‘നരകത്തിന്റെ താഴികക്കുടം’ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു കാഴ്ചയായിരുന്നു അത്. തിളച്ചു മറിയുന്ന അഗ്നിപര്‍വതത്തിൽ നിന്നുള്ള ലാവ അത്തരത്തിലൊരു രൂപം ധരിച്ചതായിരുന്നു ആ ചിത്രം. യുഎസ് ജിയോളജിക്കല്‍ സര്‍വേ(യുഎസ്ജിഎസ്) ചിത്രം ട്വീറ്റ് ചെയ്തപ്പോള്‍ പലര്‍ക്കും അറിയേണ്ടിയിരുന്നത് അത് എവിടെ നിന്നുള്ള കാഴ്ചയാണെന്നായിരുന്നു. അന്വേഷിച്ചപ്പോള്‍ ഹവായ് ദ്വീപസമൂഹങ്ങളിലെ ‘കിലവയ’ അഗ്നിപര്‍വതത്തില്‍ നിന്നാണെന്നറിഞ്ഞു. പക്ഷേ സംഗതി ഇപ്പോഴൊന്നുമല്ല സംഭവിച്ചത്. ഏകദേശം അര നൂറ്റാണ്ടു മുന്‍പ്. ‘മോന യുലു ഇറപ്ഷന്‍’ എന്നറിയപ്പെടുന്ന പൊട്ടിത്തെറിയുടെ ഭാഗമായി രൂപപ്പെട്ടതായിരുന്നു ആ ലാവ കൊണ്ടുള്ള താഴികക്കുടം. 1969ലുണ്ടായ ആ സംഭവത്തിന്റെ ചിത്രമാണ് യുഎസ്ജിഎസ് പുറത്തുവിട്ടതും ലോകം കണ്ട് അന്തംവിട്ടതും.
1969 ഒക്ടോബറിലായിരുന്നു ശാസ്ത്രലോകത്തെ അമ്പരപ്പിച്ച ഈ സംഭവം. ഒക്ടോബര്‍ 10 മുതല്‍ 13 വരെ വന്‍തോതിലാണ് അഗ്നിപര്‍വതത്തില്‍ നിന്നു ലാവ പുറത്തേക്കൊഴുകിയത്. ചില സമയത്ത് അത് 30 അടി വരെ ഉയരമുള്ള താഴികക്കുടങ്ങളെ സൃഷ്ടിച്ചു. ഒരു ഘട്ടത്തില്‍ 65 അടി വരെയാണ് അതുയര്‍ന്നത്. ലാവയുടെ ഒരു കുമിള എന്നാണ് ഒറ്റനോട്ടത്തില്‍ അതു തോന്നുക. എന്നാല്‍ അതായിരുന്നില്ല സത്യം. ലാവ സൃഷ്ടിക്കുന്ന താഴികക്കുടം പൊട്ടിയൊലിക്കുന്ന കാഴ്ചയും ഗവേഷകര്‍ പുറത്തുവിട്ടു. വെള്ളച്ചാട്ടം പോലെയായിരുന്നു ലാവാപ്രവാഹം. അതായത് കുമിളയായിരുന്നില്ല, ലാവ കൊണ്ട് ഒരു ഭീമന്‍ ഉരുള ഉരുട്ടിയതു പോലുള്ള കാഴ്ചയാണു ഗവേഷകര്‍ക്കു ലഭിച്ചതെന്നു ചുരുക്കം. ഇത്തരത്തിലുള്ള ലാവാ ഫൗണ്ടന്‍ ഡോമുകള്‍ സൃഷ്ടിക്കപ്പെടുന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. എന്നാല്‍ അപൂര്‍വമായേ ഇതിന്റെ ചിത്രങ്ങള്‍ ലഭിക്കാറുള്ളൂ.
ലാവ പുറത്തേക്കു വരുന്നതിനൊപ്പം വായു കൂടി ചേര്‍ന്നാണ് കുമിള സൃഷ്ടിക്കപ്പെടുന്നത്. സ്‌ട്രോയിലൂടെ ഊതി നമ്മള്‍ കുമിളകള്‍ സൃഷ്ടിക്കാറില്ലേ, അതുപോലെ ലാവ ഒഴുകിയെത്തുന്ന ട്യൂബില്‍ നിന്നു പലതരം വാതകങ്ങളും പുറന്തള്ളപ്പെടാറുണ്ട്. ഇവ രണ്ടും ചേര്‍ന്നാണ് ഇത്തരം ഡോമുകളുണ്ടാകുന്നത്. സാധാരണ ഗതിയില്‍ ഇത് 10-20 മീറ്റര്‍ വരെയേ ഉയരാറുള്ളൂ. എന്നാല്‍ 500 മീറ്റര്‍ വരെ ഉയരത്തില്‍ലാ വാ താഴികക്കുടങ്ങള്‍ സൃഷ്ടിക്കപ്പെട്ട സംഭവങ്ങളുമുണ്ട്. 1969ല്‍ മാത്രം 12 ഇടത്താണ് ഇത്തരത്തില്‍ ഡോമുകള്‍ സൃഷ്ടിക്കപ്പെട്ടത്. അതിലൊന്നിന്റെ ഉയരമാകട്ടെ 1770 അടി വരെ ഉയര്‍ന്നു. മണിക്കൂറുകളെടുത്ത് ലാവ ഒഴുകുന്നതിനിടെ പലപ്പോഴും ഇതു സംഭവിക്കാറുണ്ട്. എന്നാല്‍ ഇത്തരം ഡോമുകള്‍ ഏറെ നേരം നമുക്കു മുന്നില്‍ ദൃശ്യമാകുമെന്നു കരുതരുത്. കുമിളകള്‍ പോലെത്തന്നെയാണ്, ഏതാനും മിനിറ്റുകള്‍ മാത്രമേ ആയുസ്സുള്ളൂ. കൃത്യമായിപ്പറഞ്ഞാല്‍ ഏതാനും മിനിറ്റുകള്‍ മാത്രം. അത്തരമൊരു ഘട്ടത്തിലാണ് 20 മീറ്റര്‍ ഉയരത്തിലുള്ള ലാവാ ഡോമിന്റെ ചിത്രം യുഎസ്ജിഎസിനു ലഭിക്കുന്നതും.
സാധാരണ ഗതിയില്‍ ഫൗണ്ടന്‍ പോലെയൊക്കെയാണ് ഇത്തരം ഡോമുകളുടെ നില്‍പ്. എന്നാല്‍ യുഎസ്ജിഎസിനു മുന്നില്‍ തെളിഞ്ഞതാകട്ടെ കൃത്യമായ ആകൃതി കൈവരിച്ച ഒരു താഴികക്കുടവും! ഈ ഡോമിന്റെ ചിത്രം ലഭിക്കുന്നതിനു മുന്‍പ് ഒന്‍പതു തവണ മേഖലയില്‍ ലാവാപ്രവാഹമുണ്ടായിരുന്നു. എന്നാല്‍ ഫോട്ടോയില്‍ പതിഞ്ഞ ഡോം ലഭിക്കുന്ന സമയത്ത് 74 മണിക്കൂറാണ് ലാവാപ്രവാഹമുണ്ടായത്. നേരത്തേ ഉണ്ടായിരുന്നതിനേക്കാള്‍ രണ്ടിരട്ടി നേരം. ഈ മൂന്നു ദിവസത്തിനിടെ അഗ്നിപര്‍വതത്തിന്റെ പടിഞ്ഞാറെ മുഖത്ത് ലാവാഡോമുകള്‍ പല തവണ രൂപപ്പെട്ടു. എന്നാല്‍ പലതും വളരെ ചെറുതും അധികം ആയുസ്സില്ലാത്തവയുമായിരുന്നു.
അഗ്നിപര്‍വതമുഖത്തിന്റെ കിഴക്കുഭാഗത്തു നിന്നായിരുന്നു 20 മീറ്റര്‍ വലുപ്പമുള്ള ഡോം രൂപപ്പെട്ടത്. ഇവിടെ നിന്നുള്ള ലാവ പടിഞ്ഞാറോട്ട് ഒരു നദി പോലെ ഒഴുകുകയും ചെയ്തു. അവിടെയാകട്ടെ വിവിധ തരം വാതകങ്ങള്‍ പുറന്തള്ളുന്ന നേരവും. അങ്ങനെ അതുവഴിയും ചെറുഡോമുകള്‍ സൃഷ്ടിക്കപ്പെട്ടു. ഒക്‌ടോബറിലാണ് ഫൗണ്ടന്‍ ഡോമുകള്‍ ഉണ്ടായതെങ്കിലും അതിനു മുന്‍പേ തന്നെ അഗ്നിപര്‍വതം പൊട്ടിത്തുടങ്ങിയിരുന്നു. കൃത്യമായിപ്പറഞ്ഞാല്‍ 1969 മേയ് 24ന് തുടങ്ങിയ ലാവാപ്രവാഹം അവസാനിച്ചത് 1974 ജൂലൈ 22നായിരുന്നു! 2200 വര്‍ഷത്തിനിടെ ‘കിലവയ’ അഗ്നിപര്‍വതത്തിലുണ്ടായ ഏറ്റവും വലിയ പൊട്ടിത്തെറിയായിരുന്നു അത്!