സ്വീഡനിലെ കെബ്നെ കൈസെ എന്ന പര്‍വ്വതനിരയിലെ വടക്കന്‍ ശിഖരത്തിന് അപ്രതീക്ഷിതമായി ഒരു അംഗീകാരം ലഭിച്ചു. സ്വീഡനിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി എന്ന അംഗീകാരമാണ് ഈ വടക്കന്‍ ശിഖരത്തിന് ലഭിച്ചത്. ഇതിനു കാരണം ഈ കൊടുമുടിയുടെ ഉയരം കൂടിയതല്ല മറിച്ച് അതേ പര്‍വ്വതനിരയിലെ തെക്കന്‍ കൊടുമുടിയുടെ വലുപ്പം കുറഞ്ഞതാണ്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് സ്വീഡനിലെ ഗിരിരാജന്റെ ഉയരത്തിനു തിരിച്ചടിയായത്.
ഒരു മാസം മുന്‍പ് വരെ സമുദ്ര നിരപ്പില്‍ നിന്ന് 2101 മീറ്ററായിരുന്നു ഈ തെക്കന്‍ കൊടുമുടിയുടെ ഉയരം. രണ്ടാഴ്ചയ്ക്കുള്ളില്‍ 2097 ആയി ഈ കൊടുമുടിയുടെ ഉയരം കുറഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പ് ഉയരം രണ്ട് മീറ്റര്‍ കൂടി കുറഞ്ഞു. ഇതിനിടെ തന്നെ ഇപ്പോള്‍ തെക്കന്‍ കൊടുമടിയില്‍ നിന്ന് ഒന്നര മീറ്ററോളം അധികം ഉയരമുള്ള വടക്കന്‍ കൊടുമുടി സ്വീഡനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എന്ന പദവിയും സ്വന്തമാക്കി.
1880ല്‍ തെക്കന്‍ കൊടുമുടിയുടെ ഉയരം 2123 മീറ്റർ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 1954ല്‍ ഇത് 2122 ആയിരുന്നു. അതായത് പിന്നീടുള്ള കാലഘട്ടത്തിലാണ് തെക്കന്‍ കൊടുമുടിയുടെ ഉയരത്തില്‍ വലിയ അളവില്‍ കുറവുണ്ടായതെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 1995 മുതല്‍ ഒരു വര്‍ഷത്തില്‍ ഒരു മീറ്റര്‍ എന്ന തോതില്‍ കെബ്നെ കൈസെയുടെ തെക്കന്‍ കൊടുമുടിയുടെ ഉയരം കുറഞ്ഞുവെന്നും ഗവേഷകര്‍ വ്യക്തമാക്കി.
പര്‍വ്വതത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന തര്‍ഫോള നിരീക്ഷണ കേന്ദ്രത്തിലെ ഗവേഷകരാണ് ഈ നിര്‍ണ്ണായകമായ കണ്ടെത്തല്‍ നടത്തിയത്. മേഖലയിലെ ശരാശരി താപനിലയില്‍ ഒരു ഡിഗ്രിയോളം വർധനവ് കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടെ ഉണ്ടായെന്നും ഇവര്‍ പറയുന്നു