Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങൾക്കെതിരെ പോരാടിയ വനിത

Dr. Vandana Shiva

പരിസ്ഥിതി പ്രവർത്തനത്തിലെ പരമ്പരാഗത രീതികൾ മാറ്റിമറിച്ച പരിസ്ഥിതി പ്രവർത്തകയാണ് വന്ദന ശിവ. ബൗദ്ധിക സ്വത്തവകാശം ജനിതകമാറ്റം തുടങ്ങിയ വിഷയങ്ങളിലെ വിദഗ്ധരിൽ ഇന്ന് ലോകത്തെ മുൻനിരക്കാരിൽ ഒരാളായാണ് ഈ ഇന്ത്യാക്കാരി പരിഗണിക്കപ്പെടുന്നത്.

അറിവും അർപ്പണബോധവുമുള്ള പരിസ്ഥിതി പ്രവർത്തകയാണ് വന്ദന. ബസ്മതി അരി, വേപ്പ് തുടങ്ങിയ നമ്മുടെ തനത് ഇനങ്ങളെ പേറ്റന്റ് ചെയ്യാനുള്ള വിദേശികളുടെ ശ്രമങ്ങളെ ചെറുക്കാനും തോൽപ്പിക്കാനും വന്ദനയ്ക്കായി. 1952 നവംബർ അഞ്ചിനു ഡെറാഡൂണിലാണ് വന്ദന ശിവയുടെ ജനനം. അച്ഛനമ്മാരിൽ നിന്നാണ് ഇവർക്ക് പ്രകൃതിസ്നേഹം പകർന്നു കിട്ടിയത്. 1982 ൽ വന്ദന ശിവ ‘വന്ദന റിസർച്ച് ഫൗണ്ടേഷൻ ഫോർ സയൻസ് ടെക്നോളജി ആൻഡ് നാച്ചുറൽ റിസോഴ്സ് പോളിസി’ സ്ഥാപിച്ചു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടൻ വിത്തിനങ്ങളെ വീണ്ടെടുക്കാനും സംരക്ഷിക്കാനും ഇവർ മുന്നിട്ടിറങ്ങി.

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങൾക്കെതിരെ ആദ്യമായി ശബ്ദമുയർത്തിയ പരിസ്ഥിതിവാദികളിൽ ഒരാളാണ് വന്ദന. വൻകിട കുത്തക കമ്പനികളുടെ സാമ്പത്തിക താൽപര്യം സംരക്ഷിക്കാനുള്ള നീക്കമായാണ് ജനിതക വിത്തുകളെ അവർ കണ്ടത്. അതുമൂലമുണ്ടാകുന്ന വിപത്തുകൾ ആളുകൾ കണ്ടില്ലെന്നു നടിക്കരുതെന്ന് വന്ദന മുന്നറിയിപ്പു നൽകി.

1991ൽ നവധാന്യ എന്ന ദേശീയ പ്രസ്ഥാനത്തിന് വന്ദന ശിവ തുടക്കമിട്ടു. ജൈവപാരമ്പര്യം സംരക്ഷിക്കുക. നാടൻ വിത്തിനങ്ങളുടെ തനിമ നിലനിർത്തുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെയായിരുന്നു ഇതിന്റെ ലക്ഷ്യം. നൂറുകണക്കിനു വിത്തിനങ്ങളെ വീണ്ടെടുക്കാൻ നവധാന്യ മുന്നേറ്റത്തിനായി മുപ്പതിലേറെ വിത്തു ബാങ്കുകൾ നവധാന്യയുടെ ഭാഗമായി ഇന്ന് പ്രവർത്തിക്കുന്നുണ്ട്.

സാമൂഹിക ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഒട്ടേറെ ലോകസംഘടനകളുടെ മുൻനിരയിൽ വന്ദന ശിവയുണ്ട്. ജൈവവൈവിധ്യം, ജൈവസാങ്കേതികത തുടങ്ങിയവയിൽ അഗാധമായ ‍ജ്ഞാനമുള്ള വന്ദന പ്രഭാഷകയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും ലോകശ്രദ്ധ പിടിച്ചുപറ്റി.

സോയിൽ നോട്ട് ഓയിൽ, മാനിഫെസ്റ്റോസ് ഓൺ ദ് ഫ്യൂച്ചർ ഓഫ് ഫുഡ് ആൻഡ് സീഡ്, വാട്ടർ വാർസ് തുടങ്ങിയ പുസ്തകങ്ങളും ഒട്ടേറെ പ്രബന്ധങ്ങളും വന്ദന ശിവ എഴുതിയിട്ടുണ്ട്.