മുരിക്കന്റെ ശുദ്ധജലം നൽകുന്ന കുളം, ജലശാസ്ത്ര വിസ്മയം!

കുട്ടനാട് ചിത്തിരക്കായലിൽ കാടു മൂടി ചെളി നിറഞ്ഞു കിടക്കുന്ന മുരിക്കന്റെ കുളം ജലശാസ്ത്ര വിസ്മയമാണ്. പത്തേക്കർ വിസ്തൃതിയുള്ള കുളത്തിനരികിലൂടെ, സമീപ കായലുകളിലെ ജനങ്ങൾ ശുദ്ധജലത്തിനായി അലയുമ്പോൾ പഴയ തലമുറ കുറ്റബോധത്തോടെ താഴേക്കു നോക്കും. എന്നിട്ടു മനസ്സിൽ പറയും. ഹാ കഷ്ടം! കിലോമീറ്ററുകൾ തുഴഞ്ഞും നടന്നും കാനുകളിൽ വെള്ളം കൊണ്ടുവന്നു കുടിക്കുമ്പോൾ മുറ്റത്തെ ചെപ്പ് ആരും കാണുന്നില്ലല്ലോ എന്നവരോർക്കും. 

ഉപ്പുനിറഞ്ഞ കുട്ടനാടൻ ജലാശയങ്ങൾക്കു നടുവിൽ ശുദ്ധജലം നൽകുന്ന കുളം എല്ലാവരും മറന്ന മട്ടാണ്. കായലിനു നടുവിലെ ശുദ്ധജല തടാകത്തിലെ വെള്ളം മാത്രമല്ല കാണാൻ മറക്കുന്നത്. ഉപ്പുവെള്ളത്തിനു നടുവിൽ എങ്ങനെ ശുദ്ധജലം സംഭരിക്കുന്നെന്നും ആരും തിരിച്ചറിയുന്നില്ല. മുരിക്കന്റെയും പഴംതലമുറയുടെയും നാടൻ ജലശാസ്ത്രത്തെ വെല്ലുന്ന സാങ്കേതിക വിദ്യ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പിറക്കുന്നില്ലല്ലോ.

ഭക്ഷ്യക്ഷാമം പരിഹരിക്കാൻ തിരുവിതാംകൂർ രാജാവിന്റെ നിർദേശം ഉൾക്കൊണ്ടു മുരിക്കൻ മൂട്ടിൽ തൊമ്മൻ ജോസഫ് എന്ന ജോസഫ് മുരിക്കൻ എന്ന കായൽ രാജാവിന്റെതാണ് ഈ കുളം. കായലിൽ മുട്ടിട്ടു ചിറ നിർമിക്കാൻ വന്ന മുരിക്കനു നേരിട്ട പ്രധാന വെല്ലുവിളി ശുദ്ധജലമാണ്. ആയിരക്കണക്കിനു തൊഴിലാളികൾ‌ക്ക് എവിടെ നിന്നു വെള്ളം കൊടുക്കും. ഒടുവിൽ ചിത്തിരക്കായലിൽ പള്ളിക്കു സമീപം പത്തേക്കർ വിസ്തൃതിയിൽ കുളം നിർമിച്ചു. പാടശേഖരത്തിലായാലും കായലിലായാലും കുഴിച്ചാൽ ഉപ്പുവെള്ളമാണ്. ചുറ്റും കല്ലു കെട്ടി അടിയിൽ കക്ക പാകി.

അങ്ങനെ അരിച്ചിറങ്ങുന്ന വെള്ളത്തിൽ ഉപ്പിന്റെ അംശം പോയി ശുദ്ധജലമായി. കക്കയുടെ പല അടുക്കുകൾ വിരിച്ചാണു മുരിക്കൻ ശുദ്ധീകരണ സംവിധാനം നിർമിച്ചത്. മുരിക്കന്റെ കുളത്തിൽ എന്നും ആവശ്യത്തിനു വെള്ളം. തന്റെ കായൽ തൊഴിലാളികൾക്കു പുറമെ സമീപ കായലുകളിൽ നിന്നുള്ളവർക്കും ഈ കുളത്തിൽ നിന്നു വെള്ളം കൊടുത്തു. കായൽ നിലങ്ങളുടെ ഉടമസ്ഥത കൈമറിഞ്ഞതോടെ കുളത്തിന്റെ പ്രത്യേകത ഏവരും മറന്നു. വർഷങ്ങൾ കഴിഞ്ഞതോടെ കുളം ചെളി നിറഞ്ഞു നാശമായി. 

പ്രകൃതി ദത്തമായ ശുദ്ധീകരണ സംവിധാനമാണു കുളത്തിൽ മുരിക്കൻ നടപ്പാക്കിയത്. തെളിനീരു പോലത്തെ ശുദ്ധ ജലമാണു കുളത്തിൽ നിന്നു ലഭിച്ചിരുന്നത്. എന്തെങ്കിലും പ്രത്യേകതയുള്ള സ്ഥലമാണോ കുളത്തിനായി തിരഞ്ഞെടുത്തത് എന്ന് അറിയില്ല.