ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പാമ്പിന്റെ മുട്ട ഇത്തവണ വിരിയുമോ?

Image Credit: Ding Li

കാണാൻ ഭംഗിയുണ്ടെങ്കിലും പാമ്പുകളുടെ സൗന്ദര്യമൊന്നും പേടികാരണം പലരും ശ്രദ്ധിക്കാറില്ല. വഴുവഴുത്ത പ്രതലമായതിനാല്‍ തൊടാന്‍ അറപ്പു തോന്നുമെങ്കിലും നിറങ്ങള്‍ കൊണ്ടും ശരീരത്തിലെ ഡിസൈനുകള്‍ കൊണ്ടും  പല പാമ്പുകളും ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്. ഈ പാമ്പുകള്‍ക്കിടയിലെ സൗന്ദര്യധാമമാണ് ചേരയുടെ ഗണത്തില്‍ പെട്ട പേള്‍ ബ്രാന്‍ഡഡ്. ചൈനയില്‍ മാത്രം കണ്ടു വരുന്ന ഇവയുടെ ഇനത്തിലെ 20 ല്‍ താഴെ പാമ്പുകളെ മാത്രമെ ഇതുവരെ കണ്ടെത്തിയതായി രേഖകളുള്ളൂ. അതായത് ലോകത്തെ അപൂര്‍വയിനം പാമ്പുകളില്‍ ഒന്ന് കൂടിയാണ് പേള്‍ ബ്രാന്‍ഡഡ്.

1929 ല്‍ ചൈനയിലെ സിങ്ചുവാ പ്രദേശത്തു നിന്നാണ് ഈ പാമ്പിനെ ആദ്യമായി കണ്ടെത്തിയത്. ചേരയുടെ ഗണത്തില്‍പ്പട്ട പാമ്പായിട്ടു കൂടി അതിജീവനത്തിനുള്ള ഇവയുടെ കഴിവ് വളരെ പരിതാപകരമാണ്. ഇവയുടെ പ്രത്യുൽപാദനശേഷിയും വളരെ കുറവാണ്. അഞ്ചോ ആറോ വര്‍ഷത്തിലൊരിക്കലാണ് ഈ ഗണത്തിൽപ്പെട്ട പെണ്‍പാമ്പുകള്‍ മുട്ടയിടുന്നത്. ഇടുന്ന മുട്ടകള്‍ തന്നെ ഇതുവരെ വിരിഞ്ഞതായി ഗവേഷകര്‍ കണ്ടെത്തിയിട്ടില്ല. 

Image Credit: Ding Li

ഈ സാഹചര്യത്തില്‍ ചൈനയിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സ്, സെഷ്വാന്‍ ഫോറസ്റ്ററി അക്കാദമി എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി ഈ പാമ്പിന്‍റെ മുട്ട വിരിയിച്ചടുക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. ഡോ ഡിങ് ലീയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഇതു സംബന്ധിച്ച പഠനം നടത്തുന്നത്. 2014ല്‍ ലാബാ നേച്ചര്‍ റിസേര്‍വില്‍ നിന്നു ലഭിച്ച ആണ്‍ പാമ്പും പെണ്‍ പാമ്പും ഇണ ചേര്‍ന്നതിനെ തുടര്‍ന്നാണ് മുട്ടകള്‍ ലഭിച്ചത്. മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവ തമ്മില്‍ ഇണ ചേര്‍ന്നതും ഇതുവഴി അഞ്ച് മുട്ടകള്‍ ലഭിച്ചതും. 

ഈ മുട്ടകളെ കൃത്രിമമായി വിരിയിച്ചെടുക്കുക എന്നതാണ് ഇപ്പോള്‍ ഗവേഷകരുടെ ലക്ഷ്യം. പലപ്പോഴും പെണ്‍ പാമ്പുകള്‍ അടയിരിക്കാന്‍ താല്‍പ്പര്യമില്ലാതെ മുട്ട ഉപേക്ഷിക്കുന്നതാണ് കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കാന്‍ കാരണം. ഇതോടെയാണ് കൃത്രിമമായി മുട്ട വിരിയിക്കാന്‍ ഗവേഷകര്‍ മുന്‍കൈയെടുത്തത്. ഈ ശ്രമം വിജയിച്ചാല്‍ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പാമ്പു വര്‍ഗ്ഗത്തെ ഭൂമിയില്‍ നിലനിര്‍ത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.