യമുന നദിയിലെ മലിനീകരണം: ഹരിയാനക്കെതിരെ ജല ബോർഡ്

River-yamuna1
SHARE

യമുനാ നദിയിലെ മലിനീകരണം തടയുന്നതിനു ഹരിയാന സർക്കാർ ആത്മാർഥമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഡൽഹി ജല ബോർഡ് (ഡിജെബി) ഹൈക്കോടതിയിലേക്ക്. യമുനാ നദിയിൽ ഏറ്റവും കൂടുതൽ മാലിന്യങ്ങൾ തള്ളുന്ന സംസ്ഥാനം ഹരിയാനയാണെന്നും എന്നാൽ ഇക്കാര്യത്തിൽ കർശന നടപടികൾക്ക് ഹരിയാന തയാറാകുന്നില്ലെന്നുമാണു ജല ബോർഡ് ആരോപിക്കുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഡൽഹിയാണ്.

വ്യവസായ മാലിന്യം ഉൾപ്പെടെയുള്ളവ വലിയതോതിലാണു ഹരിയാനയിൽ യമുനയിലേക്കു തള്ളുന്നത്. ഡൽഹിയുടെ കുടിവെള്ള സ്രോതസ് ഇല്ലാതാക്കുന്ന രീതിയിലാണു മാലിന്യപ്രശ്നം രൂക്ഷമാകുന്നതെന്നും ഡിജെബി ചൂണ്ടിക്കാട്ടുന്നു. വസീറാബാദിൽ കുടിവെള്ളത്തിനായി ജലം ശേഖരിക്കുന്ന കുളത്തിലെ ജലം ശുദ്ധീകരിക്കാൻ പോലും സാധിക്കാത്ത തരത്തിൽ മലിനമാണ്.

യമുനയിലെ ജലമാണ് ഈ കുളത്തിൽ ശേഖരിക്കുന്നത്. യമുനയിലെ ജലത്തിൽ അമോണിയയുടെ അംശം വളരെ കൂടുതലായതിനാൽ വസീറാബാദ്, ചന്ദ്രവാൾ, ഓഖ്‍ല എന്നിവടങ്ങളിലെ ജലശുദ്ധീകരണ പ്ലാന്റുകളിൽ ശുദ്ധീകരിക്കുന്ന ജലത്തിന്റെ അളവ് 30 ശതമാനത്തോളം കുറയ്ക്കാൻ നിർബന്ധിതമായെന്നും ജല ബോർഡ് പറയുന്നു.

യമുനയിലേക്ക് ഒഴുകിയെത്തുന്ന ജലസ്രോതസുകൾ ഹരിയാന ജല വകുപ്പിന്റെ കീഴിലാണെന്നും എന്നാൽ ജലം മലിനമാകാതിരിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഡിജെബി ആരോപിക്കുന്നു. ഹരിയാന ജല വകുപ്പിന്റെ മൗനാനുവാദത്തോടെ യമുനയിൽ പലസ്ഥലത്തും അനധികൃത ബണ്ടുകൾ നിർമിച്ചിട്ടുണ്ട്. ഇതും ജല മലിനീകരണത്തിനു കാരണമാവുന്നു. മലിനീകരണം അവസാനിപ്പിക്കാൻ കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ്, കേന്ദ്ര സർക്കാർ എന്നിവയെയും വിഷയത്തിൽ കക്ഷിചേർക്കണമെന്നും കർശന ഇടപെടലുണ്ടാവണമെന്നും ഡൽഹി ജല ബോർഡ് ഹൈക്കോടതിയിൽ ആവശ്യപ്പെടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA