മഞ്ഞിൽ പുതഞ്ഞ് മൂന്നാർ; താപനില മൈനസ് 2 ‍ഡിഗ്രി സെൽഷ്യസ്

idukki-munnar
SHARE

മൂന്നാറിൽ രണ്ടാം ദിവസമായ ഇന്നലെയും താപനില പൂജ്യത്തിന് താഴെ എത്തി, മൂന്നാർ ടൗൺ മൈനസ് 2 ‍ഡിഗ്രി സെൽഷ്യസ്.നല്ലതണ്ണി മൈനസ് 1,ചിറ്റുവരൈ, ചെണ്ടുവരൈ, കുണ്ടള, മാട്ടുപ്പെട്ടി മൈനസ് 3 ഡിഗ്രി സെൽഷ്യസ്. തുറസായ സ്ഥലത്ത് പാർക്ക് ചെയ്ത വാഹനങ്ങളുടെ മുകളിൽ മഞ്ഞുറഞ്ഞു കിടന്നു. 

വിദേശികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ തണുപ്പ് ആസ്വദിക്കാൻ മൂന്നാറിലേക്ക് എത്തുന്നുണ്ട്. ഇന്നലെ ഹർ‌ത്താൽ ആയിട്ടും രാജമലയിൽ 700 പേർ എത്തി. താപനില മൈനസ് ഡിഗ്രിയിലെത്തുന്നത് തേയിലക്കൃഷിക്ക്  ദോഷകരമാണ്.

snow
മഞ്ഞണിഞ്ഞു മൂന്നാർ.. മൂന്നാറിൽ പൊതുസ്ഥലത്തു പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിൽ മഞ്ഞു വീണപ്പോൾ.

കനത്ത മഞ്ഞ് വീഴ്ച തേയിലത്തോട്ടങ്ങളെയും പ്രതികൂലമായി ബാധിച്ചു തുടങ്ങി. തേയിലക്കൊളുന്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞ് കണങ്ങളിൽ രാവിലെ സൂര്യപ്രകാശം ഏൽക്കുന്നതോടെ അവ പെട്ടെന്ന് വാടിക്കരിയും. സാധാരണ 15 ദിവസത്തിൽ ഒരിക്കലാണ് കൊളുന്ത് ശേഖരിക്കുന്നത്.   ശൈത്യ കാലത്ത് കൊളുന്ത് ഇലകൾ കരിഞ്ഞുണങ്ങുന്നത് മൂലം ഉൽപാദനത്തിലും വൻ കുറവുണ്ടാകും.

കോട്ടയം വിറയ്ക്കുന്നു
കേരളത്തിന്റെ ശൈത്യകാലം ജനുവരിയിലേക്കു കാലുമാറിയപ്പോൾ തണുപ്പിന്റെ കാര്യത്തിൽ മറ്റൊരു റെക്കോർഡ് കൂടി ഉറപ്പിച്ച് കോട്ടയം. പുതുപ്പള്ളി റബർ ബോർഡ് ആസ്ഥാനത്തെ താപമാപിനിയിൽ ഇന്നലെ രേഖപ്പെടുത്തിയത് 16 ഡിഗ്രി സെൽഷ്യസ്;  ചരിത്രത്തിലെ ഏറ്റവും തണുപ്പേറിയ ജനുവരിമാസമെന്ന റെക്കോർഡിലേക്കാണ് കോട്ടയം വിറച്ചുകയറുന്നത്.

ഇതിനു മുമ്പ് കോട്ടയത്ത് അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില  2005 ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 15 ഡിഗ്രി ആയിരുന്നു. 2000 ഡിസംബർ 13 ന്  16.2 ഡിഗ്രി അനുഭവപ്പെട്ടു. 1975 ജനുവരിയിൽ  16.9 ഡിഗ്രിയും. നെടുമ്പാശേരി വിമാനത്താവളത്തിൽ (സിയാൽ)  2006 ഫെബ്രുവരി എട്ടിന്  14.8 ഡിഗ്രി രേഖപ്പെടുത്തി.

പുനലൂരിൽ 1956 ഡിസംബർ 11 ന് 15 ഡിഗ്രി രേഖപ്പെടുത്തി. 1968 ജനുവരി എട്ടിന് പുനലൂരിൽ അനുഭവപ്പെട്ട 12.9 ആണ് കേരളത്തിലെ താഴ്വര പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില. ഇനിയും താപനില താഴുമോ എന്ന് കാത്തിരിക്കയാണ് നിരീക്ഷകർ.

കോട്ടയത്തു മാത്രമല്ല, രാജ്യവ്യാപകമായി താപമാപിനികളിലെ രസനിരപ്പ് ഏറ്റവും താഴേക്കു പോയ ദിനമായിരുന്നു ഇന്നലത്തേത്. അമൃത്‌സറിലെ 1.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താഴ്വര പ്രദേശങ്ങളിൽ അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില. മൂന്നാർ ഉൾപ്പെടെ ഹൈറേഞ്ച് മേഖല  മൈനസിൽ തട്ടി മഞ്ഞിലേക്കു വീണുകിടന്നു. മണ്ണിനു മീതേ മഞ്ഞിനു കിടക്ക ഒരുക്കി മൂടിപ്പുതച്ച് ഭൂമിയും.

Munnar-freez

അതേസമയം കർണാടകത്തിലെ കടലോര നഗരമായ കാർവാറിൽ രേഖപ്പെടുത്തിയ 36 ഡിഗ്രിയാണ് ഇന്നലത്തെ ഏറ്റവും കൂടിയ താപനില. ചൂടാകുന്ന കാര്യത്തിൽ കോട്ടയവും ഇന്നലെ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. 34 ഡിഗ്രിയായിരുന്നു ഉച്ചസയമത്ത്. കുറഞ്ഞ താപനിലയുടെ ഇരട്ടിയും പിന്നിട്ട പ്രകടനം. രണ്ടു താപനിലകളും തമ്മിലുള്ള അന്തരം പത്തിൽ കൂടിയാൽ  മരുഭൂസമാനമായ സാഹചര്യം ഭാവിയിൽ ഉണ്ടാകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കേരളത്തിൽ അടുത്ത ദിവസങ്ങളിലൊന്നും മഴയ്ക്കു സാധ്യതയില്ല.

വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ട കുറഞ്ഞ താപനില: 
കേരളം: കോട്ടയം (16), സിയാൽ (17), ആലപ്പുഴ, തൃശൂർ, കണ്ണൂർ വിമാനത്താവളം, കരിപ്പൂർ (18), തിരുവനന്തപുരം, പുനലൂർ, കോഴിക്കോട് (20). ശബരിമല (21). ന്യൂഡൽഹി (7),   കൊൽക്കത്ത (12),  ബെംഗളൂരു, മൈസൂരു (13),  മുംബൈ (14), കോയമ്പത്തൂർ (16), മംഗളൂരു (18), ചെന്നൈ (20). ഇതിൽ 15 ഡിഗ്രിക്കു താഴെയുള്ള ഏതു സ്ഥലത്തു പോകുമ്പോഴും കമ്പിളി കരുതുന്നതാണ് നല്ലത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA