Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട് തുടിക്കുന്ന കബനീതീരം

Elephants

നൂറുക്കണക്കിനു മാനുകളുള്ള കൂട്ടത്തിനു സമീപത്തൂകൂടി ഗാംഭീര്യത്തോടെ നടന്നുനീങ്ങുന്ന ഒരു കടുവ. മാനുകളുടെ തിളങ്ങുന്ന കണ്ണുകളിൽ ഒന്നിൽപോലുമില്ല ഭയം. കടുവയുടെ നോട്ടത്തിലാകട്ടെ ഇവയൊന്നും തന്റെ ഇര മൃഗമാണെന്നുമില്ല.  ഇതാണ് കാടെന്ന ലോകം. വിശപ്പടക്കാനല്ലാതെ ഒരു വന്യമൃഗവും അതിന്റെ ഇരയെ വേട്ടയാടാറില്ല. അഥവാ വേട്ടയാടാനാണ് വരവെങ്കിൽ ഇരയ്ക്ക് അതു തിരിച്ചറിയാം. വേട്ടയാടൽ പല മൃഗങ്ങൾക്കും ഒരു വിളയാട്ടമാണ്. 

Deers

ജീവൻ രക്ഷിക്കാൻ ഓ‌ടുന്ന ഇരയും പശിയടക്കാൻ അതിനെ പിന്തുടരുന്ന വന്യമൃഗവും. ഒടുവിൽ ഇര വീഴും. വേട്ടക്കാരൻ വിശപ്പടക്കും. ഇര തേടലിന് കാട്ടിൽ എല്ലാ മൃഗങ്ങൾക്കും ഓരോ  നിയമങ്ങളുമുണ്ട്. സംഘം ചേർന്ന് ഒരു മൃഗത്തെ വേട്ടയാടുന്ന മൃഗങ്ങളുണ്ട്. ഒറ്റയ്ക്കൊറ്റയ്ക്ക് വേട്ടയാടി പശിയടക്കുന്നവരുണ്ട്. ഇരതേടലിനുള്ള കാനന  നിയമം ഒരു വന്യജീവിയും തെറ്റിക്കാറില്ല.

കബനിയെന്ന ജീവനാഡി 

Tiger

വയനാട്ടിൽ നിന്നാരംഭിക്കുന്ന കബനിയാണ് ചെറുതും വലുതുമായ അനേകായിരം മൃഗങ്ങളുടെ ജീവൻ നിലനിർത്തുന്നത്. കരയിലെ ആനയും കാട്ടുപോത്തും മാനും പന്നിയും കടുവയും പുഴയിലെ ചീങ്കണ്ണിയും മൽസ്യവും മറ്റ് ജലജീവികളും കബനിയുടെ കാരുണ്യത്തിലാണ് കഴിയുന്നത്. പുഴയിലും കരയിലുമായി വസിക്കുന്ന അനേകം ഇനം പക്ഷികളുടെ ആവാസ മേഖലയും ഈ സ്ഥലം തന്നെ. 

കബനിയിലെ കാഴ്ച

Animals

പശ്ചിമഘട്ട വനനിരകളിൽ വന്യജീവികളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രമായ കബനീതീരത്ത്   വന്യമൃഗങ്ങൾക്ക് നിലനിൽപിനായുള്ള പോരാട്ടം കാണം.  നാനാതരം മൃഗങ്ങൾ കബനിയുടെ ഇരുകരകളിലുമായി കഴിയുന്ന കാഴ്ച വിസ്മയകരമാണ്. കർണാടകയിലെ നാഗർഹൊളെ, ബന്ദിപ്പുര കടുവാ സങ്കേതങ്ങൾക്ക് അതിർത്തി തിരിക്കുന്ന കബനിയുടെ കരയിലേക്ക് വേനൽ ആരംഭത്തിലേ മൃഗങ്ങളുടെ കുടിയേറ്റമാണ്. 

crocodile

ഈ വനമേഖലയോട് ചേർന്നുള്ള തമിഴ്നാട്ടിലെ മുതുമല കടുവാ സങ്കേതം, വയനാട് വന്യജീവി സങ്കേതം എന്നിവയിലെ പലതരം മൃഗങ്ങളും വേനലിൽ സുരക്ഷിത താവളം തേടി കബനിക്കരയിലെത്തുന്നു. വേനലാരംഭത്തിലേ വരണ്ടുണങ്ങുന്ന വനമേഖലയിൽ നിന്ന് പച്ചപ്പിന്റെയും നനവിന്റെയും തുരുത്തുകൾ തേടി മൃഗങ്ങൾ പലായനം ചെയ്യുന്നു. മഴക്കാലം വരെ നദീതീരമാണ് ഇവരുടെ വാസസ്ഥലം. 

മാതൃസ്നേഹം

Elephants

മനുഷ്യരെപ്പോലെയോ അതിൽകൂടുതലോ മാതൃസ്നേഹം പ്രകടിപ്പിക്കുന്നവരാണ് കാട്ടിലെ പല മൃഗങ്ങളും . ആന തന്നെ ഉദാഹരണം. കൊമ്പനും പിടിയാനുകളുമുള്ള കൂട്ടത്തിൽ ഒരു കുട്ടിയാനയുണ്ടെങ്കിൽ ജാഗ്രതയേറെയായിരിക്കും. എല്ലാവരും കാതുകൂർപ്പിച്ചിരിക്കും. 

River Kabani

തങ്ങളുടെ കൂട്ടത്തിനു നേരെയുള്ള ഒരു നോട്ടം പോലും ആനകളെ അസ്വസ്ഥരാക്കും. ചിലപ്പോൾ അക്രമകാരികളാക്കും. ആനക്കുട്ടികളുള്ള  ആനക്കൂട്ടമാണ് പലപ്പോഴും ചീറിപ്പാഞ്ഞുവരുന്നത്. കുരങ്ങ്, മാൻ, കാട്ടുപോത്ത് എന്നിവകളിലും പ്രകടമായ മാതൃസ്നേഹം കാണാം.

കാത്തുസൂക്ഷിക്കുന്ന കാട് 

Elephant

കേരളാതിർത്തിയിലെ കൊളവള്ളി മുതൽ കർണാടകയിലെ ഗുണ്ടത്തൂർ ഗ്രാമം വരെ നീളുന്ന കബനി ജലാശയത്തിലും കരയിലും കഴിയുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ ഈ പ്രദേശത്തെ കോർ ഏരിയയായി പ്രഖ്യാപിച്ച് രാവും പകലും വനപാലകർ കാവലിരിക്കുന്നു. സഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശനമില്ല. വന്യമൃഗങ്ങളുടെ ആവാസത്തിന് കോട്ടം സംഭവിക്കാതിരിക്കാനാണ് കർശന നിയന്ത്രണങ്ങൾ.