Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിലെ വായുമലിനീ കരണം അപകടകരമായ തലത്തിലേക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ അയൽ സംസ്ഥാനങ്ങളിൽ വൻ തോതിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിച്ചതാണു ഡൽഹിയിലെ വായുമലിനീകരണം അപകടകരമായ തലത്തിലേക്ക് ഉയർന്നതിനു കാരണമെന്നു സൂചന.നഗരത്തിലെ പത്തു സ്ഥലങ്ങളിൽ വായു മലിനീകരണം അതീവ ഗുരുതരമായ സ്ഥിതിയിലാണ്. അന്തരീക്ഷ വായു നിലവാര സൂചികയിൽ 367 ആണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഏറ്റവും ഗുരുതരമായ മലിനീകരണത്തെയാണു സൂചിപ്പിക്കുന്നതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പറയുന്നു.

 Delhi Air Pollution

ദേശീയ തലസ്ഥാന മേഖലയിൽ ഉൾപ്പെടുന്ന ഗാസിയാബാദിലാണ് ഏറ്റവും രൂക്ഷമായ മലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഫരീദാബാദ്, ഗുരുഗ്രാം, നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. 

ആനന്ദ് വിഹാർ, അശോക് വിഹാർ, ബവാന, മഥുര റോഡ്, ജഹാംഗിർപുരി, മുണ്ട്‍ക, നരേല, പഞ്ചാബി ബാഗ്, രോഹിണി എന്നിവിടങ്ങളിലും മലിനീകരണം രൂക്ഷമാണ്. ഉപഗ്രഹ ചിത്രങ്ങളിലും ഡൽഹിയിലെ മലിനീകരണത്തിന്റെ തോത് വ്യക്തമാണെന്ന് അധികൃതർ പറയുന്നു. നഗരത്തിൽ പുകമഞ്ഞു കെട്ടിനിൽക്കുന്നതാണു സ്ഥിതി വഷളാക്കുന്നത്. 

മലിനീകരണം അപകടനിലയ്ക്കു മുകളിലെത്തിയതു കണക്കിലെടുത്ത് ലക്ഷ്മി നഗറിലെ വെൽഡിങ്, പെയിന്റിങ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനു നിർദേശം നൽകി. 

പൈപ്പിലൂടെയുള്ള പ്രകൃതിവാതകത്തിലേക്കു മാറാത്തതിനു 113 വ്യവസായ യൂണിറ്റുകൾ അടച്ചുപൂട്ടാൻ ലഫ്. ഗവർണർ അനിൽ ബൈജലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വിവിധ സ്ഥലങ്ങളിലെ മലിനീകരണം നിരീക്ഷിക്കാൻ ‘പരിസ്ഥിതി കാവൽക്കാരെ’ നിയോഗിച്ചതായും ഡൽഹി മലിനീകരണ നിയന്ത്രണ സമിതി ഉദ്യോഗസ്ഥർ അറിയിച്ചു. 

നിലപാട് കടുപ്പിച്ച് സുപീംകോടതി

വായു മലിനീകരണം കാരണം പൊതുജനങ്ങൾക്കു പ്രഭാത നടത്തം പോലും ഒഴിവാക്കേണ്ട സാഹചര്യമാണെന്ന മാധ്യമ വാർത്തകൾ പരാമർശിച്ചു സുപ്രീംകോടതി. 10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളും 15 വർഷം കഴിഞ്ഞ പെട്രോൾ വാഹനങ്ങളും നിരോധിച്ചുള്ള ഉത്തരവിനിടെയാണു മാധ്യമ വാർത്തകളും കോടതി ചൂണ്ടിക്കാട്ടിയത്. 

ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉപജീവനത്തിനായി രാവിലെ മുതൽ പണിയെടുക്കുന്ന ആളുകളുടെ ദുരിതം നിങ്ങൾക്കു മനസ്സിലാകുമോയെന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സൊളിസിറ്റർ ജനറൽ എ.എൻ.എസ്.നദ്കർണിയോടു ജസ്റ്റിസുമാരായ മദൻ ബി.ലൊക്കുർ, എസ്.അബ്ദുൽ നസീർ, ദീപക് ഗുപ്ത എന്നിവരുൾപ്പെടുന്ന ബെഞ്ച് ചോദിച്ചു. ഗുരുതരമായ വായു മലിനീകരണത്തിനിടയിലും ഇത്തരം ജോലികൾ ചെയ്യാൻ പാവങ്ങൾ നിർബന്ധിതരാവുകയാണ്. മലിനീകരണം തടയാൻ ഉദ്യോഗസ്ഥർ ഉണർന്നു പ്രവർത്തിക്കണം. 

delhi-air-pollution

ബവാന, നരേല, ദ്വാരക ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ ചിത്രങ്ങൾ അമിക്കസ് ക്യൂറി കോടതിക്കു കൈമാറി. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെ കുറ്റപ്പെടുത്തുമ്പോൾ, വിലകൂടിയ ഡീസൽ കാറുകളിൽ നഗരവാസികൾ സഞ്ചരിച്ച് മലിനീകരണം സൃഷ്ടിക്കുന്നത് ആരും കാണുന്നില്ലെന്നു അമിക്കസ് ക്യൂറി പറഞ്ഞു. ചിത്രങ്ങൾ സ്ഥിതിയുടെ ഗൗരവം ബോധ്യപ്പെടുത്തുന്നെന്നും ഇതുസംബന്ധിച്ചു രണ്ടു ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാർ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. വിഷയം ഒന്നിനു വീണ്ടും കോടതി പരിഗണിക്കും. 

മറ്റുള്ളവരെ കുറ്റപ്പെടുത്തി ഡൽഹി

നഗര മേഖലയിലെ വായു മലിനീകരണത്തിന് ഉത്തരവാദികൾ കേന്ദ്ര സർക്കാരും ഹരിയാന, പഞ്ചാബ് സംസ്ഥാന സർക്കാരുകളെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ഡൽഹി സർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തിയിട്ടും കേന്ദ്ര സർക്കാരും പഞ്ചാബ്, ഹരിയാന സർക്കാരുകളും ഉദാസീനമായ നിലപാടാണു സ്വീകരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ കർഷകരും സർക്കാർ നിലപാടിൽ പ്രതിഷേധമുള്ളവരാണെന്നും കേജ്‍രിവാൾ പറഞ്ഞു.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) വായു മലിനീകരണത്തിനു കാരണമെന്നാണ് ആരോപണം.എന്നാൽ, വായു മലിനീകരണം തടയാനുള്ള അടസ്ഥാന കാര്യങ്ങൾപോലും ചെയ്യാതെ മറ്റുള്ളവരെ കുറ്റംപറയുകയാണ് മുഖ്യമന്ത്രിയെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു.

delhi-air-pollution

വായു ശുദ്ധീകരണികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന സർക്കാരുകളും വേണ്ട നടപടികൾ സ്വീകരിച്ചതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.അതിനിടെ, വായു മലിനീകരണം തടയാൻ നിർമാണ പ്രവൃത്തികൾ ഉടൻ നിർത്തിവയ്ക്കാൻ ബിജെപി ഭരിക്കുന്ന നഗരസഭകൾക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി നിർദേശം നൽകി.