാസ്ത്രജ്ഞർ ടാർസിയെറുകളെ കണക്കാക്കുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്തിലിന്ന് മൂന്നുതരം ടാർസിയെറുകളാണുള്ളത്. വെസ്റ്റേൺ, ഈസ്റ്റേൺ, ഫിലിപ്പിയൻ എന്നിവയാണവ. ഇവയിൽത്തന്നെ പതിനെട്ടോളം വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. പല സ്പീഷീസുകളിലും കണ്ണിന്റെയും ചെവിയുടെയും വലിപ്പം, സ്വഭാവം, ശബ്ദം തുടങ്ങിയവയിൽ വലിയ വ്യത്യാസങ്ങൾ കണ്ടുവരുന്നു.

വാനരവംശത്തിൽ പൂർണമായും മാംസഭോജികളായ ഒരേയൊരു ജീവി ടാർസിയെറാണ്. മരങ്ങളിൽ കാണുന്ന കീടങ്ങൾ, പല്ലികൾ, ചെറുപാമ്പുകൾ തുടങ്ങിയ ജീവികളെ ഇവ ഭക്ഷണമാക്കുന്നു. മരച്ചില്ലകളിലൂടെ ചാടിച്ചാടിയാണ് ഇവയുടെ സഞ്ചാരം. മരങ്ങളിൽ അള്ളിപ്പിടിക്കാനുള്ള ഗ്രിപ്പ് നൽകുംവിധമാണ് കാൽവിരലുകളുടെ അറ്റം. മരങ്ങളിലൂടെയുള്ള സഞ്ചാരത്തിന് നീണ്ട വാലും വേണ്ടവിധം സപ്പോർട്ട് ചെയ്യുന്നു. ടാർസിയെറുകളിലെ  ചില വിഭാഗക്കാർ കൂട്ടുകുടുംബമായും ചിലവ തീർത്തും ഏകാകികളായും കഴിയാനിഷ്ടപ്പെടുന്നു. മുതിർന്നവരെപ്പോലെ കട്ടിയുള്ള രോമക്കുപ്പായവും തുറന്ന കണ്ണുകളും ജനിച്ചുവീഴുന്ന ടാർസിയെർ കുഞ്ഞുങ്ങൾക്കുണ്ടാകും. ജനിച്ച് ഒരു മണിക്കൂറിനകം കുഞ്ഞുങ്ങൾ മരം കയറുകയും ചെയ്യും.

ഏതാണ്ടെല്ലാ വിഭാഗം ടാർസിയറുകളും ഇന്ന് കടുത്ത വംശനാശഭീഷണിയിലാണ് വനനശീകരണം, വേട്ടയാടൽ തുടങ്ങി മനുഷ്യന്റെ നാനാവിധമായ ശല്യപ്പെടുത്തലുകളാണ് പ്രധാന കാരണം.. വളർത്താനായും മനുഷ്യൻ ടാർസിയെറുകളെ പിടികൂടാറുണ്ടെങ്കിലും പാവങ്ങൾ അധികവും ചത്തുപോവുകയാണ് പതിവ്.