വെള്ളപ്പൊക്ക കാലത്തും മാലിന്യവാഹിനിയായി പമ്പ!

ഓരോ വെള്ളപ്പൊക്കത്തിലും കൂടുതൽ മാലിന്യവാഹിനിയായി മാറുകയാണ് പമ്പ. തോടുകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യമാണ് വെള്ളത്തിലൂടെ ആറ്റിലെത്തുന്നത്. പമ്പയിൽ സംഗമിക്കുന്ന തോടുകളിലെല്ലാം വൻതോതിൽ മലിന വസ്തുക്കൾ തള്ളുന്നുണ്ട്. വീടുകളിലെ ഉപയോഗശൂന്യമായ സാധനങ്ങളെല്ലാം തോടുകളിലേക്ക് വലിച്ചെറിയുകയാണ്. ഇട്ടിയപ്പാറ വയലിൽ തള്ളുന്ന മാലിന്യവും തോട്ടിലേക്കാണ് ഒഴുകുന്നത്.

അങ്ങാടി പഞ്ചായത്ത് മാമുക്ക് പാലത്തിനു സമീപം തള്ളുന്ന മാലിന്യവും ഒഴുകിയെത്തുന്നത് പമ്പാനദിയിലാണ്. വേനൽക്കാലത്ത് അവ തോടുകളിൽ കെട്ടിക്കിടക്കും. മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ ഒഴുകി ആറ്റിലെത്തും. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വൻതോതിൽ ആറ്റിലെത്തിയിട്ടുണ്ട്. മിക്ക തോടുകളിലും മരങ്ങൾ വളർന്നു നിൽക്കുകയാണ്. തോടിനു കുറുകെ വീണു കിടക്കുന്ന മരങ്ങളുമുണ്ട്. അവയിൽ ഒട്ടേറെ മലിന വസ്തുക്കൾ അടിഞ്ഞു കിടപ്പുണ്ട്. പഞ്ചായത്തുകൾ അടിയന്തരമായി ഇടപെട്ട് ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ വേനൽക്കാലത്ത് ആറ്റിൽ ശേഷിക്കുന്നത് മാലിന്യമാകും.