ലോകത്തിന്‍റെ പല മേഖലകളിലായി ഇനിയും മനുഷ്യര്‍ കണ്ടെത്താത്തതും തിരിച്ചറിയാത്തതുമായ ഒട്ടേറെ ജന്തു സസ്യജാലങ്ങളുണ്ട്. അതു കൊണ്ടു തന്നെയാണ് ഇപ്പോഴും എല്ലാ വര്‍ഷവും നൂറില്‍പ്പരം ജീവികളെയെങ്കിലും ലോകത്തു പുതിയതായി കണ്ടെത്തുന്നത്. പക്ഷെ തെക്കന്‍ മെക്സിക്കോയില്‍ നിന്ന് ഗവേഷകര്‍ ഒരു പുതിയ പാമ്പിനത്തെ കണ്ടെത്തിയ വിധം സമാനതകളില്ലാത്തതാണ്. മറ്റൊരു പാമ്പിന്‍റെ വയറിനുളളിൽ നിന്നാണ് ഈ പുതിയ പാമ്പിനെ ഗവേഷകര്‍ കണ്ടെത്തിയത്. അതും നാല്‍പ്പതു വര്‍ഷം മുന്‍പ് ഗവേഷകര്‍ പിടികൂടിയ പാമ്പിന്‍റെ വയറ്റില്‍ നിന്ന്.
"ദി ക്യൂരിയസ്‍ കേസ് ഓഫ് കണ്‍സ്യൂമ്ഡ് ചിയാപിന്‍ കോളുബ്രോയിഡ് " നാല്‍പ്പത് വര്‍ഷം കണ്‍മുന്നിലുണ്ടായിട്ടും തിരിച്ചറിയാതെ പോയ ഈ പുതിയ പാമ്പിന്‍റെ കണ്ടെത്തലിനെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. 1970 കളിലാണ് മെക്സിക്കോയിലെ കടല്‍പ്പാമ്പുകളിൽ ഏറ്റവും വിഷമേറിയ ഇനമായ സെന്‍ട്രല്‍ അമേരിക്കന്‍ കോറല്‍ സ്നേക്കില്‍ ഒന്നിനെ ഗവേഷകര്‍ക്കു ലഭിക്കുന്നത്. കരയില്‍ കയറിയ സമയത്ത് പ്രാദേശിക എണ്ണപ്പന കൃഷിക്കാരനായ ഒര്‍നലോസ് മാര്‍ട്ടി ഈ പാമ്പിന പിടികൂടുകയായിരുന്നു.
പാമ്പിനെ വിശദമായി പരിശോധിക്കുന്നതിനിടെ വയറു കീറിയ ഗവേഷകര്‍ അതിന്‍റെ ഉള്ളില്‍ മറ്റൊരു പാമ്പിന്‍റെ ദഹിച്ച് തുടങ്ങിയ ശരീരം കണ്ടെത്തി. പത്ത് ഇഞ്ച് മാത്രം വലിപ്പമുള്ള ഈ പാമ്പ് കരയിലെ പാമ്പാണെന്നു തിരിച്ചറിഞ്ഞതോടെ കടല്‍പാമ്പുകളെക്കുറിച്ചു ഗവേഷണം നടത്തുകയായിരുന്ന അവര്‍ അതു കാര്യമാക്കിയില്ല. പാമ്പിനെ ലാബില്‍ സംരക്ഷിച്ച് വയ്ക്കാന്‍ ഏല്‍പ്പിച്ചു. പിന്നീട് ഈ പാമ്പിനെ പരിശോധനയ്ക്കായി പുറത്തെടുക്കുന്നതു നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ്.
സെനാസ്പിസ് എനിഗ്‌മ
കോറല്‍ സ്നേക്കിന്‍റെ വയറ്റില്‍ നിന്നു ലഭിച്ച പത്തിഞ്ചു മാത്രം വലിപ്പമുള്ള കുട്ടി പാമ്പിന് ഗവേഷകര്‍ നല്‍കിയ പേരാണ് സെനാസ്പിസ് എനിഗ്‌മ , അഥവാ ഭക്ഷണമാക്കപ്പെട്ട രഹസ്യ പാമ്പ് എന്നത്. ഇത് വരെ ഈ പാതി ദഹിച്ച ശരീരമല്ലാതെ സെനാസ്പിസ് എനിഗ്‌മ ഇനത്തില്‍ പെട്ട മറ്റൊരു പാമ്പിനെയും ഗവേഷകര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഈ പാമ്പിനെ ലഭിച്ച ചിയാപിന്‍ മേഖലയില്‍ ഗവേഷകര്‍ ഇതിനു വേണ്ടി തിരച്ചില്‍ നടത്തുകയാണ്.
എന്നാല്‍ കണ്ടെത്താന്‍ കഴിയാത്തതിന്‍റെ അര്‍ത്ഥം ഇവ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായെന്നതല്ല എന്ന് ഗവേഷകരില്‍ ഒരാളായ ജോനാതന്‍ ഹാംപ്റ്റൺ പറയുന്നു. തീരെ ചെറിയ പാമ്പുകളായതിനാല്‍ തന്നെ ഇവയ്ക്ക് പുറം ലോകത്തിന്‍റെ കണ്ണില്‍ പെടാതെ വേഗം ഒളിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ കൂടുതല്‍ തിരച്ചില്‍ നടത്തിയാല്‍ വൈകാതെ ഈ കുട്ടിപാമ്പിന്‍റെ ജനുസ്സിലെ കൂടുതല്‍ അംഗങ്ങളെ കണ്ടെത്താനാകും എന്നതാണ് ഗവേഷകരുടെ പ്രതീക്ഷ. ടെക്സാസ് സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷക സംഘമാണ് 1976 ല്‍ ഈ കുട്ടിപാമ്പിനെ കണ്ടെത്തിയത്, ഇതേ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് ഇപ്പോള്‍ പാമ്പിനെ വീണ്ടും പുറത്തെടുത്തതും, ഇവ ഒരു പുതിയ വിഭാഗമാണെന്നു തിരിച്ചറിഞ്ഞതും.
തവിട്ട് നിറം , പ്രാണികളും മണ്ണിരകളും പ്രധാന ആഹാരം.
പാതി ദഹിച്ചെങ്കിലും ലഭ്യമായ വിവരങ്ങള്‍ വച്ച് പാമ്പിനെക്കുറിച്ചു ഗവേഷകര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. വിഷമില്ലാത്ത ഇനമാണ് ഈ ചെറുപാമ്പുകള്‍. കോറല്‍ സ്നേക്കിന്‍റെ വയറ്റിനുള്ളില്‍ നിന്നും ലഭിച്ച പാമ്പ് ആണ്‍ പാമ്പാണെന്നും ഗവേഷകര്‍ കണ്ടെത്തി. ഇവയുടെ വാലിന്‍റെ വീതിക്കൂടുതലും, തലയുടെ വലുപ്പവും കണക്കാക്കിയാണ് ഇതുവരെ മെക്സിക്കോയില്‍ നിന്നു കണ്ടെത്തിയിട്ടുള്ള പാമ്പിനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഈ ചെറു പാമ്പെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
തവിട്ടു നിറത്തിലുള്ള ത്വക്കാണ് പാമ്പിനുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. കട്ടിയുള്ള പുറന്തോടുകള്‍ പോലും കടിച്ചു പൊട്ടിക്കാന്‍ തക്ക ബലമുള്ളവയാണ് ഈ പാമ്പുകളുടെ താടിയെല്ലുകളും പല്ലുകളും. അതിനാല്‍ തന്നെ പുറന്തോടോടു കൂടിയ പ്രാണികളും, അട്ടകളും ഇവയുടെ ആഹാരമാണെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. ശരീരപ്രകൃതി വച്ച് മണ്ണില്‍ മാത്രം ജീവിക്കുന്നവയാണ് ഇത്തരം പാമ്പുകളെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു. ഏതയാാലും ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി പാമ്പിനെ പുതിയ ഇനമായി അംഗീകരിക്കണമെന്ന് ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിനോട് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍. ഒപ്പം ഈ ഇനത്തില്‍ പെട്ട കൂടുതല്‍ പാമ്പുകളെ കണ്ടെത്താനുള്ള കഠിനമായ പരിശ്രമത്തിലും.