ഒഴിഞ്ഞ പറമ്പിൽ നിറയെ പെരുമ്പാമ്പുകൾ; എട്ടെണ്ണത്തെ പിടികൂടി!

കോഴിക്കോട് നഗരത്തിലെ ഒഴിഞ്ഞ പറമ്പിൽ നിന്നു പിടികൂടിയത് എട്ടു പെരുമ്പാമ്പുകളെ. മൂര്യാട് പാലത്തിനു സമീപത്തെ കാടുപിടിച്ച പറമ്പിൽ നിന്നാണ് മാത്തോട്ടം വനശ്രീയിൽ നിന്ന് എത്തിയവർ‌ പെരുമ്പാമ്പുകളെ പിടികൂടിയത്. മൂര്യാട് പുഴയോരത്തു മത്സ്യം പിടിക്കുന്നവരാണ് പറമ്പിൽ പെരുമ്പാമ്പുകളുള്ള കാര്യം വനശ്രീ അധികൃതരെ അറിയിച്ചത്.

മണ്ണുമാന്തിയന്ത്രം കൊണ്ടു വന്നു കാടുവെട്ടി വെടിപ്പാക്കിയ ശേഷമാണ് പാമ്പുകളെ പിടികൂടിയത്. മാത്തോട്ടം വനശ്രീയിലെ താൽക്കാലിക ജീവനക്കാരൻ പന്നിയങ്കര സ്വദേശി ലൈജുവാണ് പെരുമ്പാമ്പുകളെ പിടിച്ചത്. ഇവ ഇവിടെ തമ്പടിച്ചിട്ടു മാസങ്ങളായെന്നാണ് പരിസരവാസികൾ പറയുന്നത്. ഒട്ടേറെ തെരുവുനായ്ക്കളുണ്ടായിരുന്നു പ്രദേശത്ത്. അടുത്തകാലത്തായി ഇവയുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.

ഇതിനു കാരണം ഈ പറമ്പിലെ പെരുമ്പാമ്പുകളാണെന്നാണ് പരിസരവാസികൾ പറയുന്നത്. പറമ്പിന്റെ കുറച്ചു ഭാഗത്തെ കാടുകൾ കൂടി വെട്ടാനുണ്ട്. അവിടെയും പെരുമ്പാമ്പുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇപ്പോൾ പിടിച്ചവയെ മാത്തോട്ടം വനശ്രീയിൽ സൂക്ഷിക്കുകയാണ്. അടുത്ത ദിവസം തന്നെ വയനാട്ടിലെ ഉൾക്കാടുകളിലേക്കു തുറന്നു വിടും. കുറച്ചു മാസങ്ങൾക്കു മുൻപ് കുണ്ടൂപറമ്പിലെ ഒഴിഞ്ഞ പറമ്പിൽ നിന്നു ആറു പെരുമ്പാമ്പുകളെ പിടിച്ചിരുന്നു.