പുതുവർഷം പിറന്നതിൽ പിന്നെ ഒരു തുള്ളി മഴ പോലും കിട്ടാതെ കേരളം. തണുപ്പകലുന്നതിനാൽ ചില സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിഗമനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുന്ന ന്യൂനമർദമാണ് നേരിയതാണെങ്കിലും മഴയുടെ വാതായനം തുറന്നത്.
ഇതിന്റെ ഫലമായി ആകാശം ഭാഗികമായി മേഘാവൃതമായതോടെയാണ് തണുപ്പ് കുറഞ്ഞു തുടങ്ങിയത്. ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില പുനലൂരിലാണ് രേഖപ്പെടുത്തിയത്; തണുപ്പ് 19 ഡിഗ്രി സെൽഷ്യസും ചൂട് 35.5 ഡിഗ്രിയും. കോട്ടയം, സിയാൽ കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലും രാവിലത്തെ തണുപ്പിന്റെ കാഠിന്യം കുറഞ്ഞ് താപനില 22 ഡിഗ്രിയായി.
അതേസമയം വൈക്കത്തും കൊടുങ്ങല്ലൂരും ശനിയാഴ്ച 1 സെമീ വീതം മഴ രേഖപ്പെടുത്തി. ജനുവരി 1 മുതൽ 23 വരെയുള്ള 3 ആഴ്ച കേരളത്തിൽ ഒരിടത്തും ഒരു തുള്ളി മഴ പോലും പെയ്തില്ല. സംസ്ഥാനത്ത് മഴ ഏറ്റവും കുറവുള്ളത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. ശരാശരി 2 സെമീ വരെ മഴ ഈ കാലയളവിൽ കിട്ടാറുള്ളതാണ്.