ബോട്ടിനെ വിഴുങ്ങാന്‍ വാ പൊളിച്ചു നില്‍ക്കുന്ന തിമിംഗല സ്രാവ്; ചിത്രങ്ങൾ കൗതുകമാകുന്നു

Image credit: Tom Cannon

ഓസ്‌ട്രേലിയന്‍ ഫൊട്ടോഗ്രാഫറായ ടോം കാനനാണ് ഭീതിപ്പെടുത്തുന്നതും എന്നാല്‍ അപൂർവവുമായ ഈ ചിത്രങ്ങള്‍ ലഭിച്ചത്. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തു വച്ചാണ് ഈ  സംഭവം നടന്നത്. കടല്‍പ്പരപ്പിലൂടെ നീങ്ങിക്കൊണ്ടിരുന്ന ഒരു ചെറു ബോട്ടിനെ കൂറ്റന്‍ തിമിംഗലസ്രാവ് അനുഗമിക്കുകയായിരുന്നു. ബോട്ടിനേക്കാള്‍ വലിപ്പമുണ്ടായിരുന്ന സ്രാവ് പുറകെ കൂടിയതോടെ ഒരു ആക്രമണം ഉണ്ടായേക്കുമോ എന്ന് യാത്രക്കാരും ഭയപ്പെട്ടു. 

എന്നാല്‍ തിമിംഗലസ്രാവുകള്‍ ബോട്ടുകളെയോ മനുഷ്യരെയോ ആക്രമിക്കാറില്ലെന്ന് അറിയാവുന്ന ടോം കാനന്‍ തനിക്കു ലഭിച്ച സന്ദര്‍ഭം പാഴാക്കാന്‍ തയ്യാറായില്ല. തിമിംഗലം ബോട്ടിന്റെ കൂടെ സഞ്ചിരിക്കുന്നുണ്ടെന്ന് മനസിലാക്കിയ  ടോം വെള്ളത്തിലേക്കു  ചാടി .തന്റെ ക്യാമറയില്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.  ബോട്ടിനു താഴെ തിമിംഗലം വാ പിളര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ തിമിംഗലത്തിന്റെ വലിപ്പവും ബോട്ടിന്റെ സ്ഥിതിയും വ്യക്തമായി മനസ്സിലാക്കി തരുന്നവയാണ്.

Image Credit: Tom Cannon

ഈ ചിത്രങ്ങള്‍ കണ്ടാല്‍ തിമിംഗലത്തെ കണ്ടു ഭയപ്പെട്ട ബോട്ടു യാത്രക്കാരെ ആരും കുറ്റപ്പെടുത്തില്ല. ഇത്ര വലിയൊരു ജീവി അന്‍പതു മിനിട്ടോളമാണ് ആ ബോട്ടിനെ പിന്തുടര്‍ന്നത്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കു ഭയം തോന്നിയത് സ്വാഭാവികമാണെന്നാണ് ടോം വിശദീകരിച്ചത്. ഏറെ പണിപ്പെട്ടാണ് ബോട്ടിന്റെ ക്യാപ്റ്റനും ജീവനക്കാരും യാത്രക്കാരെ ശാന്തരാക്കിയതെന്നും ടോം വിശദീകരിച്ചു.

ഏതാണ്ട് 15 മീറ്റര്‍ നീളമുണ്ടായിരുന്നു സ്രാവിനെന്നാണു കണക്കാക്കുന്നത്. 12 മീറ്റര്‍ മാത്രമായിരുന്നു ബോട്ടിന്റെ നീളം.സാധാരണയായി കടലിന്റെ മുകള്‍ത്തട്ടില്‍ അധികം കാണപ്പെടാത്ത ജീവികളാണ് തിമിംഗലസ്രാവുകള്‍. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള സമയത്താണ് ഇവ കടല്‍പ്പരപ്പിലേക്കെത്തുക. തങ്ങളെ അലോസരപ്പെടുത്തുന്ന എന്തു സംഭവിച്ചാലും നീന്തിയകലുന്ന സ്വഭാവമാണ് ഇവയുടേത്. എന്നിട്ടും ബോട്ടിനു സമീപം തന്നെ തിമിംഗല സ്രാവ് ഏറെ നേരം തുടര്‍ന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.